kl-rahul-dream11

TOPICS COVERED

ഇന്ത്യ എ ക്യാപ്റ്റന്‍ കെ.എല്‍.രാഹുലിന് ദുലീപ് ട്രോഫിയില്‍ ഇന്ത്യ ബിക്കെതിരെ ബാറ്റിങ്ങില്‍ മികച്ച തുടക്കം കിട്ടിയെങ്കിലും സ്കോര്‍ ഉയര്‍ത്താനായില്ല. 111 പന്തില്‍ നിന്ന് 37 റണ്‍സ് എടുത്താണ് രാഹുല്‍ മടങ്ങിയത്. വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ രാഹുല്‍ ക്ലീന്‍ ബൗള്‍ഡ് ആയതിന് പിന്നാലെ രാഹുലിനെ ട്രോളുകയാണ് ആരാധകര്‍. 

തന്റെ 37 റണ്‍സ് ഇന്നിങ്സില്‍ നാല് ഫോറുകളാണ് രാഹുലില്‍ നിന്ന് വന്നത്. ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയിലും തിളങ്ങാന്‍ രാഹുലിന് സാധിച്ചിരുന്നില്ല. ആദ്യ ഏകദിനത്തില്‍ 31 റണ്‍സും രണ്ടാമത്തേതില്‍ ഡക്കായുമാണ് രാഹുല്‍ മടങ്ങിയത്. മൂന്നാം ഏകദിനത്തിലേക്ക് എത്തിയപ്പോള്‍ രാഹുലിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കി. 

ഈ വര്‍ഷം ആദ്യം നടന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ ഒരു ടെസ്റ്റ് മാത്രമാണ് രാഹുലിന് കളിക്കാനായത്. ആദ്യ ഇന്നിങ്സില്‍ സ്കോര്‍ ചെയ്തത് 86 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 22 റണ്‍സും. ഹൈദരാബാദില്‍ നടന്ന ആദ്യ ടെസ്റ്റിനിടയില്‍ രാഹുലിന് പരുക്കേറ്റ് മത്സരങ്ങള്‍ നഷ്ടമാവുകയായിരുന്നു. 

ഋഷഭ് പന്ത് ടെസ്റ്റ് ടീമിലേക്ക് മടങ്ങി വരവ് ലക്ഷ്യം വയ്ക്കുമ്പോള്‍ രാഹുലിന് ഫിറ്റ്നസും സ്ഥിരതയും നിലനിര്‍ത്തണം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ മികവ് കാണിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റേഴ്സായ ധ്രുവ് ജുറെലും സര്‍ഫറാസ് ഖാനും അവസരം കാത്ത് നില്‍ക്കുന്നുണ്ട്. 50 ടെസ്റ്റുകളാണ് രാഹുല്‍ ഇതുവരെ കളിച്ചത്. ഇതില്‍ നിന്ന് 8 സെഞ്ചറിയും 14 അര്‍ധ ശതകവും ഉള്‍പ്പെടെ നേടിയത് 2863 റണ്‍സ്. 

ENGLISH SUMMARY:

India A captain KL Rahul got off to a good start with the bat against India B in the Duleep Trophy but could not raise the score. Rahul returned with 37 runs from 111 balls