mohammed-shami

മുഹമ്മദ് ഷമി പരുക്ക് ഭേദമായി ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്ന് സൂചിപ്പിച്ച് താല്‍ക്കാലിക ക്യാപ്റ്റന്‍ ജസ്പ്രീത് ബുംറ. 2023 ഏകദിന ലോകകപ്പിനിടെ പരുക്കേറ്റ് ചികില്‍സയിലും വിശ്രമത്തിലുമായിരുന്ന ഷമി കഴിഞ്ഞയാഴ്ചയാണ് ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചുതുടങ്ങിയത്. ഫിറ്റ്നസിന്‍റ കാര്യത്തില്‍ ഉറപ്പില്ലാത്തതുകൊണ്ട് ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഷമിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഷമിയെ ഉള്‍പ്പെടുത്തുന്നതിനോട് യോജിച്ചിരുന്നില്ല. എന്നാല്‍ ബുംറയുടെ വാക്കുകള്‍ ഷമി ആരാധകരില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ്.

പെര്‍ത്തില്‍ ഒന്നാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനം... ഷമിയെക്കുറിച്ച് ബുറയോട് ചോദ്യമെത്തി. മറുപടി ഇങ്ങനെ. ‘ഷമി സ്റ്റാര്‍ പേസറാണ്. അധികം വൈകാതെ അദ്ദേഹം ടീമിലെത്തും. അതിനായി കാത്തിരിക്കുകയാണ്. ടീമിന്‍റെ അവിഭാജ്യ ഘടകമാണ് അദ്ദേഹം. മാനേജ്മെന്‍റും ഷമിയെ ഉറ്റുനോക്കിക്കുകയാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അധികം വൈകാതെ ഷമിയെ നിങ്ങള്‍ക്ക് ഇവിടെ കാണാം'- ബുംറ വിശദീകരിച്ചു.

അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ ഇന്ത്യയുടെ പേസ് ആക്രമണത്തിന് കരുത്ത് കൂട്ടാന്‍ ഷമിയുടെ പരിചയസമ്പത്ത് ആവശ്യമുണ്ട്. ദീര്‍ഘമായ ഇടവേളയ്ക്ക് ശേഷം രഞ്ജിയില്‍ ബംഗാളിനായാണ് ഷമി ഇറങ്ങിയത്. ഒന്നാം ഇന്നിങ്സില്‍ നാലുവിക്കറ്റ് പിഴുത് ഷമി മടങ്ങിവരവ് ആഘോഷിക്കുകയും ചെയ്തു. രാജ്യാന്തര മല്‍സരങ്ങള്‍ കളിക്കാന്‍ സാധിക്കുമെന്ന പ്രഖ്യാപനം കൂടിയായി രഞ്ജിയിലെ മികച്ച പ്രകടനം.

ന്യൂസീലാന്‍ഡിനെതിരെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ ശേഷമാണ് ഇന്ത്യ ബോര്‍ഡര്‍–ഗവാസ്കര്‍ പരമ്പരയ്ക്കായി ഓസ്ട്രേലിയയില്‍ എത്തിയത്. പെര്‍ത്തില്‍ ജയത്തോടെ തുടങ്ങാനും പരമ്പര സ്വന്തമാക്കാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 1996 ല്‍ ഡല്‍ഹിയിലാണ് ബോര്‍ഡര്‍–ഗവാസ്കര്‍ ട്രോഫി പരമ്പര തുടങ്ങിയത്. ഇതുവരെ നടന്ന 16 സീരീസുകളില്‍ 10 തവണ ഇന്ത്യ ജേതാക്കളായി. ഓസ്ട്രേലിയ അ‍ഞ്ചുവട്ടവും. 2003–04 സീസണിലെ പരമ്പര സമനിലയിലായി.

ENGLISH SUMMARY:

Jasprit Bumrah spoke about Mohammed Shami's potential inclusion in the Indian squad for the Border-Gavaskar Trophy. When asked for an update on Shami, Bumrah stated that the team management is 'keeping a keen eye' on his return.