ട്വന്‍റി ട്വന്‍റി ലോകകിരീടം നേടിയശേഷം വിജയാഹ്ളാദ പ്രകടനം നടത്തുന്ന ഹാര്‍ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും

  • സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ട്വന്‍റി ട്വന്‍റി ക്യാപ്റ്റനാകും?
  • പുതിയ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചയില്‍ ബിസിസിഐ
  • ശ്രീലങ്ക പര്യടനത്തിനുള്ള ടീമിനെയും നിശ്ചയിക്കും

ഇന്ത്യന്‍ ട്വന്‍റി ട്വന്‍റി ടീമിന്‍റെ ക്യാപ്റ്റനെയും ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെയും തിരഞ്ഞെടുക്കാനുള്ള ബിസിസിഐ യോഗം വൈകാതെ ചേരും. ലോകകപ്പ് നേടിയ ടീമിന്റെ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ രോഹിത് ശര്‍മയുടെ പിന്‍ഗാമിയാകാനുള്ള സാധ്യത അടഞ്ഞുവെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സൂര്യകുമാര്‍ യാദവിനാണ് ക്യാപ്റ്റന്‍ പദവിയിലേക്ക് ഏറ്റവും സാധ്യത. ഇതുസംബന്ധിച്ച സൂചന പാണ്ഡ്യയ്ക്ക് നല്‍കിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

ട്വന്‍റി ട്വന്‍റി ലോകകപ്പ് ട്രോഫിയുമായി സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും

ലോകകപ്പ് വിജയത്തിനുപിന്നാലെ രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും ട്വന്‍റി ട്വന്‍റി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെയാണ് പുതിയ ക്യാപ്റ്റനെയും സൂപ്പര്‍താരങ്ങളുടെ പകരക്കാരെയും തേടേണ്ടിവന്നത്. ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥിരതയില്ലായ്മയും ഫിറ്റ്നസ് പ്രശ്നങ്ങളും ക്യാപ്റ്റന്‍സി ചര്‍ച്ചകളില്‍ അദ്ദേഹത്തിന് എതിരായി. പുതിയ പരിശീലകന്‍ ഗൗതം ഗംഭീറും സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാറിനെ നായകപദവി ഏല്‍പ്പിക്കുന്നതാണ് ഉചിതം എന്ന നിലപാടിലാണ്.

ലോകകപ്പ് വിജയത്തിനുശേഷം ഗുജറാത്തിലെ വഡോദരയില്‍ നല്‍കിയ സ്വീകരണത്തില്‍ ഹാര്‍ദിക് പാണ്ഡ്യ

സൂര്യകുമാറിനെക്കാള്‍ മൂന്നുവയസ് കുറവാണെങ്കിലും മല്‍സരപരിചയത്തിലും ക്യാപ്റ്റനായുള്ള പരിചയത്തിലും പാണ്ഡ്യയാണ് മുന്നില്‍. 16 ട്വന്റി ട്വന്റി മല്‍സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലും പാണ്ഡ്യ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിലെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ശേഷം മുംബൈ ഇന്ത്യന്‍സിന്റെ നായകപദവി ഏറ്റെടുത്തു. ഇതുമുതലാണ് ഹാര്‍ദിക്കിന്റെ കഷ്ടകാലം ആരംഭിച്ചത്. മുതിര്‍ന്ന താരങ്ങളെ അവഗണിച്ച് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിനെതിരെ ആരാധകര്‍ ഗ്രൗണ്ടിലും പുറത്തും ഹാര്‍ദിക്കിനെ ലക്ഷ്യമിട്ടു. മുംബൈ ഐപിഎലില്‍ തോറ്റ് തുന്നംപാടിയതോടെ പാണ്ഡ്യ വന്‍ പ്രതിസന്ധിയിലായി. ലോകകപ്പിലെ പ്രകടനം പ്രതിച്ഛായ മെച്ചപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍സിയിലേക്ക് അത് പോരായിരുന്നു.

ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മാത്യു വെയ്ഡിനൊപ്പം സൂര്യകുമാര്‍ യാദവ്

സൂര്യകുമാര്‍ യാദവ് ഓസ്ട്രിലേയയ്ക്കെതിരായ ട്വന്‍റ് ട്വന്റി പരമ്പരയില്‍ ഇന്ത്യയെ 4–1 ന് വിജയത്തിലേക്ക് നയിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ 1–1 സമനില നേടുകയും ചെയ്തു. ടീമിലുണ്ടെങ്കിലും അന്തിമ ഇലവനിലുണ്ടാകും എന്ന് ഉറപ്പുള്ള താരം കൂടിയാണ് സൂര്യ. ശ്രീലങ്ക പരമ്പര പുതിയ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചിനും ആദ്യ വെല്ലുവിളിയാകും. 2026ല്‍ ഇന്ത്യ കൂടി ആതിഥ്യമരുളുന്ന ട്വന്‍റി ട്വന്‍റി ലോകകപ്പിനുള്ള ടീമിനെ വാര്‍ത്തെടുക്കലാകും ഇപ്പോള്‍ മുതല്‍ ടീം മാനേജ്മെന്റിന്റെ ലക്ഷ്യം.

ENGLISH SUMMARY:

The BCCI is soon convening a meeting to select the new captain for the Indian T20 team and the squad for the Sri Lanka tour, with Suryakumar Yadav emerging as the frontrunner for captaincy over Hardik Pandya. Despite Hardik's experience and past success, his inconsistency and fitness issues have worked against him. Following the retirements of Rohit Sharma, Virat Kohli, and Ravindra Jadeja from T20 cricket, a new leadership is essential. Suryakumar, who led India to a series win against Australia and a draw against South Africa, is now set to take on the leadership role for the upcoming challenges, including the 2026 T20 World Cup.