PTI08_02_2023_000337B

മുഹമ്മദ് കൈഫ് വാര്‍ത്താസമ്മേളനത്തില്‍ (Archives Image)

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാക്കാതിരിക്കാന്‍ തക്ക തെറ്റൊന്നും ഹാര്‍ദിക് പാണ്ഡ്യ ചെയ്തിട്ടില്ലെന്ന് മുന്‍ താരം മുഹമ്മദ് കൈഫ്. ‘സൂര്യകുമാര്‍ യാദവ് നല്ല ക്രിക്കറ്ററാണ്, ടീമിനെ നന്നായി നയിക്കുകയും ചെയ്യുമായിരിക്കും’. പക്ഷേ മികവാണ് മാനദണ്ഡമെങ്കില്‍ ബിസിസിഐ ഹാര്‍ദിക്കിനെ പിന്തുണയ്ക്കണമായിരുന്നുവെന്ന് കൈഫ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ലോകകിരീടം നേടിയ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ ആ പദവിയില്‍ നിന്നുപോലും ഒഴിവാക്കിയതിനെ മുഹമ്മദ് കൈഫ് രൂക്ഷമായി വിമര്‍ശിച്ചു.

CRICKET-T20-IND-ZAF/REPORT

ട്വന്‍റി ട്വന്‍റി ലോകകപ്പ് ഫൈനല്‍ ജയിച്ചശേഷം ഹാര്‍ദിക് പാണ്ഡ്യ

‘പുതുമുഖങ്ങളടങ്ങിയ പുതിയൊരു ടീമിനെ (ഗുജറാത്ത് ടൈറ്റന്‍സ്) ഐപിഎല്‍ കിരീടത്തിലേക്കും തൊട്ടടുത്ത വര്‍ഷം ഫൈനലിലേക്കും നയിച്ച താരമാണ് ഹാര്‍ദിക് പാണ്ഡ്യ. 16 രാജ്യാന്തര മല്‍സരങ്ങളില്‍ ഇന്ത്യന്‍ ടീമിനെയും നയിച്ചിട്ടുണ്ട്. ഓള്‍റൗണ്ടറെന്ന നിലയിലും മികവുകാട്ടി. പരുക്ക് ആര്‍ക്കും വരാം. അതിന്റെ പേരില്‍ ക്യാപ്റ്റന്‍സിയില്‍ നിന്ന് തഴയുന്നത് നീതീകരിക്കാനാവില്ല’. അതിനുതക്ക തെറ്റൊന്നും ഹാര്‍ദിക് ചെയ്തിട്ടില്ലെന്നും കൈഫ് പറഞ്ഞു.

PTI06_30_2024_000107A

ട്വന്‍റി ട്വന്‍റി ലോകകപ്പ് നേടിയശേഷം ദേശീയപതാകയുമായി ഹാര്‍ദിക് പാണ്ഡ്യ

‘ഗൗതം ഗംഭീര്‍ മികച്ച കളിക്കാരനും പരിശീലകനുമാണ്. ക്രിക്കറ്റിനെ നന്നായി മനസിലാക്കുന്നയാളുമാണ്’. പക്ഷേ ഹാര്‍ദിക്കിന്റെ അനുഭവസമ്പത്തും മല്‍സരപരിചയവും ക്യാപ്റ്റന്‍സി മികവും അദ്ദേഹവും കണക്കിലെടുത്തില്ലെന്നും കൈഫ് പരോക്ഷമായി കുറ്റപ്പെടുത്തി. ലോകകിരീടം നേടിയ ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നിട്ടും ഇന്ത്യയുടെ വിജയത്തില്‍ സുപ്രധാന പങ്കുവഹിച്ചിട്ടും ഹാര്‍ദിക് പാണ്ഡ്യയെ രോഹിത് ശര്‍മയുടെ പിന്‍ഗാമിയാക്കാതിരുന്നത് പല കോണുകളില്‍ നിന്നും വിമര്‍ശനത്തിനിടയാക്കിയിരുന്നു.

PTI09_16_2022_000256B

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്

ശ്രീലങ്ക പര്യടനത്തിനുള്ള ഇന്ത്യന്‍ ട്വന്‍റി ട്വന്റി ടീമില്‍ മാത്രമാണ് ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഇടംലഭിച്ചത്. ഏകദിന ടീമില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ റിയാന്‍ പരാഗിനെയും ശിവം ദുബെയെയും പോലെ ഫോമിന്റെ കാര്യത്തില്‍ സ്ഥിരത പുലര്‍ത്താത്ത താരങ്ങള്‍ക്ക് രണ്ട് ടീമുകളിലും ഇടം ലഭിക്കുകയും ചെയ്തു. ഈമാസം ഇരുപത്തേഴിനാണ് ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്ക പര്യടനം ആരംഭിക്കുന്നത്. ട്വന്‍റി ട്വന്റി ടീമിനെ സൂര്യകുമാര്‍ യാദവും ഏകദിന ടീമിനെ രോഹിത് ശര്‍മയുമാണ് നയിക്കുന്നത്. ശുഭ്മന്‍ ഗില്ലാണ് ഇരുടീമുകളുടെയും വൈസ് ക്യാപ്റ്റന്‍.

ENGLISH SUMMARY:

Former cricketer Mohammad Kaif stated that Hardik Pandya did nothing wrong to be overlooked for India's captaincy. Kaif criticized the BCCI for not supporting Pandya, highlighting his achievements like leading Gujarat Titans to an IPL title and reaching the final the next year. Despite being the vice-captain of the T20 World Cup-winning team, Pandya was excluded from that role.