ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ബോളിങ്ങിന്‍റെ ഭാരം മുഴുവന്‍ ഒറ്റയ്ക്ക് പേറുന്ന ജസ്പ്രീത് ബുംറയെ വെറുതെവിടുന്നതാണ് ഏറ്റവും നല്ലതെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ‘കളിക്കളത്തിലും പരിശീലനത്തിനും ചെയ്യുന്നതെന്താണെന്ന വ്യക്തമായ ബോധ്യം ബുംറയ്ക്കുണ്ട്. അങ്ങനെ ഒരാളെ ഉപദേശിക്കാന്‍ പോകുന്നതിലും നല്ലത് അയാളുടെ വഴിക്ക് വിടുന്നതാണ്.’ – രോഹിത് മെല്‍ബണില്‍ പറഞ്ഞു.
എതിര്‍ ടീമിലെ ഓരോ കളിക്കാരനെയും എങ്ങനെ നേരിടണമെന്നും സ്വന്തം ടീമിലെ കളിക്കാരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും ബുംറയ്ക്ക് അപാര ധാരണയുണ്ട്. ഒരുകാര്യവും അയാള്‍ സങ്കീര്‍ണമാക്കാറില്ല. സ്വന്തം കഴിവുകളിലും നൈപുണ്യത്തിലും വിശ്വാസമര്‍പ്പിച്ച് ഏറ്റവും ലളിതമായി ചെയ്യേണ്ടത് ചെയ്യുക എന്നതാണ് ബുംറയുടെ നയം. പരസ്പരസംഭാഷണങ്ങളില്‍ അക്കാര്യം നന്നായി ബോധ്യപ്പെട്ടിട്ടുണ്ടെന്നും രോഹിത് ശര്‍മ പറഞ്ഞു.
യശസ്വി ജയസ്വാള്‍, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത് എന്നിവരുടെ ബാറ്റിങ് മികവിലും ക്യാപ്റ്റന്‍ പൂര്‍ണവിശ്വാസം പ്രകടിപ്പിച്ചു. ചില മല്‍സരങ്ങളില്‍ ചെറിയ സ്കോറിന് പുറത്തായെന്നുവച്ച് അവരുടെ മികവിനെ സംശയിക്കേണ്ടതില്ല. ടീമിലെ മറ്റാരെക്കാളും സ്വന്തം ബാറ്റിങ്ങിനെക്കുറിച്ച് ധാരണയുള്ളയാളാണ് ജയ്സ്വാള്‍. ആക്രമിക്കാനും പ്രതിരോധിക്കാനും ഒരുപോലെ കഴിവുള്ളയാള്‍. താളം കണ്ടെത്തിക്കഴിഞ്ഞാല്‍ ജയ്സ്വാള്‍ അത്യന്തം അപകടകാരിയാകും. മല്‍സരത്തെക്കുറിച്ച് ധാരണയുണ്ടാക്കുന്നതിനപ്പുറം കളിക്കേണ്ട രീതികളെക്കുറിച്ച് കൂടുതല്‍ ഉപദേശിച്ച് യുവതാരങ്ങളെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിക്കില്ലെന്നും രോഹിത് പറഞ്ഞു.
ഗില്ലിന്‍റെ കാര്യത്തിലും രോഹിത്തിന് ഇതേ നിലപാടാണ്. 30–40 റണ്‍സ് സ്കോര്‍ ചെയ്തുകഴിഞ്ഞാല്‍ പിന്നെ വന്‍ സ്കോറുകള്‍ ഗില്ലിനെ തേടിവരും. ബ്രിസ്ബെയ്നില്‍ പരാജയപ്പെട്ടെങ്കിലും ഇനിയുള്ള മല്‍സരങ്ങളില്‍ എന്തുചെയ്യണമെന്ന് ഗില്ലിന് ധാരണയുണ്ടെന്നും രോഹിത് ശര്‍മ പറഞ്ഞു. ഋഷഭ് പന്തിന്‍റെ കാര്യത്തിലും ആശങ്കയില്ല. ഇന്ത്യയില്‍ തൊട്ടുമുന്‍പ് നടന്ന പരമ്പരയില്‍ മികച്ച രീതിയില്‍ സ്കോര്‍ ചെയ്ത പന്ത് ഓസ്ട്രേലിയയിലും ഫോം വീണ്ടെടുക്കുമെന്നത് ഉറപ്പാണ് – ക്യാപ്റ്റന്‍ പറഞ്ഞു.
മെല്‍ബണില്‍ വ്യാഴാഴ്ചയാണ് ഇന്ത്യ–ഓസ്ട്രേലിയ പരമ്പരയിലെ നാലാം ടെസ്റ്റ്. അഞ്ച് മല്‍സരങ്ങളടങ്ങിയ ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പരയില്‍ ഇരുടീമുകളും ഓരോ മല്‍സരം ജയിച്ചു. ബ്രിസ്ബെയ്നില്‍ നടന്ന മൂന്നാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. അടുത്ത രണ്ട് ടെസ്റ്റുകളും ജയിച്ചാല്‍ ഇന്ത്യയ്ക്ക് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ഇടംനേടാനുള്ള സാധ്യത വര്‍ധിപ്പിക്കാം.