ട്വന്‍റി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ഡല്‍ഹിയില്‍ എത്തി. ബാര്‍ബഡോസില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ എത്തിയ ടീം അംഗങ്ങള്‍ക്ക് രാവിലെ 11 ന് പ്രധാനമന്ത്രി സ്വീകരണം നല്‍കും. തുടര്‍ന്ന് ടീം മുംബൈയിലേക്ക് തിരിക്കും.
വൈകിട്ട് നരിമാന്‍ പോയിന്‍റ് മുതല്‍ വാംഖഡെ സ്റ്റേഡിയംവരെ തുറന്ന ബസില്‍ റോഡ് ഷോ നടത്തും. ബി.സി.സി.ഐ പ്രഖ്യാപിച്ച 125 കോടി സമ്മാനവും മുംബൈയിലെ ചടങ്ങിലാണ് കൈമാറുക. ബാര്‍ബഡോസില്‍ ബെറില്‍ ചുഴലിക്കാറ്റിന് തുടര്‍ന്ന് വിമാനത്താവളങ്ങള്‍ അടച്ചതോടെയാണ് ഇന്ത്യന്‍ ടീമിന്‍റെ യാത്ര വൈകിയത്. ബി.സി.സി.ഐ അധികൃതരും മാധ്യമ പ്രവര്‍ത്തകരും ടീമിനൊപ്പം ഉണ്ട്.
അവസാന പന്തിൽ വരെ ആശ്ചര്യം നിലനിന്ന കലാശ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യ ട്വന്‍റി20 ലോകകപ്പിൽ ചാംപ്യൻമാരായത്. ഓരോ ഓവറിലും ജയ പരാജയ സാധ്യതകൾ മാറി മറിഞ്ഞ മത്സരത്തിൽ ഏഴു റൺസിനാണ് ഇന്ത്യ കിരീടം ചൂടിയത്. 2007ൽ കന്നി ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യക്ക് ഈ ഫോർമാറ്റിൽ രണ്ടാമത്തെ ലോക കിരീടമാണ് ലഭിച്ചത്. 2007ലെ ടീമിൽ അംഗമായിരുന്ന ഒരേയൊരാളാണ് ഇത്തവണയും ടീമിലുണ്ടായിരുന്നത്- അത് ക്യാപ്റ്റന്‍ രോഹിത് ശർമയായിരുന്നു. ഏകദിന ക്രിക്കറ്റിലും ഇന്ത്യ രണ്ടു വട്ടം ലോകകപ്പ് നേടിയിട്ടുണ്ട്.