17 വര്‍ഷം മുന്‍പ് സെപ്തംബര്‍ 14നായിരുന്നു ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ–പാക്കിസ്ഥാന്‍ പോര്. ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ധോണിയുടെ ആദ്യ മത്സരം. ഡക്കായി ഗൗതം ഗംഭീറും അഞ്ച് റണ്‍സ് മാത്രം എടുത്ത് സെവാഗും കൂടാരം കയറിയതോടെ ഇന്ത്യ സമ്മര്‍ദത്തിലായി. എന്നാല്‍ റോബിന്‍ ഉത്തപ്പയുടെ അര്‍ധ ശതകവും ധോണിയുടെ 33 റണ്‍സ് ഇന്നിങ്സും ഇന്ത്യയെ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സിലേക്ക് എത്തിച്ചു. ചെയ്സ് ചെയ്തിറങ്ങിയ പാക്കിസ്ഥാന് അവസാന ഓവറില്‍ ജയിക്കാന്‍ 12 റണ്‍സ് വേണമെന്ന അവസ്ഥ. ആദ്യ നാല് പന്തില്‍ നിന്ന് മിസ്ബാ ഉള്‍ ഹഖ് രണ്ട് ബൗണ്ടറി നേടി. ഇതോടെ പാക്കിസ്ഥാനെ രണ്ട് പന്തില്‍ നിന്ന് ജയിക്കാന്‍ ഒരു റണ്‍സ് മതിയെന്ന അവസ്ഥ. എന്നാല്‍ ആ രണ്ട് പന്തിലും റണ്‍സ് വഴങ്ങാതെ ശ്രീശാന്ത് കളി ബൗള്‍ ഔട്ടിലേക്ക് എത്തിച്ചു. ബോള്‍ഔട്ടില്‍ സെവാഗിന്റേയും ഹര്‍ഭജന്റേയും റോബിന്‍ ഉത്തപ്പയുടേയും കൈകളിലേക്കാണ് ധോണി പന്ത് നല്‍കിയത്. മൂന്ന് പേര്‍ക്കും പിഴച്ചില്ല. പാക്കിസ്ഥാന്‍ ഫാസ്റ്റ് ബോളര്‍മാരുടെ കൈകളിലേക്ക് പന്ത് നല്‍കിയപ്പോള്‍ ഒരാള്‍ക്ക് പോലും സ്റ്റംപ് ഇളക്കാനായില്ല. അവിടെ തുടങ്ങുകയായിരുന്നു ധോണി യുഗം. മൈതാനത്ത് പലവട്ടം തന്റെ ക്യാപ്റ്റന്‍സി മികവ് കൊണ്ട് ധോണി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. അങ്ങനെ ധോണിയുടെ തന്ത്രങ്ങള്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച മൂന്ന് സംഭവങ്ങള്‍...
ജോഗീന്ദര്‍ ശര്‍മയിലേക്ക് പന്ത് നല്‍കിയ ധൈര്യം
2007 ട്വന്റി20 ലോകകപ്പില്‍ 158 റണ്‍സ് ആണ് പാക്കിസ്ഥാന് മുന്‍പില്‍ ഇന്ത്യ വിജയ ലക്ഷ്യം വെച്ചത്. ഗംഭീറിന്റെ 75 റണ്‍സ് ഇന്നിങ്സും രോഹിത് ശര്‍മയുടെ 16 പന്തില്‍ നിന്ന് 30 റണ്‍സ് കണ്ടെത്തിയ പ്രകടനവുമാണ് ഇന്ത്യയെ തുണച്ചത്. ചെയ്സ് ചെയ്ത പാക്കിസ്ഥാന് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 13 റണ്‍സ്. ജയിക്കാന്‍ ഇന്ത്യക്ക് വീഴ്ത്തേണ്ടിയിരുന്നത് ഒരേയൊരു വിക്കറ്റ്.
മിസ്ബാ ഉള്‍ഹഖായിരുന്നു ക്രീസില്‍. ഈ സമയം 3 ഓവറില്‍ 36 റണ്‍സ് വഴങ്ങി നില്‍ക്കുകയായിരുന്നു ഹര്‍ഭജന്‍ സിങ്. ഇതോടെ പരിചയസമ്പത്ത് കുറവാണെങ്കിലും ജോഗീന്ദര്‍ ശര്‍മയുടെ അരികിലേക്ക് ധോണി എത്തി. ചെറിയ സംഭാഷണത്തിന് ശേഷം ജോഗീന്ദറിന്റെ കൈകളിലേക്ക് ധോണി പന്ത് നല്‍കി. വൈഡോടെയാണ് ജോഗീന്ദര്‍ ശര്‍മ തുടങ്ങിയത്.
