ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിനുപിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനം ഒഴിയാനിരുന്ന രാഹുല്‍ ദ്രാവിഡ് ട്വന്റി 20 ലോകകപ്പ് വരെ തുടര്‍ന്നതിനുപിന്നില്‍ ഒരു ഫോണ്‍ കോള്‍ ആയിരുന്നു. നവംബറില്‍ സ്ഥാനമൊഴിയാനിരുന്ന തന്നെ പിന്തിരിപ്പിച്ച ആ ഫോണ്‍ വിളിക്കപ്പുറത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ആയിരുന്നുവെന്ന് കിരീടനേട്ടത്തിനുശേഷം ഡ്രസിങ് റൂമില്‍ നടത്തിയ ചെറു പ്രസംഗത്തില്‍ ദ്രാവിഡ് വെളിപ്പെടുത്തി. റണ്ണുകളുടെയും വിക്കറ്റുകളുടെയും കണക്കുകള്‍ക്കപ്പുറം ഇതുപോലുള്ള മനോഹര നിമിഷങ്ങളാണ് ജീവിതത്തിലുടനീളം ഓര്‍ത്തിരിക്കുക. കരിയര്‍ പോലും മറന്നാലും ഈ നിമിഷങ്ങള്‍ നിങ്ങള്‍ മറക്കില്ല. അത് സമ്മാനിച്ച രോഹിത്തിന് ഒരുപാട് ഒരുപാട് നന്ദിയെന്നും ദ്രാവിഡ് പറഞ്ഞു. പതിവില്ലാത്തവിധം വൈകാരികമായി സംസാരിച്ച ദ്രാവിഡിന്റെ വിഡിയോ ബിസിസിഐ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചയുടന്‍ വൈറലായി.
‘എനിക്ക് നിങ്ങളെ ഓരോരുത്തരെയും കുറിച്ച് അങ്ങേയറ്റം അഭിമാനമാണ്. തിരിച്ചടികളില്‍ നിന്നും തോല്‍വി മുന്നില്‍ക്കണ്ട നിമിഷങ്ങളില്‍ നിന്നും നിങ്ങള്‍ തിരിച്ചുവന്ന രീതി, നിങ്ങളുടെ പോരാട്ടവീര്യം, ടീം സ്പിരിറ്റ് ഒക്കെ സമാനതകളില്ലാത്തതാണ്’. വര്‍ഷങ്ങളോളം നിരാശയുടെ പടുകുഴിയില്‍ അകപ്പെട്ടുപോയിട്ടുണ്ട്. വിജയത്തോളമെത്തിയിട്ടും വഴുതി വീണിട്ടുണ്ട്. പക്ഷേ നിങ്ങള്‍ ഇപ്പോള്‍ നേടിയത്, ടീമായി നമ്മളൊന്നിച്ച് നേടിയത്, സ്റ്റാഫുള്‍പ്പടെ എല്ലാവരും, നമ്മുടെ കഠിന പ്രയത്നം പൂവണിഞ്ഞിരിക്കുന്നു’. രാജ്യം നിങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
ഈ നേട്ടത്തിലേക്കെത്താന്‍ നിങ്ങള്‍ താണ്ടിയ കഠിന പാതകള്‍ എനിക്കറിയാം. കുടുംബാംഗങ്ങള്‍ ഇവിടെയും നാട്ടിലുമായി ഈ ആഹ്ലാദത്തില്‍ പങ്കുചേരുന്നുണ്ട്. നിങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ മുതല്‍ ഈ ഡ്രസിങ് റൂം എത്തുന്നത് വരെ അവര്‍ കണ്ട സ്വപ്നങ്ങള്‍, ത്യാഗങ്ങള്‍. അതില്‍ നിങ്ങളുടെ മാതാപിതാക്കളുണ്ട്, ഭാര്യയും കുഞ്ഞുങ്ങളുമുണ്ട്, സഹോദരങ്ങളും പരിശീലകരും സുഹൃത്തുക്കളും എല്ലാവരുമുണ്ട്. വിജയം അവരുടേത് കൂടിയാണ്. നിങ്ങള്‍ക്കൊപ്പമുള്ള ഈ നിമിഷങ്ങള്‍ എന്നും ഓര്‍മയില്‍ സൂക്ഷിക്കും. നന്ദിയെന്നല്ലാതെ എന്ത് പറയാനാണ്. എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. നിങ്ങളെന്നോട് കാണിച്ച സ്നേഹം, പരിഗണന, കരുതല്‍ എല്ലാം ഉള്ളിലുണ്ട്. കോച്ചിങ് സ്റ്റാഫുള്‍പ്പടെ എല്ലാവര്‍ക്കും നന്ദി.
‘രോഹിത്, നിന്നോടാണ്... ഈ നേട്ടത്തില്‍ പങ്കാളിയാകാന്‍ സാധിച്ചതില്‍ ഉള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ വയ്യ. ക്യാപ്റ്റനും കോച്ചുമെന്ന നിലയില്‍ നമ്മള്‍ ഏറെ സംസാരിച്ചു, ചര്‍ച്ച ചെയ്തു, യോജിച്ചും വിയോജിച്ചും മുന്നേറി. ഹൃദയത്തില്‍ നിങ്ങളുണ്ട്. ഇത് ടീമായുള്ള നമ്മുടെ നേട്ടമാണ്. ഇവിടെ വ്യക്തികളില്ല. ഒരു മാസമായി ടീമെന്ന നിലയില്‍ ചെയ്യാന്‍ സാധ്യമായതെല്ലാം നമ്മള്‍ ചെയ്തു. ഇത് നമ്മുടേതാണ്. ഉറച്ച പിന്തുണയ്ക്ക് ബി.സി.സി.ഐയ്ക്ക് നന്ദി. കെട്ടുറപ്പുള്ള സംവിധാനമായി നിന്ന് ടീമിനെ പ്രോല്‍സാഹിപ്പിച്ചതിന്, വളരാനും കളിക്കാനും സഹായിച്ചതിന് നന്ദി'. രാഹുല്‍ പറഞ്ഞുനിര്‍ത്തുമ്പോള്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായും ഡ്രസിങ് റൂമിലുണ്ടായിരുന്നു.
ഏകദിന ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനായി വെസ്റ്റിന്‍ഡീസിലെത്തി, ബംഗ്ലദേശിന്‍റെ അട്ടിമറിയില്‍ അടിതെറ്റി കരഞ്ഞുകലങ്ങിയ കണ്ണുമായി മടങ്ങിയ ദ്രാവിഡ്, 17 വര്‍ഷങ്ങള്‍ക്കിപ്പുറം തല ഉയര്‍ത്തി നില്‍ക്കുകയാണ്. 2021 നംവബര്‍ 21നായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ മുഖ്യപരിശീലകനായി ദ്രാവിഡെത്തിയത്. 2023ലെ ഏകദിന ലോകകപ്പോടെ കരാര്‍ അവസാനിക്കാനിരുന്നുവെങ്കിലും ബി.സി.സി.ഐ കരാര്‍ 2024 വരെ നീട്ടി. ബോര്‍ഡ് അര്‍പ്പിച്ച വിശ്വാസം കിരീട നേട്ടത്തോടെ കാത്തുസൂക്ഷിച്ചാണ് ദ്രാവിഡ് മടങ്ങുന്നത്.