ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ ചികിത്സയ്ക്കായി ലണ്ടനിലേക്ക്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുകയായിരുന്ന ഖാലിദ സിയയ്ക്ക് നേരത്തേ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ ബംഗ്ലാദേശിനു പുറത്തേക്കുള്ള യാത്രാനുമതി നിഷേധിച്ചിരുന്നു. രാജ്യത്തുണ്ടായ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഷെയ്ഖ് ഹസീന സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് ഖാലിദയ്ക്കുള്ള വിലക്ക് നീങ്ങിയതും പുറത്തേക്ക് പോവാനുള്ള അവസരം ലഭിച്ചതും.
കരള്‍,വൃക്ക,ഹൃദ്രോഗം എന്നിവയുമായി ബന്ധപ്പെട്ട രോഗത്തിന്റെ ചികിത്സയ്ക്കായാണ് ഖാലിദ സിയ രാജ്യം വിടുന്നത്. ഇതോടെ രാജ്യത്തെ പ്രധാനപ്പെട്ട രണ്ടു പാര്‍ട്ടികളുടേയും രണ്ടു നേതാക്കളും ബംഗ്ലദേശിനു പുറത്താണ്. ഖാലിദ സിയയ്ക്ക് അനുകൂലികളും പാര്‍ട്ടിക്കാരും വലിയ തോതിലുള്ള യാത്രയയപ്പാണ് നല്‍കിയത്. വീട്ടില്‍ നിന്നും വിമാനത്താവളം വരെയുളള 10 കിലോമീറ്റര്‍ പിന്നിടാന്‍ മൂന്നുമണിക്കൂര്‍ എടുത്തതായാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തകര്‍ അടങ്ങുന്ന വന്‍ജനക്കൂട്ടമാണ് റോഡിനിരുവശത്തും തിങ്ങിക്കൂടിയത്. ഖാലിദയുടെ യാത്ര ഖത്തര്‍ അയച്ച പ്രത്യേക എയര്‍ ആംബുലന്‍സിലായിരുന്നു. ഖാലിദയുടെ യാത്ര ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്തു.
ഷെയ്ഖ് ഹസീന രാജ്യം വിട്ട പശ്ചാത്തലത്തില്‍ ഇടക്കാല സര്‍ക്കാറിനോട് ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടത്താന്‍ ഖാലിദ സിയ ആവശ്യപ്പെട്ടിരുന്നു. ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ തിരഞ്ഞെടുപ്പ് നടത്താന്‍ ഇടക്കാല സര്‍ക്കാര്‍ തീരുമാനിച്ചു. ഖാലിദയുടെ മകനും പാർട്ടി ആക്ടിങ് ചെയർമാനുമായ താരിഖ് റഹ്മാൻ നിലവില്‍ ലണ്ടനിലാണ് . ഹസീനയ്കു പിന്നാലെ ഖാലിദ കൂടി രാജ്യം വിട്ടതോടെ ബംഗ്ലദേശ് രാഷ്ട്രീയത്തിൽ രണ്ടു പ്രധാനപ്പെട്ട പാർട്ടികളുടെയും നേതാക്കളുടെ അസാന്നിധ്യമാണ് കാണാനാവുക.