ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ കുറച്ചുനാളുകള്‍ക്കു മുന്‍പാണ് തന്‍റെ വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ചത്. നടി നതാഷ സ്റ്റാന്‍കോവിക് ആയിരുന്നു ഹര്‍ദികിന്‍റെ ഭാര്യ. നാലു വര്‍ഷത്തെ ദാമ്പത്യബന്ധത്തിനൊടുവിലാണ് ഇരുവരും പിരിഞ്ഞത്. വിവാഹമോചനത്തിനുള്ള കാരണം എന്താണെന്ന് ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. 

ഇതിനിടെ ഹര്‍ദിക്കിന്‍റെ ചില സമൂഹമാധ്യമ പോസ്റ്റുകളില്‍ നിന്ന് താരം മറ്റൊരാളുമായി പ്രണയബന്ധത്തിലാണെന്ന കണ്ടെത്തലിലാണ് ആരാധകര്‍. ബ്രിട്ടീഷ് ഗായികയും ടെലിവിഷന്‍ താരവുമായ ജാസ്മിന്‍ വാലിയയുമായി ഹര്‍ദിക് പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. ഇതിനു തെളിവായി ചില ചിത്രങ്ങളും പങ്കുവയ്ക്കപ്പെടുന്നു.

ഗ്രീസിലെ അവധിയാഘോഷങ്ങളില്‍ നിന്നുള്ളതാണ് ഇവ. രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങളില്ല, എന്നാല്‍ ഇരുവരും ഫോട്ടോയും വിഡിയോയും എടുത്തിരിക്കുന്നത് ഒരേ ബാക്ക്ഗ്രൗണ്ടില്‍ നിന്നാണ്. നീന്തല്‍ക്കുളത്തിന് സമീപത്തു നിന്നുള്ള ചിത്രം ആദ്യം പങ്കുവച്ചത് ജാസ്മിനാണ്. പിന്നീടെത്തിയ ഹര്‍ദിക്കിന്‍റെ വിഡിയോയിലും ഇതേ നീന്തല്‍ക്കുളവും പിന്നിലുള്ള പാറക്കെട്ടുമടക്കം കാണാം. ഹര്‍ദിക്കിന്‍റെ വിഡിയോ ജാസ്മിന്‍ ലൈക്ക് ചെയ്തതും കൂടിയായപ്പോള്‍ ഇക്കാര്യം ആരാധകര്‍ ഉറപ്പിച്ചമട്ടാണ്.

ഇന്ത്യന്‍ വംശജരാണ് ജാസ്മിന്‍റെ മാതാപിതാക്കള്‍. ജാസ്മിന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ഇംഗ്ലണ്ടിലെ എസ്സെക്സിലാണ്. ബ്രിട്ടീഷ് റിയാലിറ്റി ഷോയിലൂടെയാണ് ടെലിവിഷന്‍ രംഗത്തേക്ക് ജാസ്മിന്‍ എത്തിയത്. സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങി പല പാട്ടുകള്‍ക്കും കവര്‍ സോങ്ങുകള്‍ ഒരുക്കിയും ജാസ്മിന്‍ ശ്രദ്ധ നേടി. 2017ല്‍ സാക്ക് നൈറ്റുമായി ചേര്‍ന്നൊരുക്കിയ ‘ബോം ഡിഗ്ഗി’ എന്ന പാട്ട് വലിയ ഹിറ്റായി. 

2018ല്‍ ‘സോനു കെ ടിറ്റു കി സ്വീറ്റി’ എന്ന ബോളിവുഡ് ചിത്രത്തില്‍ ‘ബോം ഡിഗ്ഗി’, ‘ബോം ഡിഗ്ഗി ഡിഗ്ഗി’ എന്നാക്കി റീ– റിലീസ് ചെയ്തിരുന്നു. 2022ല്‍ ബിഗ് ബോസ് 13ലെ ഫൈനലിസ്റ്റായ അസിം റിയാസുമായി ചേര്‍ന്നൊരുക്കിയ ‘നൈറ്റ്സ് ന്‍ ഫൈറ്റ്സ്’ എന്ന പാട്ടും വലിയ തോതില്‍ ശ്രദ്ധിക്കപ്പെട്ടു.

ENGLISH SUMMARY:

Hardik Pandya, who recently announced his separation from wife is on vacation in Greece. However, his photos from the vacation have led to rumours of him dating British singer and TV personality Jasmin Walia.