• ബാര്‍ക്ലെയുടെ കാലാവധി നവംബറില്‍ പൂര്‍ത്തിയാകും
  • ഐസിസി തലപ്പത്ത് എത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനാകും
  • നിലവില്‍ ബിസിസിഐ സെക്രട്ടറിയാണ് ജയ്ഷാ

കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയുന്ന ഗ്രെഗ് ബാര്‍ക്ലെയ്ക്ക് പകരം ബിസിസിഐ സെക്രട്ടറി ജയ്​ ഷാ ഐസിസിയുടെ തലപ്പത്തേക്ക്. മൂന്നാം വട്ടവും ഐസിസി അധ്യക്ഷനാകാന്‍ താനില്ലെന്ന് ബാര്‍ക്ലെ ഐസിസി ഡയറക്ടര്‍മാരെയും ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അധ്യക്ഷന്‍ മൈക്ക് ബെയര്‍ഡിനെയും അറിച്ചു . നവംബറിലാണ് ബാര്‍ക്ലെയുടെ കാലാവധി പൂര്‍ത്തിയാവുക. ഐസിസി തലപ്പത്തെത്താന്‍ ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോര്‍ഡുകളുടെ പിന്തുണ ജയ്​ഷായ്കക്കുണ്ട്.

ജഗ്​മോഹന്‍ ഡാല്‍മിയ (1997–2000), ശരദ് പവാര്‍(2010–2012) എന്നിവരാണ് ഇതിന് മുന്‍പ് ഐസിസി തലപ്പത്തെത്തിയ ഇന്ത്യക്കാര്‍. നവംബറില്‍ സ്ഥാനമേല്‍ക്കുന്നതോടെ ഈ പദവിയിലെത്തുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി ജയ്​ ഷാ മാറും. 2020 നവംബറിലാണ് ഐസിസി അധ്യക്ഷനായി ബാര്‍ക്ലെ സ്ഥാനമേറ്റത്. 2022 ല്‍ ബാര്‍ക്ലെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

ഗ്രെഗ് ബാര്‍ക്ലെ

2024 ഓഗസ്റ്റ് 24നകം ഐസിസി അധ്യക്ഷ സ്ഥാനത്തേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. ഒന്നിലധികം പേര്‍ അധ്യക്ഷസ്ഥാനത്തേക്കുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തുമെന്നും 2024 ഡിസംബര്‍ ഒന്ന് മുതല്‍ പുതിയ അധ്യക്ഷന്‍ ചുമതലയേല്‍ക്കുമെന്നും ഐസിസി വ്യക്തമാക്കി. ഐസിസി നിയമം അനുസരിച്ച് 16 പേര്‍ക്കാണ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത് . ഇതില്‍ 9 വോട്ടെന്ന കേവല ഭൂരിപക്ഷം ലഭിച്ചാല്‍ വിജയിയായി പ്രഖ്യാപിക്കും. നേരത്തെ മൂന്നില്‍ രണ്ട് ഭൂരിപക്ഷമായിരുന്നു അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെടുന്നതിന് വേണ്ടിയിരുന്നത്. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഐസിസി ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അധ്യക്ഷനാകും 35കാരനായ ജയ്​ ഷാ.

ENGLISH SUMMARY:

BCCI secretary Jay Shah is all set to be named the new ICC chairman. The incumbent Greg Barclay has already confirmed of his decision to vacate the position after his tenure ends in November.