new-york-stadium

ഫോട്ടോ: എപി

അമേരിക്കയില്‍ ട്വന്റി ട്വന്റി ലോകകപ്പിന് വേദിയൊരുക്കിയതിലൂടെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനുണ്ടായ നഷ്ടം 167 കോടി രൂപ. കൊളംബോയില്‍ ഇന്നാരംഭിക്കുന്ന ഐസിസി വാര്‍ഷിക യോഗത്തില്‍ ഇത് പ്രധാന വിഷയമാകും. ഇന്ത്യ–പാകിസ്ഥാന്‍ മത്സരം ഉള്‍പ്പെടെ ലോകകപ്പിലെ വലിയൊരുഭാഗം മത്സരങ്ങള്‍ നടത്തിയത് ന്യൂയോര്‍ക്കിലാണ്.

എന്നാല്‍ ന്യൂയോര്‍ക്കിലെ പിച്ചിനെച്ചൊല്ലി വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. നാസൗ കൗണ്ടിയിലെ പരുക്കന്‍ പിച്ച് ബാറ്റര്‍മാരെ വല്ലാതെ കുഴക്കിയിരുന്നു. അയര്‍ലന്‍ഡിന് എതിരായ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് ബൗണ്‍സറില്‍ പരുക്കേറ്റ് ഗ്രൗണ്ട് വിടേണ്ടി വന്നിരുന്നു.

ബാറ്റിങ് ഇതിഹാസവും ഇന്ത്യന്‍ പരിശീലകനുമായി രാഹുല്‍ ദ്രാവിഡിനു തന്നെ പിച്ചിന്റെ നിലവാരക്കുറവ് ചൂണ്ടിക്കാട്ടി പരസ്യമായി രംഗത്തിറങ്ങേണ്ടിവന്നു. യുഎസ്എ ട്വന്റി20 ലോകകപ്പിന് വേദിയായപ്പോള്‍ത്തന്നെ പിച്ചുകള്‍ എങ്ങനെയാകുമെന്ന് സംശയം ഉയര്‍ന്നിരുന്നു. ഡ്രോപ്പ് ഇന്‍ പിച്ചുകളാണ് ലോകകപ്പില്‍ ഉപയോഗിച്ചത്. അഡ്‍ലെയ്‍ഡില്‍ ഒരുക്കിയ പിച്ചുകള്‍ അമേരിക്കയില്‍ എത്തിച്ച് ഗ്രൗണ്ടില്‍ സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ഐസിസിയും പിച്ച് ക്യുറേറ്ററും പ്രതീക്ഷിച്ചതിന് വിപരീതമായിരുന്നു പിച്ചിന്റെ സ്വഭാവം.

ബിസിസിഐ സെക്രട്ടറി ജയ് ഷായെ ഐസിസി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും വാര്‍ഷിക യോഗത്തില്‍ നടക്കും. ബിസിസിഐ സെക്രട്ടറിയായി ഷായ്ക്ക് ഒരു വര്‍ഷം കൂടി ബാക്കിയുണ്ട്.

ENGLISH SUMMARY:

The ICC incurred a loss of 167 crores due to hosting the T20 World Cup in the USA, with this issue being a primary topic at the annual ICC meeting starting in Colombo. Most matches, including the India-Pakistan game, were held in New York, where the pitch faced heavy criticism for its poor quality, troubling batsmen and leading to Indian captain Rohit Sharma's injury. Indian coach Rahul Dravid publicly criticized the pitch, which was made using drop-in pitches from Adelaide that did not perform as expected.