പാക്കിസ്ഥാനിലെത്തി ക്രിക്കറ്റ് കളിക്കില്ലെന്ന തീരുമാനം ബി.സി.സി.ഐ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ക്യാപ്റ്റന്‍ ഷഹീദ് അഫ്രീദി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കാനും ഈ വരവ് സഹായിക്കുമെന്നും അതിനെക്കാള്‍ ഉപരിയായി വിരാട് കോലിയുടെ കളി നേരിട്ട് കാണാനുള്ള ഭാഗ്യം പാക്ക് ആരാധകര്‍ക്ക് ലഭിക്കുമെന്നും അഫ്രീദി പറഞ്ഞു. 'പാക്കിസ്ഥാനില്‍ കോലിക്ക് നിറയെ ആരാധകരാണ്. ഒരിക്കല്‍ പാക്കിസ്ഥാനിലെത്തി കളിച്ചാല്‍ ആരാധകര്‍ കോലിയുടെ ഹൃദയം കവരും , ഇന്ത്യയില്‍ നിന്ന് ലഭിച്ച സ്നേഹമെല്ലാം കോലി മറന്ന് പോകുമെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു.
'ടീം ഇന്ത്യയെ ഞാന്‍ പാക്കിസ്ഥാനിലേക്ക് ക്ഷണിക്കുകയാണ്. പാക് ടീം ഇന്ത്യയിലെത്തിയപ്പോള്‍ ലഭിച്ച സ്നേഹ ബഹുമാനങ്ങള്‍ ഞങ്ങളുടെ ഹൃദയത്തിലുണ്ട്. 2005–06ല്‍ ഇന്ത്യന്‍ കളിക്കാര്‍ എത്തിയത് അവര്‍ക്കും മധുരമൂറുന്ന ഓര്‍മകളാകുമെന്നതില്‍ തര്‍ക്കമില്ല'. രണ്ട് ടീമുകളും രണ്ട് രാജ്യങ്ങളിലുമെത്തി ക്രിക്കറ്റ് കളിക്കുന്നതിനോളം സമാധാനമുണ്ടാക്കാന്‍ മറ്റൊന്നിനുമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്കായി ട്വന്‍റി20 കളിക്കുന്നത് കോലി തുടരണമെന്നാണ് തന്‍റെ ആഗ്രഹമെന്നും കളിക്കളത്തില്‍ കോലി ഇന്നും ചെറുപ്പമാണെന്നും അഫ്രീദി കൂട്ടിച്ചേര്‍ത്തു. 'കോലി എന്തിനാണ് കളി നിര്‍ത്താന്‍ തീരുമാനിച്ചതെന്ന് മനസിലാകുന്നില്ല. ഫോമിലാണോ എന്നത് മാത്രമാണ് പ്രധാനം. മറ്റാരെക്കാളും ടീമിലെ യുവനിരയ്ക്ക് കരുത്തും അറിവും പകരാന്‍ അദ്ദേഹത്തിനാകുമെന്നും മുന്‍ പാക് ക്യാപ്റ്റന്‍ പറഞ്ഞു.
പാക്കിസ്ഥാനിലൊഴികെ ഒട്ടുമിക്ക രാജ്യങ്ങളിലെല്ലാം കോലി ക്രിക്കറ്റ് കളിക്കാനെത്തിയിട്ടുണ്ട്. 2006ലാണ് അവസാനമായി ഇന്ത്യന്‍ ടീം പാക്കിസ്ഥാനിലെത്തി ക്രിക്കറ്റ് കളിച്ചത്. കോലി ടീം ഇന്ത്യയിലേക്ക് എത്തിയത് രണ്ട് വര്‍ഷം കൂടി കഴിഞ്ഞായിരുന്നു. പാക്കിസ്ഥാനിലെത്തി ക്രിക്കറ്റ് കളിക്കാന്‍ കോലിക്ക് ലഭിച്ചേക്കാവുന്ന അവസാന അവസരം കൂടിയാണിതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, 2013 ന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധവും ഒട്ടും ഊഷ്മളമായല്ല മുന്നോട്ട് പോകുന്നത്.
ദീര്‍ഘനാളുകള്‍ക്കൊടുവില്‍ പാക് താരങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ക്രിക്കറ്റ് കളിക്കാനെത്തിയിരുന്നു. ഇത് കണക്കിലെടുത്തെങ്കിലും ടീം ഇന്ത്യ പാക്കിസ്ഥാനിലെത്തണമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡും ആരാധകരും ആവശ്യപ്പെടുന്നത്. ലാഹോറില്‍ ആകും ചാംപ്യന്‍സ് ട്രോഫിയിലെ ഇരുരാജ്യങ്ങളും തമ്മിലുള്ള മല്‍സരം നടക്കുകയെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും പാക്കിസ്ഥാനിലേക്ക് ടീമിനെ ബി.സി.സി.ഐ അയച്ചേക്കില്ലെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പകരം കഴിഞ്ഞ വര്‍ഷം ഏഷ്യ കപ്പിലേത് പോലെ ദുബായിലോ മറ്റ് സ്ഥലങ്ങളിലോ വച്ചാകും കളി നടക്കുകയെന്നും റിപ്പോര്‍ട്ടുകള്‍ വന്നു.