ishan-new

TOPICS COVERED

രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തതിനെ കുറിച്ചും ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കാതിരുന്നതിനെ കുറിച്ചും തുറന്നു പറഞ്ഞ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഇഷാന്‍ കിഷന്‍ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടി ഇഷാന്‍ ടീമില്‍ നിന്ന് ഇടവേള ആവശ്യപ്പെട്ടു. പിന്നാലെ രഞ്ജി ട്രോഫി കളിക്കാനും ഇഷാന്‍ തയ്യാറായില്ല. ഇതോടെ വാര്‍ഷിക കരാറില്‍ നിന്ന് ഇഷാന്റെ പേര് ബിസിസിഐ വെട്ടിയിരുന്നു.

ഇടവേള എടുക്കുന്നത് സ്വാഭാവികമാണ് എന്ന ചിന്തയിലാണ് ഞാന്‍ അങ്ങനെ ചെയ്തത്. തിരികെ ടീമിലേക്ക് വരണം എങ്കില്‍ ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കണം എന്ന നിയമം ഉണ്ട്. അത് അത്രയും ലളിതമായൊരു കാര്യമാണ്. എന്നാല്‍ ഞാന്‍ ‍ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കണം എന്ന് പറയുന്നതില്‍ കാര്യമില്ല. ഞാന്‍ കളിക്കാനുള്ള മാനസികാവസ്ഥയില്‍ ആയിരുന്നില്ല. അതിനാലാണ് ഇടവേള എടുത്തത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തതിന് ശേഷം ‍തിരികെ ടീമിലേക്ക് വരാന്‍ ഡൊമസ്റ്റിക് ക്രിക്കറ്റ് കളിക്കണം എന്ന് പറയുന്നത് ശരിയല്ല. ദേശിയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇഷാന്‍ കിഷന്‍ പറഞ്ഞു. 

ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ അവസരം ലഭിക്കാത്തത് തന്നെ നിരാശപ്പെടുത്തിയിരുന്നതായും ഇഷാന്‍ പറഞ്ഞു. 'എല്ലാം സുഖമമായിരുന്നു എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ച് തീരെ എളുപ്പമായിരുന്നില്ല. ഒരുപാട് പ്രയാസപ്പെട്ടാണ് കടന്നുപോയത്, ഇഷാന്‍ പറയുന്നു. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്നും ര‍ഞ്ജി ട്രോഫിയില്‍ നിന്നും വിട്ടുനിന്ന ഇഷാന്‍ ഐപിഎല്‍ കളിക്കാനാണ് പിന്നെ തിരിച്ചെത്തിയത്. 

ഐപിഎല്ലില്‍ തിളങ്ങാനും ഇഷാന് സാധിച്ചില്ല. 14 ഇന്നിങ്സില്‍ നിന്ന് 320 റണ്‍സ് ആണ് ഇഷാന്‍ കണ്ടെത്തിയത്. ബാറ്റിങ് ശരാശരി 22.85. സ്ട്രൈക്ക്റേറ്റ് 148.83. ഋഷഭ് പന്തിനേയും സഞ്ജു സാംസണിനേയും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലെടുത്തതോടെ ട്വന്റി20 ലോകകപ്പ് ടീമില്‍ ഇടം നേടാനും ഇഷാന് സാധിച്ചില്ല. 

ENGLISH SUMMARY:

Indian wicketkeeper-batsman Ishan Kishan opens up about taking a break from international cricket and not playing domestic cricket