ishan-kishan-century

TOPICS COVERED

ദുലീപ് ട്രോഫിയില്‍ സെഞ്ചറിയുമായി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍റെ റെഡ് ബോള്‍ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവ്. ഇന്ത്യ സിക്ക് വേണ്ടി ബാറ്റിങ്ങിന് ഇറങ്ങിയ ഇഷാന്‍ 126 പന്തില്‍‍ നിന്നാണ് 111 റണ്‍സ് കണ്ടെത്തിയത്. സെഞ്ച്വറിയുമായി താന്‍ ഫോമിലാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ വന്ന ഇഷാന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്. ബിസിസിഐക്കുള്ള മറുപടിയാണോ ഇതെന്നാണ് ആരാധകരുടെ ചോദ്യം. 

ഇനി  പലകാര്യങ്ങളും   പൂര്‍ത്തീകരിക്കാനുണ്ടെന്നാണ്  ഇഷാന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയ ബിസിസിഐക്കുള്ള  മറുപടിയാണോ ഈ വാക്കുകള്‍ എന്നരീതിയിലുള്ള  കമന്‍റുകളാണ് ഇ‌ഷാന്‍റെ പോസ്റ്റിനടിയില്‍ നിറയുന്നത്. 

ഇഷാന്‍റെ  ഏഴാമത്തെ ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയായിരുന്നു ഇത്. 14 ഫോറും മൂന്ന് സിക്സും ഇഷാന്‍റെ ബാറ്റില്‍ നിന്ന് വന്നു. 189 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടും ബാബ ഇന്ദ്രജിത്തിനൊപ്പം  ഇഷാന്‍ പടുത്തുയര്‍ത്തി. കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലാണ് ഇഷാന്‍ അവസാനമായി ഇന്ത്യന്‍ റെഡ് ബോള്‍ ടീമില്‍ ഉള്‍പ്പെടുന്നത്. 

പിന്നാലെ ജാര്‍ഖണ്ഡിന്‍റെ രഞ്ജി ട്രോഫി മത്സരങ്ങളില്‍ നിന്നും ഇഷാന്‍ വിട്ടുനിന്നു. ഇതോടെ ആഭ്യന്തരക്രിക്കറ്റ് കളിച്ച് മാത്രമേ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങി വരാനാവു എന്ന് പരിശീലകനായിരുന്ന രാഹുല്‍ ദ്രാവിഡ് ഉള്‍പ്പെടെ വ്യക്തമാക്കിയെങ്കിലും ഇഷാന്‍ അവഗണിച്ചു. ഐപിഎല്ലിന് വേണ്ടിയുള്ള പരിശീലനത്തിലായിരുന്നു ഇഷാന്‍. ദുലീപ് ട്രോഫിയിലെ പ്രകടനത്തോടെ സെലക്ടര്‍മാരുടെ ശ്രദ്ധ പിടിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇഷാന്‍.

ENGLISH SUMMARY:

Indian wicketkeeper-batsman Ishan Kishan returns to red ball cricket with a century in the Duleep Trophy. After announcing that he is in form with the century, Ishaan's Instagram post is being discussed among fans