ramiz-raja-rohit-sharma

പാക്കിസ്ഥാൻ പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ചരിത്ര വിജയമാണ് ബം​ഗ്ലദേശ് നേടിയത്. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് വിജയമെന്ന റെക്കോർഡാണ് 10 വിക്കറ്റ് വിജയത്തോടെ ബം​ഗ്ലദേശ് സ്വന്തമാക്കിയത്. പാക് ടീമിന്റെ ദയനീയ പ്രകടനത്തിൽ വിമർശനവുമായി മുൻ താരങ്ങളും ആരാധകരും രംഗത്തെത്തി. എന്തുകൊണ്ട് തോറ്റു എന്നതിന് കാരണം പറയുകയാണ് മുൻ പാക് താരം റമീസ് രാജ. ബം​ഗ്ലദേശിന്റെ വിജയത്തിന് പാക്കിസ്ഥാന്റെ പല തീരുമാനങ്ങളും കാരണമായെന്ന് പറയുന്ന റമീസ് രാജ, അതിലൊന്ന് ഇന്ത്യൻ ബന്ധമാണെന്നും വിശദീകരിക്കുന്നു. 

യൂട്യൂബ് ചാനലിൽ സംസാരിക്കുമ്പോഴാണ് റമീസ് രാജ തോൽവിയെ വിശകലനം ചെയ്യുന്നത്. 'ബംഗ്ലദേശിന്റെ അർഹമായ ആദ്യ ടെസ്റ്റ് വിജയത്തിന് പാക് ടീമിന്റെ തീരുമാനങ്ങളായിരുന്നു. ബംഗ്ലാദേശിന് വിജയിക്കാൻ വേണ്ട പല കാര്യങ്ങളും പാക്കിസ്ഥാൻ സംഭാവന ചെയ്തു. മത്സരം നിയന്ത്രണത്തിലായെന്ന ധാരണയിലാണ് ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. പക്ഷെ വലിയ കാര്യങ്ങൾ ടെസ്റ്റ് മത്സരം പഠിപ്പിച്ചു'  എന്നാണ് റമീസ് രാജ പറഞ്ഞത്. 

സ്പിന്നർമാരെ കളിപ്പിക്കാത്ത തീരുമാനത്തെയും റമീസ് രാജ ചോദ്യം ചെയ്യുന്നു. സ്പെഷ്യലിസ്റ്റ് സ്പിന്നർ അബ്രാർ അഹമ്മദിനെ  ടീമിലെടുക്കാത്തതിന് വലിയ വില നൽകേണ്ടി വന്നു. പാക്കിസ്ഥാന്റെ ഫാസ്റ്റ് ബൗളിങ്ങിനെ ബം​ഗ്ലദേശ് നേരിടുമ്പോൾ നിർണായമാകേണ്ട അവസരമാണ് പാക്കിസ്ഥാൻ നഷ്ടമാക്കിയതെന്നും റമീസ് രാജ വിമർശിച്ചു. പാക് ഫാസ്റ്റ് ബൗളിങിന് മേൽ ബം​ഗ്ലദേശ് ആധിപത്യം നേടിയതിന് പിന്നിൽ ഇന്ത്യയാണെന്നാണ് റമീസ് രാജയുടെ കണ്ടെത്തൽ. 2023 ലെ ഏഷ്യാകപ്പിൽ ഇന്ത്യൻ ടീം പാക്കിസ്ഥാൻ ഫാസ്റ്റ് ബൗളിങ്ങിന്റെ ദൗർബല്യം തുറന്നുകാട്ടി. പേസർമാരെ ആക്രമിച്ച് കളിച്ച് സമ്മർദ്ദത്തിലാക്കാമെന്ന് അവർ ലോകത്തിന് മുന്നിൽ കാണിച്ചുകൊടുത്തു. ഇതും പരാജയകാരണമായി റമീസ് രാജ പറയുന്നു. 

റാവിൽപിണ്ടി ടെസ്റ്റിൽ 10 വിക്കറ്റിനാണ് ബം​ഗ്ലദേശ് ആതിഥേയരായ പാകിസ്ഥാനെ തോൽപ്പിച്ചത്. 23 വർഷ ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാനെതിരെ ബം​ഗ്ലദേശ് ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ഇതിന് മുൻപ് 13 ടെസ്റ്റിൽ ഇതുവരെ ഇരുടീമുകളും പരസ്പരം കളിച്ചപ്പോൾ 12 ജയവും പാകിസ്താനൊപ്പമായിരുന്നു. ഒരു മത്സരം സമനിലയിലായി. 

ENGLISH SUMMARY:

Indian connection behind Pakistan's defeat; Rameez Raja's criticism of losing to Bangladesh