‘ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നു’; രാഹുലിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി എന്ന പേരില്‍ എക്സില്‍ പ്രചരിക്കുന്ന പോസ്റ്റില്‍ എഴുതിയിരിക്കുന്ന വാചകങ്ങളാണിവ. കാത്തിരിക്കൂ, ഒരു കാര്യം പറയാനുണ്ടെന്ന താരത്തിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെയായിരുന്നു സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിച്ചത്. ഇതുകണ്ട ആരാധകരും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി!
‘വളരെ ആലോചനകൾക്കും പരിഗണനകൾക്കും ശേഷം, പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കാൻ ഞാൻ തീരുമാനിച്ചു. ഈ തീരുമാനം എളുപ്പമായിരുന്നില്ല, ക്രിക്കറ്റ് വർഷങ്ങളായി എന്‍റെ ജീവിതത്തിന്‍റെ പ്രധാന ഭാഗമാണ്. യാത്രയിലുടനീളം കുടുംബം, സുഹൃത്തുക്കൾ, ടീമംഗങ്ങൾ, ആരാധകർ എന്നിവര്‍ നല്‍കിയ പിന്തുണയ്ക്കും പ്രോത്സാഹനത്തിനും നന്ദി’ എന്നാണ് പ്രചരിക്കുന്ന സ്ക്രീന്‍ ഷോട്ട്.
പിന്നാലെ സ്ക്രീന്‍ഷോട്ടുകള്‍ വ്യാജമെന്ന് ഒരു കൂട്ടര്‍, ഇത് തെളിയിക്കാനായി രാഹുലിന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ സ്ക്രീൻഷോട്ടുകളുമായാണ് ആരാധകര്‍ എത്തിയത്. ഇവര്‍ പങ്കുവയ്ക്കുന്ന പോസ്റ്റുകളിലൊന്നും രാഹുലിന്‍റേത് എന്ന് പറയുന്ന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്ലായിരുന്നു. അതേസമയം വ്യാജമല്ലെന്ന് അവകാശപ്പെട്ട് മറ്റൊരുകൂട്ടരുമെത്തി. രാഹുല്‍ സ്വന്തം അക്കൗണ്ടിൽ ഇട്ട പോസ്റ്റ് പിന്നീടു നീക്കം ചെയ്തെന്നാണ് ഇവരുടെ വാദം.
എന്നാൽ രാഹുൽ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നതാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു കാര്യം പ്രഖ്യാപിക്കാനുണ്ടെന്നു പറഞ്ഞ് രാഹുൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ സ്റ്റാറ്റസ് ഇട്ടിരുന്നു. ഇത് ഐപിഎല്ലിന്‍റെ വരുന്ന സീസണുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനമാണെന്നാണ് വിവരം. ഓഗസ്റ്റ് നാലിന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലാണ് രാഹുല്‍ ഒടുവിൽ കളിച്ചത്.