സൂപ്പര്‍താരം രജിനികാന്തിന്‍റെ തലൈവര്‍ പോസ് ചിത്രവുമായി ഋഷഭ് പന്ത്. 'തലൈവ' എന്ന അടിക്കുറിപ്പോടെയാണ് രജിനികാന്തിനെ അനുകരിച്ച് ഇരിക്കുന്ന ചിത്രം പന്ത് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. കാറപകടത്തിന് ശേഷം അദ്ഭുതകരമായ തിരിച്ചുവരവാണ് പന്ത് നടത്തിയത്. പന്തിന്‍റെ തലൈവര്‍ പോസ് രണ്ടു കൈയും നീട്ടിയാണ് പന്തിന്‍റെയും രജിനികാന്തിന്‍റെയും ആരാധകര്‍ സ്വീകരിച്ചത്.
2016ലാണ് സ്റ്റൈല്‍ മന്നന്‍ രജിനികാന്തിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രം കബാലി തിയറ്ററുകളിലെത്തിയത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം സ്റ്റൈല്‍ കൊണ്ടും അഭിനയം കൊണ്ടും രജിനികാന്ത് അവിസ്മരണീയമാക്കി. തമിഴ് തൊഴിലാളികളെ അടിച്ചമര്‍ത്തുന്നവരെ തച്ചുടയ്ക്കുന്ന കഥാപാത്രത്തെയാണ് രജിനി ചിത്രത്തില്‍ അവതരിപ്പിച്ചത്.
ഫിറ്റ്നസ് വീണ്ടെടുത്ത് ടീമിലേക്ക് മടങ്ങിയെത്തിയ പന്തും സ്റ്റൈലും മികവുമാര്‍ന്ന പ്രകടനമാണ് കളിക്കളത്തില്‍ കാഴ്ച വച്ചതും. 446 റണ്‍സാണ് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ പന്തിന്‍റെ സമ്പാദ്യം. ട്വന്‍റി 20 ലോകകിരീടം നേടിയ ഇന്ത്യന്‍ ടീമിന്‍റെ ഒന്നാം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനും ഫീനിക്സിനെ പോലെ ഉയിര്‍ത്തെഴുന്നേറ്റ പന്തായിരുന്നു. എല്ലാ ഫോര്‍മാറ്റിലും ടീമിന് ഉറച്ച് വിശ്വസിക്കാവുന്ന വിക്കറ്റ് കീപ്പറാണ് താനെന്ന് പന്ത് ആവര്‍ത്തിച്ച് തെളിയിക്കുകയും ചെയ്തു.
വരാനിരിക്കുന്ന ഇന്ത്യ– ന്യൂസിലാന്‍ഡ് പരമ്പരയിലും ഇന്ത്യ– ഓസ്ട്രേലിയ ടെസ്റ്റ് സീരിസിലും പന്ത് ടീമിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ അഞ്ചിനാരംഭിക്കുന്ന ദുലീപ് ട്രോഫിയാണ് പന്തിന്‍റെ അടുത്ത കളി. ഇന്ത്യ ബി ടീമില്‍ യശസ്വി ജയ്സ്വാള്‍, രവീന്ദ്ര ജഡേജ, സര്‍ഫറാസ് ഖാന്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍ എന്നിവരാണ് പന്തിനൊപ്പമുള്ളത്