ടെസ്റ്റ് ക്രിക്കറ്റില്‍ തന്‍റെ റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ പോകുന്നത് വിരാട് കോലിയോ, രോഹിത് ശര്‍മയോ അല്ലെന്നും ശുഭ്മന്‍ ഗില്ലാകും ആ വീരനെന്നും പ്രവചിച്ച് വിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. ഈ തലമുറയിലെ ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റര്‍ ഗില്ലാണെന്നും ക്രിക്കറ്റിലെ നാളെകള്‍ അയാളുടേതാണെന്നും ലാറ ആത്മവിശ്വാസത്തോടെ പറയുന്നു. തലപ്പൊക്കത്തോടെ നില്‍ക്കുന്ന റെക്കോര്‍ഡുകള്‍ പലതും ഗില്ലിന് മുന്നില്‍ കടപുഴകുമെന്നും കൗണ്ടി കളിച്ചാല്‍ താന്‍ കുറിച്ച 501 (നോട്ട് ഔട്ട്) സ്കോര്‍ വരെ ഗില്‍ മറികടക്കുമെന്നും ലാറ ആനന്ദ് ബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

 

ഈ ലോകകപ്പില്‍ ഗില്‍ സെഞ്ചറി നേടിയില്ല. പക്ഷേ എല്ലാ ഫോര്‍മാറ്റിലും ഗില്ലിന് സെഞ്ചറികളുണ്ട്. ഏകദിനത്തില്‍ ഇരട്ട സെഞ്ചറിയുണ്ട്. തനിച്ച് കളി ജയിപ്പിക്കാന്‍ കൂടി പോന്നതാരമെന്ന് ഐപിഎല്ലിലെ പ്രകടനത്തില്‍ തെളിയിച്ചിട്ടുണ്ട്. തന്‍റെ വാക്കുകള്‍ കുറിച്ചു വച്ചുകൊള്ളൂവെന്നും ലാറ കൂട്ടിച്ചേര്‍ത്തു. 

ലോകകപ്പില്‍ ഒന്‍പത് കളികളില്‍ നിന്നായി നാല് അര്‍ധ സെഞ്ചറികളടക്കം 354 റണ്‍സായിരുന്നു 24കാരനായ ഗിലിന്‍റെ സമ്പാദ്യം.  ഇനി ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ടീമിലും ടെസ്റ്റിലും ഗില്‍ കളിക്കും. 

 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20യ്ക്ക് ഡിസംബര്‍ പത്തിനാണ് തുടക്കമാകുക. 17 മുതല്‍ ഏകദിനങ്ങളും ഡിസംബര്‍ 26 ന് ടെസ്റ്റ് മല്‍സരങ്ങള്‍ക്കും തുടക്കമാകും.