മുപ്പതാം വയസിലാണ് സൂര്യകുമാര്‍ യാദവ് രാജ്യാന്തര ട്വന്റി ട്വന്റിയില്‍ അരങ്ങേറിയത്. 2021 മാര്‍ച്ച് 14ന് ഇംഗ്ലണ്ടിനെതിരെയായിരുന്നു ഇത്. മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ നായക പദവിയും സൂര്യയെ തേടിയെത്തി. രോഹിത് ശര്‍മയ്ക്ക് ശേഷം ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ട്വന്റി ട്വന്റി ക്യാപ്റ്റനാവും എന്നാണ് വിലയിരുത്തപ്പെട്ടിരുന്നത് ടീം പ്രഖ്യാപനം വന്നപ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞു. ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന ഹാര്‍ദിക്കിനെ മറികടന്ന് സൂര്യയെ ക്യാപ്റ്റനാക്കിയതിന്റെ കാരണം തിരയുകയാണ് ആരാധകര്‍ ഇപ്പോള്‍.

മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും സിലക്ഷന്‍ കമ്മറ്റി തലവന്‍ അജിത് അഗാര്‍ക്കറും സൂര്യക്ക് അനുകൂലമായി നിലപാടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഫിറ്റ്നസ് പ്രശ്നങ്ങള്‍ കണക്കിലെടുത്തും ജോലി ഭാരം ക്രമീകരിക്കുന്നത് പരിഗണിച്ചുമാണ് ഹര്‍ദിക്കിന് ട്വന്റി20 ക്യാപ്റ്റന്‍സി നല്‍കാതിരുന്നത് എന്നാണ് സൂചന. 2023 ഏകദിന ലോകകപ്പിനിടെയുണ്ടായ പരുക്കിനെത്തുടര്‍ന്ന് ഹാര്‍ദിക് നീണ്ട ഇടവേള എടുത്തിരുന്നു. ഐപിഎല്ലിലൂടെയാണ് ഹാര്‍ദിക് പിന്നെ തിരിച്ചെത്തിയത്.

പരുക്കിനെ തുടര്‍ന്ന് പല ഘട്ടങ്ങളിലും ഹാര്‍ദിക്കിന് നീണ്ട ഇടവേള എടുക്കേണ്ടി വന്നിട്ടുണ്ട്. 2026 ട്വന്റി20 ലോകകപ്പിനായി ടീമിനെ വാര്‍ത്തെടുക്കുന്നത് മുന്നില്‍ക്കണ്ടാണ് സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് അവരോധിച്ചത്. 2026 ട്വന്റി20 ലോകകപ്പ് വരെ സൂര്യകുമാര്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരും. വൈസ് ക്യാപ്റ്റന്‍ പദവിയില്‍ ഹാര്‍ദിക്കിനെ ഒഴിവാക്കി ശുഭ്മാന്‍ ഗില്ലിന് നല്‍കിയതോടെ ടീം മാനേജ്മെന്റ് നയം കൂടുതല്‍ വ്യക്തമാക്കുന്നു.

ENGLISH SUMMARY:

Fans are now looking for the reason why Suriya was made the captain over Hardik who was India's vice-captain in the Twenty20 World Cup