അനന്ത് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹച്ചടങ്ങിനു മുന്നോടിയായി നടന്ന സംഗീത് ചടങ്ങില്‍ രാജ്യത്തിനായി കുറച്ചുസമയം മാറ്റിവച്ച് അംബാനി കുടുംബം. ട്വന്‍റി– ട്വന്‍റി ലോകകപ്പ് നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ജയ് വിളിച്ചാണ് അംബാനി കുടുംബം തങ്ങളുടെ സന്തോഷം പങ്കുവച്ചത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെ കെട്ടിപ്പിടിച്ചാണ് നിത അംബാനി ആശംസകള്‍ അറിയിച്ചത്.

നിറഞ്ഞ കയ്യടികളോടെ അതീവ സന്തോഷത്തോടെയാണ് നിത അംബാനി ടീം അംഗങ്ങളെ വേദിയിലേക്ക് ക്ഷണിക്കുന്നത്. ഓരോരുത്തരും കടന്നുവരുമ്പോള്‍ അവരെ ആനയിക്കാനായി ആകാശ് അംബാനി നേരിട്ട് വേദിയില്‍ നിന്ന് ഇറങ്ങിച്ചെല്ലുന്നതും ദേശീയപതാക വീശുന്നതുമടക്കം വിഡിയോയില്‍ കാണാം. ടീം അംഗങ്ങളെ ക്ഷണിക്കുമ്പോള്‍ മുതല്‍ അംബാനി കുടുംബത്തിലെ എല്ലാവരും വേദിക്കു താഴെ എഴുന്നേറ്റ് നില്‍ക്കുകയാണ്.

രോഹിത്തിനെ കെട്ടിപ്പിടിച്ച നിത അംബാനി കണ്ണീരടക്കാന്‍ പാടുപെട്ടു. പിന്നാലെ ബൗണ്ടറി കാത്ത പയ്യന്‍ എന്നു പറഞ്ഞ് സൂര്യ കുമാര്‍ യാദവിനെ വേദിയിലേക്ക് ക്ഷണിക്കുകയാണ്. സൂര്യ... സൂര്യ... സൂര്യ... എന്ന ആര്‍പ്പുവിളിയോടെയാണ് താരത്തെ നിത അംബാനി സ്വാഗതം ചെയ്തത്. ഹര്‍ദിക് പാണ്ഡ്യയേയും ചേര്‍ത്തുപിടിച്ച് ഒരുപാട് അഭിമാനമുണ്ടെന്ന് പറഞ്ഞ നിത അംബാനി ഇന്ത്യയ്ക്കു വേണ്ടിയും ജയ് വിളിക്കുന്നത് കാണാം. ഇത് രാധിക മെര്‍ച്ചന്‍റും ഇഷ അംബാനിയുമടക്കമുള്ള മറ്റുള്ളവര്‍ ഏറ്റുവിളിക്കുന്നു.

രാജ്യത്തിന്‍റെ മുഴുവന്‍ അഭിമാനമാണ് ഈ വേദിയില്‍ നില്‍ക്കുന്നത് എല്ലാവരും ഇവര്‍ക്കുവേണ്ടി, ഇന്ത്യന്‍ ടീമിനു വേണ്ടി എഴുന്നേറ്റ് നിന്ന് കയ്യടിക്കാന്‍ നിത അംബാനി പറയുന്നുണ്ട്. ടീമിലെ എല്ലാവരെയും അഭിനന്ദിക്കുകയാണ് മുകേഷ് അംബാനിയും. പ്രത്യേക പൂജയിലും താരങ്ങള്‍ പങ്കെടുത്തു. രോഹിത് ശര്‍മയുടെയും സൂര്യകുമാര്‍ യാദവിന്‍റെയും ഭാര്യമാരും ഒപ്പമുണ്ടായിരുന്നു.

ENGLISH SUMMARY:

India captain Rohit Sharma was honoured by the Ambani family during the Sangeet ceremony of Anant Ambani and Radhika Merchant.The Indian skipper attended the event along with teammates Suryakumar Yadav and Hardik Pandya.