'നിസ്വാര്‍ഥരായ ക്രിക്കറ്റ് താരങ്ങളെയാണ് എന്റെ ടീമില്‍ വേണ്ടത്. ഗൗതി ഭായ് പറയുന്നത് പോലെ, ആരും ടീമിന് അതീതരല്ല. വ്യക്തിഗത സ്കോര്‍ 99ലാണെങ്കിലും 49ലാണെങ്കിലും ഗ്രൗണ്ടിന് പുറത്തേക്ക് അടിക്കാന്‍ പാകത്തില്‍ പന്തെത്തിയാല്‍ അടിക്കണം. അതാണ് സഞ്ജു ഇന്ന് ചെയ്തത്...' ബംഗ്ലാദേശിന് എതിരായ ട്വന്റി20 പരമ്പര ഹൈദരാബാദിലെ തകര്‍പ്പന്‍ ജയത്തോടെ തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വാക്കുകള്‍ ഇങ്ങനെ.
'ടീം എന്ന നിലയില്‍ നമുക്ക് ഏറെ നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. പരമ്പരയുടെ തുടക്കത്തില്‍ ഞാന്‍ പറഞ്ഞത് പോലെ, ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്റെ ടീമില്‍ നിസ്വാര്‍ഥരായ ക്രിക്കറ്റ് താരങ്ങളെ വേണം എന്നതാണ്. ഹര്‍ദിക് പറഞ്ഞത് പോലെ ഫീല്‍ഡിനകത്തും പുറത്തും ടീമിലെ മറ്റ് താരങ്ങളുടെ പ്രകടനങ്ങളും പരസ്പരം ഞങ്ങള്‍ ആസ്വദിക്കും,' സൂര്യകുമാര്‍ പറയുന്നു.
ആരും ടീമിന് മുകളിലല്ല. നിങ്ങള്‍ 99 റണ്‍സിലോ 49 റണ്‍സിലോ നില്‍ക്കുകയാണെങ്കിലും ഗ്രൗണ്ടിന് പുറത്തേക്കടിക്കാന്‍ പാകത്തിലാണ് ഡെലിവറിയെങ്കില്‍ അത് അടിക്കണം. ഗംഭീര്‍ പറഞ്ഞത് അതേപോലെയാണ് സഞ്ജു ചെയ്തത്. സഞ്ജുവിനെയോര്‍ത്ത് ഒരുപാട് സന്തോഷിക്കുന്നു, സൂര്യ പറഞ്ഞു.
ഏഴ് ബോളര്‍മാരെയാണ് ബംഗ്ലാദേശിന് എതിരായ മൂന്നാം ട്വന്റി20യില്‍ ഹൈദരാബാദില്‍ ഇന്ത്യ പരീക്ഷിച്ചത്. ഫ്ളെക്സിബിള്‍ ആവുക എന്നതാണ് ഇന്ത്യന്‍ ബാറ്റേഴ്സിനോടും ബോളര്‍മാരോടും ടീം മാനേജ്മെന്റ് ആവശ്യപ്പെടുന്നത്. എല്ലാവരും ഏതാനും ഓവര്‍ എറിയാന്‍ പാകത്തിലാകണം എന്ന് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വ്യക്തമാക്കുന്നു.