siraj-icc

അഡ്​ലെയ്ഡിലെ ടെസ്റ്റ് മല്‍സരത്തിനിടെ ഓസീസ് ബാറ്റര്‍ക്ക് നേരെ പന്തെറിഞ്ഞ സംഭവത്തില്‍ ഇന്ത്യന്‍താരം മുഹമ്മദ് സിറാജിനെതിരെ ഐസിസി നടപടിയെടുത്തേക്കും. ഓസീസ് ഇന്നിങ്സിന്‍റെ 25ാം ഓവറിലാണ് നിയന്ത്രണം വിട്ട സിറാജ് ലബുഷെയ്ന് നേരെ പന്തെറിഞ്ഞത്.  സിറാജിന് പിന്നിലുള്ള ഗാലറിയിലൂടെ ഒരാള്‍ ഗ്ലാസുകളുമായി നടന്നു നീങ്ങുന്നത് കണ്ടതോടെയാണ് പന്ത് നേരിടാതെ ലബുഷെയ്ന്‍ പിന്‍മാറിയത്. ഇതില്‍ കുപിതനായ സിറാജ് പന്ത് വലിച്ചെറിയുകയായിരുന്നു. സിറാജിന്‍റെ വരവ് പന്തിയല്ലെന്ന് കണ്ട് ഓസീസ് താരം ഒഴിഞ്ഞുമാറി. പന്ത് സ്റ്റംപിലും കൊള്ളാതെ മാറി വീഴുകയായിരുന്നു. കാഴ്ച മറഞ്ഞുവെന്ന് സിറാജിനോട് പറയാന്‍ ലബുഷെയ്ന്‍ ശ്രമിക്കുന്നതും പുറത്തുവന്ന വിഡിയോ ദൃശ്യങ്ങളില്‍ കാണാം. കടുത്ത വിമര്‍ശനമാണ് സിറാജിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം ഉയരുന്നത്.

ബാറ്റര്‍ക്കടുത്തേക്ക് അപകടകരമായ രീതിയില്‍ പന്തെറിയുന്നത് ഐസിസി ചട്ടപ്രകാരം പിഴയീടാക്കാവുന്ന കുറ്റമാണ്.  ചട്ടം 2.9 അനുസരിച്ച് 'പന്തോ, വാട്ടര്‍ ബോട്ടിലോ, ക്രിക്കറ്റ് കളിക്കാന്‍ ഉപയോഗിക്കുന്ന മറ്റെന്ത് വസ്തുവും ബാറ്റര്‍ക്ക് നേരെയോ, ബാറ്ററുടെ അടുത്തേക്കോ, അംപയര്‍ക്ക് നേരെയോ, മാച്ച് റഫറിക്കോ, സപ്പോര്‍ട്ടിങ് സ്റ്റാഫിന് നേരെയോ രാജ്യാന്തര മല്‍സരങ്ങള്‍ക്കിടെ എറിയുന്നത് ശിക്ഷാര്‍ഹമാണ്. എന്നാല്‍ കളിക്കിടെ  പന്ത് കൈമാറുന്നതിനായി ബോളറോ, ഫീല്‍ഡറോ എറിയുന്നതും ബാറ്ററെ റണ്‍ ഔട്ട് ആക്കാന്‍ ശ്രമിക്കുന്നതും ചട്ടപ്രകാരം കുറ്റകരമല്ല.'

പന്തെറിയലിന്‍റെ സ്വഭാവം, മനപ്പൂര്‍വമുള്ള പ്രവര്‍ത്തിയാണോ? പന്തിന്‍റെ വേഗത, ദൂരം, പന്ത് ബാറ്ററുടെ മേല്‍ സ്പര്‍ശിച്ചോ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ പരിശോധിച്ച ശേഷമാകും ഇത്തരത്തില്‍ പന്തെറിയുന്നവര്‍ക്ക് നേരെ നടപടി സ്വീകരിക്കുക. സിറാജെറിഞ്ഞ പന്ത് ലബുഷെയിന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചിട്ടില്ലെങ്കിലും സിറാജിന്‍റെ പ്രവൃത്തി മനപ്പൂര്‍വമുള്ളതും ഒഴിവാക്കാവുന്നതുമായിരുന്നുവെന്നത് വ്യക്തവുമായ സാഹചര്യത്തിലാണ് നടപടിക്ക് സാധ്യതയേറുന്നത്. മാച്ച് റഫറിയുടേതാവും അന്തിമ തീരുമാനം. കുറ്റക്കാരനെന്നാണ് വിധിയെങ്കില്‍ ലെവല്‍ 1 കുറ്റമാകും സിറാജിനെതിരെ ചാര്‍ത്തുക. 

അഡ്​ലെയ്ഡ് ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തുവെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നില്‍ ഒന്നാം ദിനം തകര്‍ന്നടിഞ്ഞു. 180 റണ്‍സ് മാത്രമാണ് നേടാനായത്. ആദ്യപന്തില്‍ തന്നെ യശസ്വി വിക്കറ്റിന് മുന്നില്‍ കുരുക്കിയ  സ്റ്റാര്‍ക്ക് ഇന്ത്യയ്ക്ക് മേല്‍ മാനസീകാധിപത്യം നേടുകയായിരുന്നു. കെ. എല്‍ രാഹുലും ഗില്ലുംചേര്‍ന്ന കൂട്ടുകെട്ട് 69 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ വീണ്ടും സ്റ്റാര്‍കിന്‍റെ പ്രഹരം. കമ്മിന്‍സും സ്കോട്ടും രണ്ട് വീതം വിക്കറ്റുകളുമായി ഒപ്പം ചേര്‍ന്നു. നിതീഷ് കുമാറിന്‍റെ ചെറുത്തുനില്‍പ്പാണ് 180ലെത്താന്‍ ഇന്ത്യയെ സഹായിച്ചത്. ആദ്യദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സിനാണ് ഓസീസ് കളി അവസാനിപ്പിച്ചത്.

Google News Logo Follow Us on Google News