Shami-1

TOPICS COVERED

ജീവിതത്തിലെ ദുര്‍ഘടമായ സമയങ്ങളെ മുഹമ്മദ് ഷമി അതിജീവിച്ചത് ലോകത്തിന് മാതൃകയാണെന്ന് വെളിപ്പെടുത്തി സുഹൃത്ത് ഉമേഷ് കുമാര്‍. മുന്‍ഭാര്യ ഹസിന്‍ ജഹാനുമായുള്ള വേര്‍പിരിയലും അതേ തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണ് ഷമിയുടെ കരിയറും ജീവിതവും തകര്‍ച്ചയുടെ വക്കിലെത്തിച്ചത്. ഷമിക്കെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച ഹസിന്‍ , പാക്കിസ്ഥാനി യുവതിയില്‍ നിന്നും പണം വാങ്ങി ഷമി ഒത്തുകളിച്ചുവെന്ന് ആരോപിച്ചതാണ് താരത്തെ മാനസികമായി തകര്‍ത്തുകളഞ്ഞത്. 

അക്കാലത്ത് ഷമി തന്‍റെ ഫ്ലാറ്റിലായിരുന്നു കഴിഞ്ഞിരുന്നതെന്ന് ഉമേഷ് പറയുന്നു. വാതുവയ്പ് ആരോപണം ഉയര്‍ന്നത് ഷമിയെ പിടിച്ചുലച്ചു. മറ്റെല്ലാ ആരോപണങ്ങളും ഞാന്‍ സഹിക്കാം, രാജ്യത്തെ ഒറ്റുകൊടുത്തുവെന്നത് കേള്‍ക്കാന്‍ വയ്യെന്നായിരുന്നു തന്നോട് പറഞ്ഞതെന്ന് ഉമേഷ് , ശുഭാങ്കര്‍ മിശ്രയുടെ പോഡ്കാസ്റ്റില്‍ വെളിപ്പെടുത്തി.

'ആ രാത്രിയില്‍ ഷമി ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങി. പുലര്‍ച്ചെ നാലുമണിക്ക് വെള്ളം കുടിക്കാന്‍ അവിചാരിതമായി ഉണര്‍ന്ന് അടുക്കളയിലെത്തിയപ്പോള്‍ ബാല്‍ക്കണിയില്‍ ആകെ അസ്വസ്ഥനായി നില്‍ക്കുന്ന ഷമിയെയാണ് കണ്ടത്. ആ വലിയ കെട്ടിട സമുച്ചയത്തിലെ 19–ാം നിലയിലാണ് ഞങ്ങളുടെ ഫ്ലാറ്റുണ്ടായിരുന്നത്. ആ രാത്രി വെളുപ്പിക്കാനാവും ഷമി ജീവിത്തിലേറ്റവും കഷ്ടപ്പെട്ടിട്ടുണ്ടാവുക. ഒരു ദിവസത്തിന് ശേഷം വാതുവയ്പ് ആരോപണത്തില്‍ ഷമിക്ക് ക്ലീന്‍ ചിറ്റ് നല്‍കി അന്വേഷണ കമ്മിഷന്‍റെ റിപ്പോര്‍ട്ടും വന്നു'. ലോകകപ്പ് കിട്ടിയതിനെക്കാളും വലിയ സന്തോഷമായിരുന്നു ആ സന്ദേശം തന്നെ കാണിക്കുമ്പോള്‍ ഷമി അനുഭവിച്ചിരുന്നതെന്നും ഉമേഷ് കൂട്ടിച്ചേര്‍ത്തു. 

ആ കാലത്തെ കുറിച്ച് ഷമിയും പിന്നീട് തുറന്നു പറഞ്ഞിരുന്നു. ആരോപണങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി, അതില്‍ തകര്‍ന്ന് പോയിരുന്നുവെങ്കില്‍ ഇന്ന് കാണുന്ന ഷമി ഉണ്ടാകുമായിരുന്നില്ലെന്നും അതിനെ വകവയ്ക്കാതെ സ്വയം മെച്ചപ്പെട്ടത് കൊണ്ടാണ് ഇന്നും ആളുകള്‍ ചര്‍ച്ച ചെയ്യുന്നതെന്നും ഷമി പറഞ്ഞു. ഇന്ന് കാണുന്ന ഷമിയെ പരുവപ്പെടുത്തിയത് അത്തരം അനുഭവങ്ങള്‍ കൂടിയാണെന്നും പോരാട്ടം തുടരുകയാണ് വേണ്ടതെന്നും താരം തുറന്നു പറഞ്ഞിരുന്നു.