ഫോട്ടോ: പിടിഐ

TOPICS COVERED

വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും സ്വന്തം പേരില്‍ ചേര്‍ത്ത റെക്കോര്‍ഡുകളില്‍ പലതും ഇന്നും തകര്‍ക്കപ്പെട്ടിട്ടില്ല. എന്നാല്‍ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും കഴിവുള്ള താരം ആര് എന്ന ചോദ്യത്തിന് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരല്ല ലാറ പറയുന്നത്. വിന്‍ഡീസ് സഹതാരം കാള്‍ ഹൂപ്പറാണ് ലാറയുടെ വിലയിരുത്തലില്‍ മികച്ച താരം. ടെസ്റ്റില്‍ 400 എന്ന മാന്ത്രിക സംഖ്യ മറികടക്കാന്‍ സാധ്യതയുള്ള ഇന്ത്യന്‍ താരങ്ങളുടെ പേരും ലാറ പറയുന്നു.

ഞാന്‍ കണ്ട എക്കാലത്തേയും മികച്ച താരങ്ങളില്‍ ഒരാള്‍ കാള്‍ ഹൂപ്പര്‍ ആണ്. അദ്ദേഹത്തിന്റെ കഴിവിന് അടുത്ത് പോലും ഞാനോ സച്ചിനോ വരുന്നില്ല. ക്യാപ്റ്റന്‍ എന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും ഹൂപ്പറിന്റെ കണക്കുകള്‍ എടുത്താല്‍ വ്യത്യസ്തമായിരിക്കുന്നത് കാണാം. ക്യാപ്റ്റന്‍ സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കാള്‍ ഹൂപ്പറിന്റെ ബാറ്റിങ് ശരാശരി 50 ആണ്. അതിനര്‍ഥം അദ്ദേഹം ആ ഉത്തരവാദിത്തം ആസ്വദിച്ചിരുന്നു എന്നാണ്. ക്യാപ്റ്റന്‍ എന്ന നിലയില്‍ നിന്ന് മാത്രമാണ് അദ്ദേഹം കഴിവുകള്‍ പൂര്‍ണമായി പുറത്തെടുത്തത് എന്നത് സങ്കടകരമായ കാര്യമാണ്, ലാറ പറയുന്നു.

ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്സ് തന്നെക്കാള്‍ ഇഷ്ടപ്പെട്ടിരുന്നത് കാള്‍ ഹൂപ്പറിനെ ആയിരുന്നു എന്നും ലാറ പറയുന്നു. ടെസ്റ്റില്‍ തന്റെ 400 റണ്‍സ് എന്ന റെക്കോര്‍ഡ് തകര്‍ക്കാന്‍ പ്രാപ്തിയുള്ള താരങ്ങള്‍ ഇപ്പോഴുള്ളത് ഇന്ത്യയിലും ഇംഗ്ലണ്ടിലുമാണ്. 'ഞാന്‍ കളത്തിലുള്ളപ്പോള്‍ വെല്ലുവിളി ഉയര്‍ത്തി, 300 സ്കോര്‍ കടത്തുകയെങ്കിലും ചെയ്ത താരങ്ങളാണ് സെവാഗും ഗെയ്‍ലും ഇന്‍സമാം ഉള്‍ഹഖും സനത് ജയസൂര്യയുമെല്ലാം'.

ഇന്ന് അഗ്രസീവ് ക്രിക്കറ്റ് കളിക്കുന്ന എത്ര താരങ്ങളുണ്ട്? പ്രത്യേകിച്ച് ഇംഗ്ലണ്ട് ടീമില്‍. സാക് ക്രൊലി, ഹാരി ബ്രൂക്ക്. ഇന്ത്യന്‍ ടീമില്‍ യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍. ശരിയായ സാഹചര്യം ലഭിച്ചാല്‍ ഇരുവര്‍ക്കും ആ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയും, ലാറ പറഞ്ഞു.

ENGLISH SUMMARY:

Windies legend Lara and master blaster Sachin Tendulkar have many records to their name which are still unbroken. But when asked who is the most talented cricketer the world has seen, Lara does not say Sachin Tendulkar's name.