ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായതിന് ശേഷവും അതിന് മുന്‍പുമുള്ള വിരാട് കോലിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായിരുന്നു എന്ന് ഇന്ത്യന്‍ മുന്‍ സ്പിന്നര്‍ അമിത് മിശ്രയുടെ പ്രതികരണത്തിനെതരെ സ്പിന്നര്‍ പീയുഷ് ചൗള. ക്യാപ്റ്റന്‍സിയുടെ അധികാരം ലഭിച്ചതോടെ കോലിയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടായതായും തങ്ങള്‍ പരസ്പരം സംസാരിക്കുന്നത് തന്നെ നിര്‍ത്തിയതായും അമിത് മിശ്ര പറഞ്ഞിരുന്നു.
കോലിയുമായി എനിക്ക് വളരെ നല്ല അനുഭവം മാത്രമാണുള്ളത്. ജൂനിയര്‍ ക്രിക്കറ്റ് ഞങ്ങള്‍ ഒരുമിച്ച് കളിച്ചിട്ടുണ്ട്. പിന്നെ ഐപിഎല്ലിലും ഇന്ത്യക്ക് വേണ്ടിയും ഒരുമിച്ച് കളിച്ചു. എല്ലാവര്‍ക്കും അവരവരുടേതായ ചിന്താഗതി ഉണ്ടാവും. എന്നാല്‍ ഇന്നും ഞങ്ങള്‍ കാണുമ്പോള്‍ നല്ല ബന്ധം നിലനിര്‍ത്തുന്നു, പീയുഷ് ചൗള പറയുന്നു.
കോലി ഏഷ്യാ കപ്പ് കളിക്കുമ്പോള്‍ ഞാന്‍ കമന്ററി സംഘത്തിനൊപ്പമുണ്ടായി. ഇന്നിങ്സ് ബ്രേക്കിന് ഇടയില്‍ ഞാന്‍ ബൗണ്ടറി ലൈനിന് സമീപം നില്‍ക്കുകയായിരുന്നു. ഈ സമയം എന്റെ അടുത്തേക്ക് വന്ന കോലി എന്തെങ്കിലും കഴിക്കാന്‍ ഓര്‍ഡര്‍ ചെയ്താലോ എന്നാണ് ചോദിച്ചത്. 10-15 വര്‍ഷം മുന്‍പ് എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഞങ്ങള്‍ ഇപ്പോഴും, പീയുഷ് ചൗള പറയുന്നു.
2011 ഏകദിന ലോക കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടപ്പോള്‍ കോലിക്കൊപ്പം പീയുഷ് ചൗളയും ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ കോലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സിയിലേക്ക് എത്തിയപ്പോഴേക്കും പീയുഷ് ചൗളയുടെ കരിയര്‍ ഏതാണ്ട് അവസാനിച്ചിരുന്നു. ഐപിഎല്ലില്‍ മൂന്ന് വട്ടമാണ് കോലിയുടെ വിക്കറ്റ് പീയുഷ് ചൗള വീഴ്ത്തിയത്.