Image Credit; BCC

ടി20 ലോകകപ്പ് വിജയത്തിന് ശേഷമുള്ള ഇന്ത്യൻ ടീമിന്റെ വരവ് ആഘോഷമാക്കി ആരാധകർ. ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ടീം ബസിൽ വന്നിറങ്ങിയ ശേഷം ആരാധകർക്കൊപ്പം ഡാൻസ് കളിച്ചാണ് ക്യാപ്റ്റൻ രോഹിത് ശർമ്മ വിജയം ആഷോഷിച്ചത്. ബിസിസിഐ എക്സിൽ പങ്കിട്ട വിഡ‍ിയോയിലാണ് രോഹിത് ശർമ്മ ആവേശത്താൽ ഡാൻസ് കളിക്കുന്ന ദൃശ്യങ്ങളുള്ളത്.  

ഡല്‍ഹി എയർപോർട്ടിൽ നിന്ന് ഐടിസി മൗര്യാ ഹോട്ടലിലേക്കാണ് ടീം പോയത്. ഇന്ത്യന്‍ ടീമിന് പ്രധാനമന്ത്രി സ്വീകരണം നല്‍കും. പിന്നാലെ മുംബൈയിലേക്ക് തിരിക്കുന്ന ടീം വൈകുന്നേരത്തോടെ തുറന്ന ബസില്‍ പര്യടനം നടത്തും. ഇന്ത്യന്‍ ടീമിന്റെ റോഡ് ഷോ നരിമാന്‍ പോയിന്റ് മുതല്‍ വാങ്കഡെ സ്റ്റേഡിയം വരെയാണ് നടക്കുക. അതിന് ശേഷമാണ്  ബിസിസിഐ 125 കോടി രൂപയുടെ സമ്മാനം ടീമിന് കൈമാറുക. 

അവസാനംവരെ സസ്പെൻസ് നിലനിർത്തിയ ഫൈനൽ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് ഇന്ത്യ ട്വന്‍റി20 ലോകകപ്പിൽ മുത്തമിട്ടത്.  മത്സരത്തിൽ ഏഴു റൺസിനാണ് ഇന്ത്യ കിരീടം ചൂടിയത്. 2007ൽ കന്നി ട്വന്‍റി20 ലോകകപ്പ് നേടിയ ഇന്ത്യക്ക് ഈ ഫോർമാറ്റിൽ  രണ്ടാമത്തെ ലോക കിരീടമാണ് ലഭിച്ചത്. 2007ലെ ടീമിൽ അംഗമായിരുന്ന ഒരേയൊരാളാണ് ഇത്തവണയും ടീമിലുണ്ടായിരുന്നത്- അത് ക്യാപ്റ്റന്‍ രോഹിത് ശർമയായിരുന്നു. 

2024ലെ ടി20 ലോകകപ്പ് കിരീടവിജയത്തിന് പിന്നാലെ സൂപ്പര്‍ താരം വിരാട് കോഹ്‌ലി, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവർ അന്താരാഷ്ട്ര ടി20യില്‍ നിന്ന് വിരമിച്ചിരുന്നു. ഫൈനലില്‍ മാന്‍ ഓഫ് ദ മാച്ച്  അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കവെയാണ് രാജ്യാന്തര ട്വന്റി 20 അവസാനിപ്പിക്കുകയാണെന്ന് കോലി പ്രഖ്യാപിച്ചത്. പിന്നീട് സമ്മാനദാന ചടങ്ങുകള്‍ക്കു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ രോഹിതും വിരമിക്കുകയാണ് അറിയിച്ചു. പിന്നാലെ രവീന്ദ്ര ജഡേജയുമെത്തി. 

ENGLISH SUMMARY:

Rohit Sharma dancing with fans; The video went viral