sanju-samson-yashasvi-jaiswal

ബുധനാഴ്ച ഹരാ‌രെയിലാണ് ഇന്ത്യ– സിംബാബ്‌വെ 20ട്വന്‍റിയിലെ മൂന്നാം മല്‍സരം. ആദ്യ മല്‍സരത്തിലെ തോല്‍വിയുടെ ഞെട്ടല്‍ മാറ്റിയ മികച്ച വിജയം രണ്ടാം മല്‍സരത്തില്‍ നേടിയതിനൊപ്പം അഭിഷേക് ശര്‍മയുടെ മികച്ച സെഞ്ചുറിയും ഇന്ത്യന്‍ ക്യാംപിന് ഊര്‍ജമാണ്. ഇതോടൊപ്പം ടി20 ലോകകപ്പ് ചാംപ്യന്‍മാരായ യശ്വസി ജയ്സ്വാളും സഞ്ജു സാംസണും ശിവം ദുബൈയും ടീമിനൊപ്പം ചേര്‍ന്നതും ഇന്ത്യന്‍ ടീമിനെ കരുത്തുറ്റതാക്കുന്നു. ചാംപ്യന്‍മാരെത്തിയതോടെ ടീമില്‍ ചില മാറ്റങ്ങള്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് വരുത്തേണ്ടതായി വരും. 

തന്‍റെ രണ്ടാം മല്‍സരത്തില്‍ 46 പന്തില്‍ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയും ടി20യില്‍ 161 ലധികം സ്ട്രൈക്ക് റേറ്റുള്ള ലോകകപ്പ് രിസര്‍വ് ടീമിലെ ഫസ്റ്റ് ചോയിസായ  യശ്വസി ജയ്സ്വാളും തമ്മിലാണ് മല്‍സരം. യശ്വസിക്ക് ചാന്‍സ് കൂടുമ്പോഴും ആദ്യ രാജ്യാന്തര സെഞ്ചറി നേടിയ തൊട്ടടുത്ത മല്‍സരത്തില്‍ അഭിഷേഖ് ശര്‍മയെ പുറത്തിരുത്താന്‍ സാധ്യതയില്ല. 

ധ്രുവ് ജൂറലിന് പകരക്കാരനായി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി സ‍ഞ്ജു സാംസണ്‍ ടീമിലെത്തും. ജയ്സ്വാള്‍ ടീമിലെത്തുമ്പോള്‍ സ്ഥാനം നഷ്ടമാകുന്നത് സായ് സുന്ദറിനാകാനാണ് സാധ്യത. ഞായറാഴ്ച അരങ്ങേറ്റം കുറിച്ച സായ് സുന്ദറിന് ബാറ്റ് ചെയ്യാനായിരുന്നില്ല. ശിവം ദുബൈ കളിച്ചാല്‍ റിയാന്‍ പരാഗ് പുറത്തിരിക്കും. അതേസമയം പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തുമ്പോള്‍ ബാറ്റിങ് ഓര്‍ഡറിലും മാറ്റങ്ങള്‍ സംഭവിക്കാം. ക്യാപ്റ്റന്‍ ഗില്ലിനൊപ്പം ജയ്സ്വാള്‍ ഓപ്പണിങ് ചെയ്യുമ്പോള്‍ അഭിഷേക് ശര്‍മ മൂന്നാമനാകും. റിതുരാജ് ഗെയ്‌ക്‌വാദ് നാലാം സ്ഥാനക്കാരനായി ബാറ്റിങിനിറങ്ങും. രാജസ്ഥാന്‍ റോയല്‍സില്‍ മൂന്നാം സ്ഥാനത്തിറങ്ങുന്ന സഞ്ജു ഇന്ത്യന്‍ ജഴ്സിയില്‍ അഞ്ചാം സ്ഥാനത്താണ് ബാറ്റ് ചെയ്യാന്‍ സാധ്യത. 

സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ടി20യിൽ ഇന്ത്യയുടെ സാധ്യത ഇലവൻ: യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, അഭിഷേക് ശർമ, റിതുരാജ് ഗെയ്‌ക്‌വാദ്, സഞ്ജു സാംസൺ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിങ്ടണ്‍ സുന്ദർ, രവി ബിസ്‌നോയ്, അവേഷ് ഖാൻ, മുകേഷ് കുമാർ.

ENGLISH SUMMARY:

Sanju Samson And Yashasvi Jaisawal Back To Team India For Zimbabwe Tour