ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയ ശക്തമായ നിലയിലേക്ക് പോകുമ്പോൾ മത്സരത്തിനൊപ്പം ആവേശമാകുകയാണ് വാക്പോരും. ഓസീസിന്‍റെ ഓപ്പണർ സാം കോൺസ്റ്റാസിൻറെ തോളിൽ തട്ടിയ വിരാട് കോലി തന്നെയാണ് മത്സരത്തെ കലിപ്പ് മോഡിലേക്ക് കൊണ്ടുപോകുന്നത്. മത്സരത്തിനിടെ ബൗളർ മുഹമ്മദ് സിറാജിന് വിരാട് കോലി നൽകുന്നൊരു ഉപദേശം സ്റ്റെംപ് മൈക്ക് പിടിച്ചെടുത്തിട്ടുണ്ട്. സിറാജും ഓസീസ് ബാറ്റർ മർനസ് ലബുഷാഗ്‌നെയുമായി ഉണ്ടായ ചെറു സംസാരത്തിന് പിന്നാലെയാണ് കോലിയുടെ ഉപദേശം.
അവരോട് സംസാരിക്കുമ്പോൾ ചിരിക്കരുതെന്നാണ് കോലി സിറാജിനോട് പറയുന്നത്. ഹിന്ദിയിലാണ് സംഭാഷണം. അതേസമയം മത്സരത്തിൽ സിറാജിന്‍റെ തുടർച്ചയായ രണ്ടു പന്തുകൾ മർനസ് ലബുഷാഗ്‌നെയുടെ മർമ ഭാഗത്ത് വന്നു പതിച്ചിരുന്നു. 33-ാം ഓവറിലാണ് ഈ സംഭവം. ആദ്യ പ്രഹരത്തിൽ പിടിച്ചു നിന്ന ലബുഷാഗ്നെ രണ്ടാമത്തെ ഏറിൽ അടി മുട്ടുകുത്തി. കടുത്ത വേദനയെ തുടർന്ന് ലബുഷാഗ്നെ നിലത്തിരിക്കുന്നതും വിഡിയോയിലുണ്ട്. ലാബുഷാഗിൻ്റെ ട്രൗസറിൽ ചുവന്ന അടയാളം ഉണ്ടായതും വിഡിയോയിൽ കാണാം.
ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ അരങ്ങേറിയ ഓസ്ട്രേയിലൻ യുവതാരം സാം കോൺസ്റ്റാസിനോട് മുട്ടിയാണ് കോലി തുടങ്ങിയത്. മത്സരത്തിനിടെ ഗ്രൗണ്ടിൽ ഇരുവരും പരസ്പരം തോളിൽ ഇടിക്കുകയും ശേഷം ഓസീസ് താരത്തോട് വിരാട് കോലി ചൂടാകുകയുമായിരുന്നു. മത്സരത്തിന്‍റെ പത്താം ഓവറിലായിരുന്നു സംഭവം. കോലി കോൺസ്റ്റാസിനെ മറികടന്ന് നടന്നു പോകുന്നതിനിടെ താരത്തിന്‍റെ ഷോർഡറിൽ ഇടിക്കുകയായിരുന്നു. പ്രകോപിതനായ കോൺസ്റ്റസ് കോലിക്ക് നേരെ തിരിയുകയായിരുന്നു. ഓപ്പണർ ഉസ്മാൻ ഖവാജയും അംപയറും വിഷയത്തിൽ ഇടപെടുകയായിരുന്നു.
അതേസമയം ലബുഷാഗ്നെ അർധ സെഞ്ചറി തികച്ചിട്ടുണ്ട്. 61 ഓവർ പിന്നിടുമ്പോൾ 130 പന്തിൽ 66 റൺസാണ് ലബുഷാഗ്നെ നേടിയത്. 32 റൺസെടുത്ത സ്റ്റീവ് സ്മിത്താണ് ഒപ്പം ക്രീസിൽ. മികച്ച തുടക്കം ലഭിച്ച ഓസ്ട്രേലിയ ശക്തമായ നിലയിലാണ്. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 222 റൺസ് ഓസ്ട്രേലിയ നേടിയിട്ടുണ്ട്. അർധ സെഞ്ചറി നേടിയ ഉസ്മാൻ ഖവാജ (57), സാം കോൺസ്റ്റാസ് (60) എന്നിവരാണ് പുറത്തായത്. ബുംറയ്ക്കും രവീന്ദ്ര ജഡേയ്ക്കുമാണ് വിക്കറ്റ്.