ഓരോ മല്‍സരത്തെയും അതിന്റെതായ ഗെയിംപ്ലാനോടെ സമീപിക്കുമെന്ന് ട്രിവാന്‍ഡ്രം റോയല്‍സിന്റെ എം.എസ്.അഖില്‍ മനോരമ ന്യൂസിനോട് . കേരള ക്രിക്കറ്റ് ലീഗിലെ ഏറ്റവും വിലയേറിയ താരമായ അഖില്‍ മികച്ചഫോമിലേക്ക് ഉയര്‍ന്നുകഴിഞ്ഞു. കെ.സി.എല്‍ മല്‍സരങ്ങള്‍ കൂടുതല്‍ താരങ്ങളെ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവരുമെന്ന് റോയല്‍സ് പരിശീലകന്‍ പി. ബാലചന്ദ്രനും മനോരമ ന്യൂസിനോട് പറഞ്ഞു.
കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലത്തില്‍ ഏറ്റവും കൂടിയ തുകയായ 7.4 ലക്ഷം രൂപയ്ക്ക് ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കിയ എം.എസ്.അഖില്‍ അഖില്‍ തൃശൂര്‍ ടൈറ്റന്‍സിനെതിരെ തുടര്‍ച്ചയായ രണ്ട് സിക്സറുകള്‍ പറത്തിയാണ് അര്‍ധസെഞ്ച്വറിയും റോയല്‍സിന്റെ വിജയറണ്ണും നേടിയത്. നാലുമല്‍സരങ്ങള്‍ ജയിച്ച റോയല്‍സിന് സെമിഫൈനലിലേക്ക് സാധ്യതയേറി. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കളിയുടെ ശൈലിയും മാറ്റുന്നതാണ് വിജയത്തിന് ആധാരമെന്ന് അഖില്‍.
പണ്ട് ഇതുപോലൊരുടൂര്‍ണമെന്റ് ഏറെ മോഹിച്ചിരുന്നതാണെന്നും ഇപ്പോഴെങ്കിലും അത് സാധ്യമായതില്‍ ഏറെ സന്തോഷമെന്നും റോയല്‍സ് കോച്ചും കേരള ടീമിന്റെ മുന്‍പരിശീലകനുമായ പി. ബാലചന്ദ്രന്‍ പറഞ്ഞു. ആദ്യ നാലുസ്ഥാനങ്ങളിലെത്താന്‍ എല്ലാ ടീമുകളും തയാറെടുക്കുമ്പോള്‍ ഇനി കാണാന്‍പോകുന്നത് തീപാറും കളികള്‍.