ട്വന്റി20 ലോകകപ്പ് കിരീട നേട്ടത്തോടെയാണ് ഇന്ത്യന്‍ ടീമിനൊപ്പമുള്ള യാത്ര രാഹുല്‍ ദ്രാവിഡ് അവസാനിപ്പിച്ചത്. എത്രമാത്രം ആ കിരീട നേട്ടം ദ്രാവിഡിന്റെ ഹൃദയം തൊട്ടിരുന്നു എന്ന് വെളിപ്പെടുത്തി എത്തുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍. കിരീടം കെട്ടിപ്പിടിച്ച് ദ്രാവിഡ് കരഞ്ഞതായാണ് അശ്വിന്‍ പറയുന്നത്.
ട്വന്റി20 ലോകകപ്പിലെ എന്റെ ഏറ്റവും പ്രിയപ്പെട്ട നിമിഷം ദ്രാവിഡിനെ വിളിച്ച് കോലി കിരീടം നല്‍കിയതാണ്. കിരീടം കെട്ടിപ്പിടിച്ച് ദ്രാവിഡ് കരയുന്നത് ഞാന്‍ കണ്ടു. അദ്ദേഹം അത് ആസ്വദിക്കുന്നത് ഞാന്‍ കണ്ടു. അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കുമ്പോള്‍ അശ്വിന്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിനൊപ്പം കളിക്കുന്ന സമയം ഐസിസി കിരീടം ചൂടാന്‍ ദ്രാവിഡിന് സാധിച്ചിരുന്നില്ല. 2007 ഏകദിന ലോകകപ്പില്‍ ദ്രാവിഡ് ഇന്ത്യയെ നയിച്ചെങ്കിലും ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായിരുന്നു. ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനെ പരിശീലകന്‍ എന്ന നിലയില്‍ ദ്രാവിഡ് കിരീടത്തിലേക്ക് നയിച്ചിട്ടുണ്ട്.
ശുദ്ധനായ ഒരു മനുഷ്യനെ കുറിച്ചാണ് എനിക്ക് സംസാരിക്കാനുള്ളത്. 2007ലെ ഏകദിന ലോകകപ്പ്. ഇന്ത്യ പുറത്തായി. അന്ന് ക്യാപ്റ്റനായിരുന്ന ദ്രാവിഡ് അതിന് ശേഷം ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചില്ല. കാര്യങ്ങള്‍ മോശമായാല്‍, അനുകൂല ഫലം ലഭിച്ചില്ലെങ്കില്‍ അവര്‍ ഉടനെ ചോദിക്കും ദ്രാവിഡ് എന്താണ് ചെയ്യുന്നത് എന്ന്, അശ്വിന്‍ പറയുന്നു.
ഈ ടീമിനൊപ്പം കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ദ്രാവിഡ് എന്താണ് ചെയ്യുന്നത് എന്ന് എനിക്കറിയാം. ശൈലി മാറ്റുന്നതിനായി എത്രമാത്രം അദ്ദേഹം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം. ഓരോ താരങ്ങളേയും ദ്രാവിഡ് എങ്ങനെയാണ് പരിഗണിച്ചിരുന്നത് എന്ന് എനിക്കറിയാം. വീട്ടില്‍ ഇരിക്കുകയാണ് എങ്കില്‍ പോലും ടീമിനായി കാര്യങ്ങള്‍ അങ്ങനെ ചെയ്യാം ഇങ്ങനെ ചെയ്യാം എന്നെല്ലാം ചിന്തിക്കുകയാവും അദ്ദേഹം, അശ്വിന്‍ പറയുന്നു.