സിഡ്നി ടെസ്റ്റില്‍ നിന്നും സ്വയം മാറി നില്‍ക്കാനുള്ള നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനത്തെ കയ്യടിയോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ടീമിന് നിര്‍ണായകമായ മത്സരത്തില്‍ ക്യാപ്റ്റന്‍റെ ചുമതല ഏറ്റെടുത്ത ജസ്പ്രീത് ബുംറയും രോഹിതിനെ പുകഴ്ത്തി സംസാരിച്ചു. 'സ്വയം പുറത്തിരിക്കാന്‍ തീരുമാനിച്ചതിലൂടെ നായകന്‍ എങ്ങനെയാകണമെന്ന് ഞങ്ങളുടെ ക്യാപ്റ്റന്‍ കാണിച്ചു തന്നു' എന്നാണ് ബുംറ പറഞ്ഞത്. 

ഗ്രൗണ്ടിലില്ലെങ്കിലും ഡ്രസിങ് റൂമില്‍ ടീമെന്ന സ്പിരിറ്റ് കൈവിടാതെയാണ് രോഹിത് ശര്‍മ എന്ന് കാണിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. എട്ടാം ഓവറില്‍ വിവാദമായ കോലിയുടെ ക്യാച്ചിന് പിന്നാലെ അസ്വസ്ഥനാകുന്ന രോഹിതിന് കയ്യടിക്കുകയാണ് ആരാധകര്‍. തേഡ് അപംയര്‍ വിക്കറ്റ് പരിശോധിക്കുന്നതിനിടെ ഡ്രസിങ് റൂമില്‍ നിന്നും ആശങ്കയോടെ എഴുന്നേറ്റ് ബിഗ് സ്ക്രീനില്‍ നോക്കുന്ന രോഹിത് ശര്‍മയുടെ ചിത്രം പങ്കുവച്ചാണ് ആരാധകര്‍ താരത്തെ അഭിനന്ദിക്കുന്നത്. അംപയര്‍ നോട്ട്ഔട്ട് വിളിച്ചതിന് പിന്നാലെ രോഹിത് തന്‍റെ സീറ്റിലേക്ക് മാറുകയായിരുന്നു. 

എട്ടാം ഓവറില്‍ കോലി ഗോള്‍ഡന്‍ ഡക്ക് ആവാനുള്ള സാഹചര്യത്തിലാണ് രോഹിത് ആശങ്കയോടെ ഇരിക്കുന്നത്. 7.5 ഓവറില്‍ ബോളണ്ടിന്‍റെ പന്തില്‍ കോലിയുടെ ക്യാച്ച് സ്റ്റീവ് സ്മിത്ത് വഴി സ്ലിപ്പില്‍ ലബുഷെയ്ന്‍റെ കയ്യിലെത്തുകയായിരുന്നു. ബോളണ്ടിന്‍റെ പന്തില്‍ എഡ്ജായ ക്യാച്ച് സ്ലിപ്പിലേക്ക് പോയി. രണ്ടാം സ്ലിപ്പിലായിരുന്ന സ്റ്റീവ് സ്മിത്തിലേക്ക് വന്ന് പന്ത് സ്കൂപ്പ് ചെയ്ത് ഉയര്‍ത്തി ലബുഷെയ്ന്‍റെ കയ്യിലെത്തിക്കുകയായിരുന്നു. എന്നാല്‍ പന്ത് ടര്‍ഫില്‍ ഉരസിയെന്ന് കാണിച്ച് അംപയര്‍ നോട്ട്ഔട്ട് വിധിക്കുകയായിരുന്നു. എന്നാല്‍ 17 റണ്‍സെടുത്ത കോലി ബോളണ്ടിന്‍റെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കി പുറത്താകുകയായിരുന്നു. 

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ മോശം ഫോമിനെ തുടര്‍ന്നാണ് രോഹിത് ടീമില്‍ നിന്നും സ്വയം മാറി നില്‍ക്കുന്നത്. മൂന്ന് ടെസ്റ്റ് കളിച്ച രോഹിത് അഞ്ച് ഇന്നിങ്സില്‍ നിന്നായി 31 റണ്‍സാണ് ആകെ നേടിയത്.  14 ടെസ്റ്റിലെ 26 ഇന്നിങ്സില്‍ നിന്നും 24.76 ശരാശരിയില്‍ 619 റണ്‍സാണ് രോഹിത് ശര്‍മ 2024 ല്‍ നേടിയത്. രണ്ട് സെഞ്ചറിയും ഒരു അര്‍ധ സെഞ്ചറിയും അടങ്ങുന്നതാണ് രോഹിതിന്‍റെ ഇന്നിങ്സ്. 

ENGLISH SUMMARY:

Captain Rohit Sharma’s decision to step aside from the Sydney Test was met with widespread praise from fans. Jasprit Bumrah, who took over the captaincy for the crucial match, also commended Rohit. "Our captain showed us what true leadership is by deciding to exclude himself," Bumrah remarked.