ഓസ്‌ട്രേലിയയ്‌ക്കെതിരായ ‍സിഡ്നി ടെസ്റ്റിന്‍റെ രണ്ടാം ദിനം രണ്ടാം സെഷനിൽ ടീം ഡോക്ടർക്കൊപ്പം ഗ്രൗണ്ട് വിട്ട് ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. ഉച്ചഭക്ഷണത്തിന് ശേഷം ഫീൽഡ് ചെയ്തെങ്കിലും ഒരു ഓവർ മാത്രം ബൗൾ ചെയ്ത ശേഷം ടീം ഡോക്ടറും ബിസിസിഐ ഇൻ്റഗ്രിറ്റി മാനേജരുമായ അൻഷുമാൻ ഉപാധ്യായയ്‌ക്കൊപ്പം ഗ്രൗണ്ട് വിടുകയായിരുന്നു താരം. ഇതുമായി ബന്ധപ്പെട്ട്  ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല. എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. 

ഗ്രൗണ്ട് വിടുന്ന ബുംറയുടെ ദൃശ്യങ്ങള്‍ ഫോക്സാണ് പുറത്തുവിട്ടത്. ബുംറ സ്കാനിങിന് പോയിരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പ്രകടമായ അസ്വസ്ഥതകളൊന്നും താരത്തിന് ഉണ്ടായിരുന്നില്ല. ബുംറ ഉടന്‍ ഗ്രൗണ്ടിലേക്ക് തിരിച്ചെത്തുമെന്നാണ് ടീമും പ്രതീക്ഷിക്കുന്നത്. പരമ്പരയില്‍ മികച്ച പ്രകടനമാണ് ബുംറ കാഴ്ചവച്ചത്. 32 വിക്കറ്റുമായി പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ബൗളറാണ് താരം. ഓസ്‌ട്രേലിയയിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർ എന്ന ബിഷൻ സിങ് ബേദിയുടെ റെക്കോർഡാണ് ബുംറ ഇതിനകം തകര്‍ത്തത്.

അതേസമയം, ഇന്ത്യയ്‌ക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ് തകർച്ചയിലാണ് ആതിഥേയരായ ഓസ്ട്രേലിയ. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ 181 റൺസിന് പുറത്തായി. 51 ഓവറിലാണ് ഓസീസ് 181 റൺസിന് പുറത്തായത്. ഇതോടെ, സിഡ്നി ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് നാലു റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. ഓസ്ട്രേലിയക്ക് 39റണ്‍സ് എടുക്കുന്നതിനിടെ ആദ്യ നാലുവിക്കറ്റും 96 റണ്‍സ് ചേര്‍ക്കുന്നതിനിടെ അഞ്ചുവിക്കറ്റും നഷ്ടമായി.

57റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ വെബ്സ്റ്ററാണ് ടോപ്സ്കോറര്‍. കോണ്‍സ്റ്റസ് 23 റണ്‍സും ഖവാജയും ലബുഷെയ്നും രണ്ടുറണ്‍സ് വീതവും നേടി. ട്രവിസ് ഹെ‍ഡ് നാല് റണ്‍സ് നേടിയപ്പോള്‍ സ്മിത്ത് 33റണ്‍സെടുത്തു. ബുംറയ്ക്ക് രണ്ടുവിക്കറ്റും സിറാജും പ്രസിദ്ധ് കൃഷ്ണയും മൂന്ന് വീക്കറ്റ് വീതവും നേടി. താന്‍ വിരമിച്ചിട്ടില്ലെന്നും അവസാന ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കുകമാത്രമാണ് ചെയ്തെന്നും രോഹിത് ശര്‍മ മല്‍സര ഇടവേളയില്‍ അറിയിച്ചു. ടീമിന്റെ മികച്ച പ്രകടനമാണ് ലക്ഷ്യമെന്നും രോഹിത് ശര്‍മ പറ‍ഞ്ഞു.

ENGLISH SUMMARY:

India's captain Jasprit Bumrah exited the field with the team doctor during the Sydney Test against Australia. Fans express concern as no official update has been provided yet.