ആദ്യ മത്സരത്തില്‍ സിംബാബ്വെക്കെതിരെ ഡക്ക്. ഐപിഎല്‍ പോലെയല്ല രാജ്യാന്തര മത്സരങ്ങള്‍ എന്ന പരിഹാസങ്ങള്‍ അഭിഷേക് ശര്‍മയ്ക്ക് നേരെയും പല കോണില്‍ നിന്ന് ഉയര്‍ന്നു. രണ്ടാം മത്സരത്തില്‍ തുടരെ സിക്സ് പറത്തി സെഞ്ചറി തികച്ച ആ വിമര്‍ശകരെയെല്ലാം അഭിഷേക് കാറ്റില്‍ പറത്തി. 47 പന്തില്‍ സെഞ്ചറി കണ്ടെത്തിയത് സഹതാരത്തിന്റെ ബാറ്റുമായി കളിച്ചാണെന്നാണ് ഇപ്പോള്‍ അഭിഷേകിന്റെ വെളിപ്പെടുത്തല്‍.
ഇത് വളരെ മനോഹരമായൊരു കാര്യമാണ്. 11-12 വയസ് പ്രായമുള്ള കുട്ടികളായി തുടക്കം. പന്ത്രണ്ട് വയസ് മുതല്‍ ഞങ്ങള്‍ ഒരുമിച്ച് കളിക്കുന്നുണ്ട്. ദേശിയ ടീമിലേക്ക് സെലക്ഷന്‍ കിട്ടിയപ്പോള്‍ എനിക്ക് ആദ്യം ലഭിച്ച കോള്‍ ശുഭ്മാന്‍ ഗില്ലിന്റേതാണ്. ഇന്ന് ഞാന്‍ അവന്റെ ബാറ്റ് ഉപയോഗിച്ചാണ് കളിച്ചത്. ആ ബാറ്റിന് പ്രത്യേക നന്ദി. പന്ത്രണ്ട് വയസു മുതല്‍ അങ്ങനെയാണ്. സമ്മര്‍ദമുള്ള മത്സരങ്ങള്‍ കളിക്കുമ്പോള്‍ ഞാന്‍ അവന്റെ ബാറ്റ് ആവശ്യപ്പെടും. ഐപിഎല്ലിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇന്നും അതുപോലെ തന്നെ കാര്യങ്ങള്‍ ഭംഗിയായി വന്നു , അഭിഷേക് ശര്‍മ പറയുന്നു.
യുവരാജ് സിങ് ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട് എന്റെ പ്രകടനത്തില്‍. സിക്സര്‍ കിങ് എന്നൊന്നും ഞാന്‍ എന്നെ കണക്കാക്കുന്നില്ല. ലോഫ്റ്റഡ് ഷോട്ട് കളിക്കാന്‍ സാധിക്കുന്നതില്‍ എന്റെ പിതാവിനാണ് ഞാന്‍ നന്ദി പറയുന്നത്. യുവ താരങ്ങള്‍ ലോഫ്റ്റഡ് ഷോട്ട് കളിക്കുന്നത് പരിശീലകര്‍ പലപ്പോഴും പ്രോത്സാഹിപ്പിക്കാറില്ല. എന്നാല്‍ എനിക്ക് ലോഫ്റ്റഡ് ഷോട്ട് കളിക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ പന്ത് ഗ്രൗണ്ടിന് പുറത്ത് പോയിരിക്കണം എന്നാണ് എന്റെ പിതാവ് പറഞ്ഞിരിക്കുന്നത്, അഭിഷേക് പറഞ്ഞു.
എന്റെ കളി ഇങ്ങനെയാണ്. എന്റെ സ്ലോട്ടില്‍ വരുന്ന ഡെലിവറിയാണ് എങ്കില്‍ ആദ്യ പന്ത് മുതല്‍ ഞാന്‍ ഷോട്ട് കളിച്ച് തുടങ്ങും. അത് എന്റെ ദിവസമാണ് എങ്കില്‍ എല്ലാം ശരിയായി വരും. അല്ലെങ്കില്‍ ഇല്ല. ചിന്താഗതി ശരിയായി വെക്കാന്‍ ഞാന്‍ ഒരുപാട് പരിശീലിക്കാറുണ്ടെന്നും ഇന്ത്യന്‍ യുവതാരം പറയുന്നു.