കൂടുമാറാന്‍ ഒരുങ്ങി താര ലേലത്തിലേക്ക് എത്തിയ ഋഷഭ് പന്തിനും ശ്രേയസ് അയ്യര്‍ക്കുമെല്ലാം വമ്പന്‍ തുകയാണ് താര ലേലത്തില്‍ ലഭിച്ചത്. എന്നാല്‍ വമ്പന്‍ വില ലഭിക്കുമെന്ന് പ്രതീക്ഷിച്ച പല താരങ്ങള്‍ക്കും നിരാശപ്പെടേണ്ടി വന്നു. അങ്ങനെ നിരാശപ്പെട്ടവരില്‍ പ്രമുഖരാണ് കെ.എല്‍.രാഹുല്‍, ഇഷാന്‍ കിഷന്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍.
കെ എല്‍ രാഹുല്‍
ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ക്യാപ്റ്റനായിരുന്ന കെ.എല്‍.രാഹുലിന്‍റെ പേര് താര ലേലത്തിലേക്ക് എത്തുമ്പോള്‍ ഉയര്‍ന്ന പ്രതിഫലം ലഭിച്ചേക്കും എന്നാണ് വിലയിരുത്തപ്പെട്ടിരരുന്നത്. രണ്ട് കോടിയായിരുന്നു രാഹുലിന്‍റെ അടിസ്ഥാന വില. 20 കോടിക്ക് മുകളിലേക്ക് രാഹുലിന്‍റെ പ്രതിഫലം പോകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നെങ്കിലും 14 കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ 17 കോടി രൂപയായിരുന്നു രാഹുലിന്‍റെ പ്രതിഫലം.
ഇഷാന്‍ കിഷന്‍
താര ലേലത്തില്‍ വന്‍ തുക പ്രതീക്ഷിച്ച താരങ്ങളില്‍ ഇഷാന്‍ കിഷനും ഉള്‍പ്പെട്ടിരുന്നു. 15 കോടി രൂപയ്ക്ക് മുകളിലേക്ക് ഇഷാന്‍റെ പ്രതിഫലം ഉയരും എന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ 11.25 കോടി രൂപയ്ക്കാണ് ഇഷാനെ സണ്‍റൈസേഴ്സ് ഹൈദരാബാദ് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിലെ ഇഷന്‍റെ പ്രതിഫലത്തില്‍ നിന്നും 26 ശതമാനത്തിന്റെ കുറവ്. 2022ലെ താര ലേലത്തില്‍ 15.25 കോടി രൂപയ്ക്കാണ് ഇഷാനെ മുംബൈ സ്വന്തമാക്കിയത്.
മിച്ചല്‍ സ്റ്റാര്‍ക്ക്
കഴിഞ്ഞ സീസണില്‍ 24 കോടി രൂപ ലേലത്തില്‍ സ്വന്തമാക്കിയാണ് ഇടംകയ്യന്‍ പേസറായ സ്റ്റാര്‍ക്ക് ഏവരേയും ഞെട്ടിച്ചത്. എന്നാല്‍ ഇത്തവണ സ്റ്റാര്‍ക്കിനെ ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കിയത് 11.75 കോടി രൂപയ്ക്കും. കഴിഞ്ഞ സീസണില്‍ നിന്ന് ഇത്തവണത്തേതിലേക്ക് എത്തിയപ്പോള്‍ സ്റ്റാര്‍ക്കിന്‍റെ പ്രതിഫലത്തില്‍ കുറഞ്ഞത് 13 കോടി.
9 വര്‍ഷത്തിന് ശേഷം കഴിഞ്ഞ വര്‍ഷമായിരുന്നു സ്റ്റാര്‍ക്ക് ഐപിഎല്ലിലേക്ക് തിരിച്ചെത്തിയത്. 14 കളിയില്‍ നിന്ന് വീഴ്ത്തിയത് 17 വിക്കറ്റ്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയുടെ നോക്കൗട്ട് മത്സരങ്ങളില്‍ സ്റ്റാര്‍ക്കിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ക്വാളിഫയര്‍ വണ്ണില്‍ മൂന്ന് വിക്കറ്റും ഫൈനലില്‍ രണ്ട് വിക്കറ്റുമാണ് സ്റ്റാര്‍ക്ക് വീഴ്ത്തിയത്.