• രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി സൂര്യകുമാര്‍ ഇന്ത്യന്‍ നായകപദവിയില്‍
  • ബിസിസിഐ തീരുമാനം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കൊടുവില്‍
  • ട്വന്‍റി ട്വന്‍റി നായകനായി സൂര്യയുടെ അരങ്ങേറ്റം ശ്രീലങ്ക പര്യടനത്തില്‍

സൂര്യകുമാര്‍ യാദവ് ഇന്ത്യന്‍ ടി ട്വന്റി ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍. ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക് പാണ്ഡ്യയെ മറികടന്നാണ് ബിസിസിഐ സൂര്യയെ നായകപദവിയില്‍ അവരോധിച്ചത്. ലോകകപ്പ് നേടിയതിന് തൊട്ടുപിന്നാലെ രോഹിത് ശര്‍മയും വിരാട് കോലിയും രവീന്ദ്ര ജഡേജയും രാജ്യാന്തര ട്വന്റി ട്വന്റി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെയാണ് ടീമിന് പുതിയ നേതൃത്വം വേണ്ടിവന്നത്. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ വലിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സൂര്യകുമാറിനെ ക്യാപ്റ്റനായി നിശ്ചയിച്ചത്. പുതിയ പരിശീലകന്‍ ഗൗതം ഗംഭീറിന്റെയും ചീഫ് സിലക്ടര്‍ അജിത് അഗാര്‍ക്കറിന്റെയും പിന്തുണ സൂര്യയ്ക്കായിരുന്നു. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഹാര്‍ദിക് പാണ്ഡ്യയ്ക്കുവേണ്ടി നിലകൊണ്ടുവെന്നാണ് വിവരം.

2021ല്‍ മാര്‍ച്ച് 14ന് അഹമ്മദാബാദില്‍ ഇംഗ്ലണിനെതിരെയാണ് സൂര്യകുമാര്‍ യാദവ് രാജ്യാന്തര ട്വന്റി ട്വന്റിയില്‍ അരങ്ങേറ്റം കുറിച്ചത്. കഴിഞ്ഞ ലോകകപ്പ് ഫൈനല്‍ വരെ 68 മല്‍സരങ്ങള്‍ കളിച്ചു. 65 ഇന്നിങ്സുകളില്‍ നിന്ന് 2340 റണ്‍സാണ് സമ്പാദ്യം. അതും 167.74 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റില്‍. 43.33 ആണ് റണ്‍സ് ശരാശരി. കരിയറില്‍ ഇതുവരെ നാല് സെഞ്ചറികളും 19 അര്‍ധ സെഞ്ചറികളും നേടിയിട്ടുണ്ട്. 2022 ജൂലൈ പത്തിന് നോട്ടിങാമില്‍ ഇംഗ്ലണ്ടിനെതിരെ നേടി 117 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. വെറും 55 പന്തില്‍ 6 സിക്സും 14 ഫോറും ഉള്‍പ്പെടെയാണ് സൂര്യ അന്ന് കരിയറിലെ മികച്ച ഇന്നിങ്സ് കുറിച്ചത്. ശ്രീലങ്ക, ന്യൂസീലാന്‍ഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു മറ്റ് സെഞ്ചറികള്‍. ട്വന്റി ട്വന്റി ബാറ്റര്‍മാരുടെ ലോകറാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്താണ് സൂര്യ ഇപ്പോള്‍.

ലോക ട്വന്റി ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും സ്ഫോടനാത്മക ശൈലിയില്‍ കളിക്കുന്ന ബാറ്റര്‍മാരുടെ മുന്‍നിരയിലാണ് സൂര്യയുടെ സ്ഥാനം. 15 തവണ പ്ലെയര്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ താരം ഏറ്റവും കൂടുതല്‍ തവണ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ക്രിക്കറ്ററാണ്. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ടി ട്വന്റി റണ്‍സ് നേടിയവരുടെ പട്ടികയിലും രണ്ടാംസ്ഥാനത്ത് സൂര്യയുണ്ട്. 2022ല്‍ 31 കളികളില്‍ നിന്ന് 1164 റണ്‍സ്. ആ വര്‍ഷം ലോകക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടി ട്വന്റി റണ്‍സ് നേടിയതും സൂര്യയായിരുന്നു. ഇതിനൊപ്പം ഒരു സീരീസില്‍ ഏറ്റവും കൂടുതല്‍ തവണ (3) ഡക്കായ ചരിത്രവും പുതിയ ഇന്ത്യന്‍ ക്യാപ്റ്റനുണ്ട്.

ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥിരതയില്ലായ്മയും ഫിറ്റ്നസ് പ്രശ്നങ്ങളും ക്യാപ്റ്റന്‍സി ചര്‍ച്ചകളില്‍ അദ്ദേഹത്തിന് എതിരായി. പരിശീലകന്‍ ഗൗതം ഗംഭീറിന് പുറമേ സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാറിനെ നായകപദവി ഏല്‍പ്പിക്കുന്നതാണ് ഉചിതം എന്ന നിലപാടിലായിരുന്നു. ഫുള്‍ടൈം ക്യാപ്റ്റനാകും മുന്‍പ് സൂര്യകുമാര്‍ യാദവ് ഓസ്ട്രേലിയയ്ക്കെതിരായ ട്വന്‍റി ട്വന്റി പരമ്പരയില്‍ ഇന്ത്യയെ 4–1 ന് വിജയത്തിലേക്ക് നയിച്ചിരുന്നു. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ 1–1 സമനില നേടുകയും ചെയ്തു. ശ്രീലങ്ക പരമ്പര പുതിയ ഇന്ത്യന്‍ ക്യാപ്റ്റനും കോച്ചിനും ആദ്യ വെല്ലുവിളിയാകും. 2026ല്‍ ഇന്ത്യ കൂടി ആതിഥ്യമരുളുന്ന ട്വന്‍റി ട്വന്‍റി ലോകകപ്പിനുള്ള ടീമിനെ വാര്‍ത്തെടുക്കലാകും ഇപ്പോള്‍ മുതല്‍ ടീം മാനേജ്മെന്റിന്റെ ലക്ഷ്യം.

സൂര്യകുമാറിനെക്കാള്‍ മൂന്നുവയസ് കുറവാണെങ്കിലും മല്‍സരപരിചയത്തിലും ക്യാപ്റ്റനായുള്ള പരിചയത്തിലും പാണ്ഡ്യയാണ് മുന്നില്‍. 16 ട്വന്റി ട്വന്റി മല്‍സരങ്ങളിലും മൂന്ന് ഏകദിനങ്ങളിലും പാണ്ഡ്യ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിലെ ഐപിഎല്‍ കിരീടത്തിലേക്ക് നയിച്ച ശേഷം മുംബൈ ഇന്ത്യന്‍സിന്റെ നായകപദവി ഏറ്റെടുത്തു. ഇതുമുതലാണ് ഹാര്‍ദിക്കിന്റെ കഷ്ടകാലം ആരംഭിച്ചത്. മുതിര്‍ന്ന താരങ്ങളെ അവഗണിച്ച് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയതിനെതിരെ ആരാധകര്‍ ഗ്രൗണ്ടിലും പുറത്തും ഹാര്‍ദിക്കിനെ ലക്ഷ്യമിട്ടു. മുംബൈ ഐപിഎലില്‍ തോറ്റ് തുന്നംപാടിയതോടെ പാണ്ഡ്യ വന്‍ പ്രതിസന്ധിയിലായി. ലോകകപ്പിലെ പ്രകടനം പ്രതിച്ഛായ മെച്ചപ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍സിയിലേക്ക് അത് പോരായിരുന്നു.

ENGLISH SUMMARY:

Suryakumar Yadav has been appointed as the captain of the Indian T20 cricket team, surpassing Hardik Pandya, who was the vice-captain of the World Cup-winning team. Suryakumar, known for his explosive batting, has played 68 matches, scoring 2340 runs with a strike rate of 167.74 and an average of 43.33. Despite Hardik's experience and previous captaincy roles, his inconsistency and fitness issues influenced the decision, with strong support for Suryakumar from coach Gautam Gambhir and former captain Rohit Sharma.