സ്ലിപ്പിലെ പാക്കിസ്ഥാന്റെ ഫീല്‍ഡിങ് പിഴവുകള്‍ പലവട്ടം ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട്. ബംഗ്ലാദേശിന് എതിരായ രണ്ടാം ടെസ്റ്റില്‍ പാക് താരം സൗദ് ഷക്കീല്‍ നഷ്ടപ്പെടുത്തിയ ക്യാച്ചാണ് ഇപ്പോള്‍ വിമര്‍ശനങ്ങളും ട്രോളുകളും വാരിക്കൂട്ടുന്നത്. 274 റണ്‍സിന് പാക്കിസ്ഥാന്‍ ഓള്‍ഔട്ടായിരുന്നു. എന്നാല്‍ തുടക്കത്തില്‍ തന്നെ ബംഗ്ലാദേശിന്റെ വിക്കറ്റ് വീഴ്ത്താനുള്ള സുവര്‍ണാവസരം സൗദ് നഷ്ടപ്പെടുത്തി. ഈ സമയം വന്ന അംപയറിന്റെ മുഖഭാഗവും ആരാധകര്‍ ട്രോളാക്കി കഴിഞ്ഞു.
പാക് ബോളര്‍ മിര്‍ ഹംസയുടെ ഡെലിവറില്‍ ബംഗ്ലാദേശ് ഓപ്പണര്‍ ഷദം ഇസ്ലമിന്റെ ബാറ്റില്‍ എഡ്ജ്ചെയ്ത പന്ത് അഞ്ചാം സ്ലിപ്പിലേക്ക് എത്തി. എന്നാല്‍ സൗദ് ഷക്കീല്‍ ക്യാച്ച് നഷ്ടപ്പെടുത്തി. സാധാരണ ക്യാച്ച് പോലും എടുക്കാനാവാത്ത പാക് താരങ്ങളെ വിമര്‍ശിച്ച് കമന്ററി ബോക്സില്‍ നിന്നും പ്രതികരണങ്ങള്‍ ഉയര്‍ന്നു.
കളിയിലേക്ക് വരുമ്പോള്‍ ഓഫ് സ്പിന്ന്‍ മെഹ്ദി ഹസന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് പാക്കിസ്ഥാനെ 274 റണ്‍സില്‍ ഒതുക്കാന്‍ സഹായിച്ചത്. മെഹ്ദി ഹസന്റെ ടെസ്റ്റിലെ 10ാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇത്. ഒന്നാം ഇന്നിങ്സില്‍ മൂന്ന് താരങ്ങള്‍ പാക് നിരയില്‍ അര്‍ധ ശതകം കണ്ടെത്തി. സയിം അയുബ്, ഷാന്‍ മസൂദ്, സല്‍മാന്‍ അലി എന്നിവരാണ് അര്‍ധ ശതകം കണ്ടെത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 43 ഓവറിലേക്ക് എത്തുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സ് എന്ന സ്കോറിലാണ്.