dhoni-kavyamaran

സൂപ്പർതാരം മഹേന്ദ്രസിങ് ധോണിയെ അടുത്ത സീസണിൽ ടീമിൽ നിലനിർത്തുന്നതിന്, വിചിത്ര നിർദ്ദേശവുമായി ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) രംഗത്ത്. ധോണിയെ ടീമിൽ നിലനിർത്തുന്നതിന്, ഇതുവരെ രാജ്യാന്തര മത്സരം കളിക്കാത്ത താരങ്ങളുടെ ‘അൺകാപ്ഡ്’ വിഭാഗത്തിൽ അദ്ദേഹത്തെയും ഉൾപ്പെടുത്തണമെന്ന് സിഎസ്കെ പ്രതിനിധികൾ ആവശ്യപ്പെട്ടതായി ‘ക്രിക്ഇൻഫോ’ റിപ്പോർട്ട് ചെയ്തു. പുതിയ സീസണിനും മെഗാ താരലേലത്തിനും മുന്നോടിയായി ഐപിഎൽ അധികൃതരും വിവിധ ടീം പ്രതിനിധികളും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് ചെന്നൈ സൂപ്പർ കിങ്സ് ഈ വിചിത്ര നിർദ്ദേശം മുന്നോട്ടുവച്ചത്. എന്നാൽ, മറ്റു ടീമുകളുടെ പ്രതിനിധികൾ ഈ ആവശ്യത്തെ എതിർത്തതായാണ് വിവരം.

ഐപിഎലിനു തുടക്കം കുറിച്ച 2008 മുതൽ 2021 വരെ, രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചിട്ട് 5 വർഷം പിന്നിട്ടവരെ ‘അൺകാപ്ഡ്’ താരങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്താമെന്ന് ചട്ടമുണ്ടായിരുന്നു. പിന്നീട് ഈ നിയമം നിർത്തലാക്കുകയായിരുന്നു. ധോണിയെ അടുത്ത സീസണിനു മുന്നോടിയായി ടീമിൽ നിലനിർത്താൻ, ഈ നിയമം പൊടിതട്ടിയെടുക്കാനായിരുന്നു സിഎസ്കെ പ്രതിനിധികളുടെ ശ്രമം. മറ്റു ടീമുകൾ കൂട്ടത്തോടെ ഇതിനെ എതിർത്തു.

2020 ഓഗസ്റ്റ് 15നാണ് ധോണി രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. 2022ലെ മെഗാ താരലേലത്തിനു മുന്നോടിയായി സിഎസ്കെ നിലനിർത്തിയ താരങ്ങളിൽ രവീന്ദ്ര ജഡേജയ്ക്കു പിന്നിൽ രണ്ടാമനായിരുന്നു ധോണി. 12 കോടി രൂപ മുടക്കിയാണ് അവർ ധോണിയെ രണ്ടാമനായി നിലനിർത്തിയത്. എന്നാൽ, ഒരു ‘അൺകാപ്ഡ്’ താരത്തെ നിലനിർത്താൻ നാലു കോടി രൂപ മാത്രമായിരുന്നു ചെലവ്. ഏതാണ്ട് ഈ തുകയ്ക്ക് ധോണിയെ ടീമിൽ നിലനിർത്താനുള്ള ‘സൂത്രപ്പണി’യുടെ ഭാഗമായാണ് സിഎസ്കെ പഴയ നിയമം പൊടിതട്ടിയെടുക്കാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. ഫലത്തിൽ നാലു കോടിയോളം രൂപയ്ക്ക് ധോണിയെ ടീമിൽ നിലനിർത്താനായിരുന്നു നീക്കം. സൺറൈസേഴ്സ് ഹൈദരാബാദ് ടീം ഉടമ കാവ്യ മാരൻ ഉൾപ്പെടെയുള്ളവർ നേരിട്ടുതന്നെ ഈ നിർദ്ദേശത്തെ എതിർത്തു. ധോണിയേപ്പോലെ ഒരു താരത്തെ ‘അൺകാപ്ഡ്’ താരങ്ങളുടെ പട്ടികയിൽപ്പെടുത്തുന്നത് അനാദരവും മൂല്യം ഇടിച്ചുകാണിക്കുന്നതിനു തുല്യവുമാണെന്ന് കാവ്യ മാരൻ അഭിപ്രായപ്പെട്ടു. 

ENGLISH SUMMARY:

CSK demand MS Dhoni to be considered 'uncapped player' in IPL 2025, face strong objection from other franchises: Report