Image: PTI

2002 ജൂലൈ 13. നാറ്റ് വെസ്റ്റ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫൈനലി‍ല്‍ ഇംഗ്ലണ്ടും ഇന്ത്യയും നേര്‍ക്കുനേര്‍. ഓപ്പണര്‍ മാര്‍ക്കസ് ട്രെസ്കോത്തിക്കിന്‍റെയും ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍റെയും തകര്‍പ്പന്‍ സെഞ്ചറികളുടെ മികവില്‍ ഇംഗ്ലണ്ട് 326 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യയ്ക്ക് മുന്നില്‍ വച്ചു. സെവാഗ്–ഗാംഗുലി ഓപ്പണിങ് കൂട്ടുകെട്ട് 87 പന്തില്‍ 106 റണ്‍സിന്റെ മികച്ച തുടക്കം നല്‍കിയപ്പോള്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വാനോളമുയര്‍ന്നു. എന്നാല്‍ മധ്യനിര തകര്‍ന്നതോടെ ഇന്ത്യ 5 വിക്കറ്റിന് 146 റണ്‍സ് എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇംഗ്ലണ്ട് ആരാധകര്‍ ആര്‍പ്പുവിളിച്ചു.

ആറാംവിക്കറ്റില്‍ ഒത്തുചേര്‍ന്ന യുവരാജ് സിങിന്‍റെയും മുഹമ്മദ് കൈഫിന്‍റെയും പ്ലാന്‍ മറ്റൊന്നായിരുന്നു. പതിവുശൈലിയില്‍ കൂറ്റനടികള്‍ക്ക് മുതിരാതെ ഇരുവരും ശ്രദ്ധിച്ചുകളിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ജയിക്കാന്‍ 50 പന്തില്‍ 59 റണ്‍സ് മതിയെന്ന നിലയെത്തി. അപ്പോഴാണ് ഇടിത്തീയെന്നോണം യുവിയുടെ വിക്കറ്റ് വീണത്. കോളിങ്‍വുഡ് എറിഞ്ഞ 42–ാം ഓവറിലെ നാലാം പന്തില്‍ ടുഡോറിന് ക്യാച്ച്. ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക! തുടര്‍ച്ചയായി 9 ഏകദിന ഫൈനലുകളില്‍ തോറ്റതിന്റെ ഭാരം വീണ്ടും ടീമിനെ പൊതിഞ്ഞു.

ഒരറ്റത്ത് ഉറച്ചുനിന്ന കൈഫിന് ഹര്‍ഭജന്‍ സിങ് മികച്ച പിന്തുണ നല്‍കി. 13 പന്തില്‍ ഒരു സിക്സടക്കം 15 റണ്‍സ് നേടിയ ഹര്‍ഭജന്‍ 48–ാം ഓവറില്‍ ക്ലീന്‍ ബോള്‍ഡായപ്പോള്‍ വീണ്ടും ടെന്‍ഷന്‍! ഫ്ലിന്റോഫിന്റെ അതേ ഓവറില്‍ കുംബ്ലെയും പുറത്തായതോടെ ആകാശം മുട്ടെ ആശങ്ക. എന്നാല്‍ സഹീര്‍ ഖാന്‍ പിടിച്ചുനിന്നു. ഫ്ലിന്റോഫ് എറിഞ്ഞ 49–ാം ഓവറിലെ മൂന്നാം പന്ത്. പന്ത് കവറിലേക്ക് തട്ടിയിട്ട സഹീര്‍ ഖാന്‍ റണ്ണിനായി ഓടി. ഇംഗ്ലീഷ് ഫീല്‍ഡര്‍ കൈഫിനെ പുറത്താക്കാന്‍ വിക്കറ്റിലേക്ക് പന്തെറിഞ്ഞെങ്കിലും കൊണ്ടില്ല. തടയാന്‍ ഫീല്‍‍‍‍ഡറില്ലാത്തതിനാല്‍ ഓവര്‍ത്രോ ആയി. സഹീറും കൈഫും തിരിച്ചോടി ഒരു റണ്‍ കൂടി നേടി. ഇന്ത്യയ്ക്ക് ഒരിക്കലും മറക്കാനാകാത്ത ഉജ്വല വിജയം!

വിക്കറ്റില്‍ കൊള്ളാതെ പന്ത് ഓവര്‍ത്രോ ആയതോടെ ലോര്‍ഡ്സിലെ ബാല്‍ക്കണിയില്‍ അതുവരെ ക്രിക്കറ്റ് ലോകം കാണാത്തൊരു കാഴ്ച കണ്ടു. ബാല്‍ക്കണിയില്‍ കാലുകയറ്റിവച്ച് നഖം കടിച്ചിരുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി ചാടി എഴുന്നേറ്റു. ജഴ്സി ഊരി കറക്കിവീശി.  ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മാത്രമല്ല, ക്രിക്കറ്റിന്‍റെ ചരിത്രത്തില്‍ തന്നെ ഉജ്വലമായ വിജയങ്ങളിലൊന്ന്. ഇംഗ്ലണ്ടിനെ, ക്രിക്കറ്റിന്‍റെ മെക്കയില്‍ തന്നെ പരാജയപ്പെടുത്തിയതിന്‍റെ മധുരം രാജ്യം ആഘോഷിച്ചു.

അതിനും കൃത്യം 19 വര്‍ഷം മുന്‍പായിരുന്നു ലോര്‍ഡ്സിന്‍റെ ബാല്‍ക്കണിയില്‍ കപിലിന്റെ ചെകുത്താന്‍ കന്നി ലോകകപ്പുമായി ആനന്ദനൃത്തം ചവിട്ടിയത്. ഗാംഗുലിയുടെ ജഴ്സിയൂരല്‍ പക്ഷേ വന്‍ വിവാദമായി. മാന്യന്‍മാരുടെ കളിക്ക് ചേരാത്തതാണെന്നും അപരിഷ്കൃതമായിപ്പോയെന്നുമെല്ലാം ഇംഗ്ലിഷുകാര്‍ വാക്ശരമെയ്തു. വികൃതിപ്പയ്യനെന്നായിരുന്നു ജെഫ്രി ബോയ്ക്കോട്ട് ഗാംഗുലിയെ വിശേഷിപ്പിച്ചത്. ആവേശക്കൊടുമുടിയില്‍ അങ്ങനെ ചെയ്തതാണെങ്കിലും പിന്നീടൊരിക്കല്‍ മകള്‍ സന അക്കാര്യം ചോദിച്ചപ്പോള്‍ താന്‍ ചമ്മിപ്പോയെന്നും ഇനിയൊരിക്കലും അത് ചെയ്യില്ലെന്നും പിന്നീടൊരു അഭിമുഖത്തില്‍ ഗാംഗുലി തുറന്ന് പറഞ്ഞു.

ENGLISH SUMMARY:

22 Years ago, Saurav Ganguly and Team India owned Lords. Ganguly, in a moment of pure joy took off his shirt and waved it from the Lord's balcony, a gesture that symbolized the team's triumph and the nation's pride.