പിന്നാലെ സിക്സും വഴങ്ങി. അവസാന നാല് പന്തില്‍ പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടത് ആറ് റണ്‍സ്. സ്കൂപ്പ് ഷോട്ടിന് ശ്രമിച്ച മിസ്ബ ഫൈന്‍ ലെഗ്ഗില്‍ ശ്രീശാന്തിന്റെ കൈകളിലൊതുങ്ങി. പരിചയസമ്പത്തുള്ള ഹര്‍ഭജന് പകരം ജോഗീന്ദര്‍ ശര്‍മയെ വിശ്വസിക്കാനുള്ള ധോണിയുടെ തീരുമാനം ഇവിടെ ശരിയെന്ന് തെളിഞ്ഞു.
ഇഷാന്ത് ശര്‍മയില്‍ അര്‍പ്പിച്ച വിശ്വാസം
മഴ രസംകൊല്ലിയായി എത്തിയ 2013 ചാംപ്യന്‍സ് ട്രോഫിയില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 20 ഓവറില്‍ 129 റണ്‍സ് ആണ് ഇന്ത്യ കണ്ടെത്തിയത്. ഇംഗ്ലണ്ടിന് അവസാന മൂന്ന് ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 28 റണ്‍സ്. ആറ് വിക്കറ്റും ഇംഗ്ലണ്ടിന്റെ കൈകളിലുണ്ടായി. മോര്‍ഗനും രവി ബൊപാറയുമായിരുന്നു ക്രീസില്‍. ഇരുവരും സെറ്റായി നില്‍ക്കുമ്പോള്‍ ഇന്ത്യക്ക് വിക്കറ്റ് വീഴ്ത്തേണ്ടത് അനിവാര്യമായ സമയം.
ആദ്യ മൂന്ന് ഓവറില്‍ 27 റണ്‍സ് വഴങ്ങി നില്‍ക്കുകയായിരുന്നു ഇഷാന്ത് ശര്‍മ. മറുവശത്ത് ഭുവനേശ്വര്‍ കുമാറാവട്ടെ മൂന്ന് ഓവറില്‍ വഴങ്ങിയത് 19 റണ്‍സും. രണ്ട് ഓവറില്‍ ഉമേഷ് യാദവ് വഴങ്ങിയത് 10 റണ്‍സും. എന്നാല്‍ 18ാം ഓവറില്‍ ഇഷാന്ത് ശര്‍മയുടെ കൈകളിലേക്കാണ് ധോണി പന്ത് നല്‍കിയത്. എന്നാല്‍ രണ്ടാം പന്തില്‍ സിക്സ്. പിന്നാലെ രണ്ട് വൈഡ്. ഇതോടെ ഇന്ത്യ സമ്മര്‍ദത്തിലായി. എന്നാല്‍ മോര്‍ഗനേയും ബൊപ്പാറയേയും മടക്കി ഇഷാന്തിന്റെ ഉഗ്രന്‍ മടങ്ങി വരവ്. ധോണിക്ക് തന്നിലുള്ള വിശ്വാസം കാത്ത് ഇഷാന്ത് മത്സരം ഇന്ത്യക്ക് അനുകൂലമായി തിരിച്ചു.
യുവരാജിനും മുന്‍പേയുള്ള വരവ്
2011 ഏകദിന ലോകകപ്പ് ഫൈനലില്‍ 274 റണ്‍സ് ആണ് ശ്രീലങ്ക ഇന്ത്യക്ക് മുന്‍പില്‍ വെച്ചത്. ചെയ്സ് ചെയ്തിറങ്ങിയ ഇന്ത്യയെ വിറപ്പിച്ചാണ് ശ്രീലങ്ക തുടങ്ങിയത്. സെവാഗ് പൂജ്യത്തിനും സച്ചിന്‍ 18 റണ്‍സിനും പുറത്തായി. ഗംഭീറും കോലിയും ചേര്‍ന്ന് 83 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. 35 റണ്‍സ് എടുത്ത് കോലി മടങ്ങിയതോടെ യുവരാജ് സിങ് ക്രീസിലേക്ക് എത്തും എന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എട്ട് ഇന്നിങ്സില്‍ നിന്ന് യുവി 341 റണ്‍സ് സ്കോര്‍ ചെയ്ത് ടൂര്‍ണമെന്റിലെ താരമായി നില്‍ക്കുന്ന സമയം.
എന്നാല്‍ അഞ്ചാമനായി ധോണിയാണ് ക്രീസിലേക്ക് ഇറങ്ങിയത്. ലങ്കന്‍ സ്പിന്നര്‍ മുത്തയ്യ മുരളീധരനെ നേരിട്ടുള്ള പരിചയസമ്പത്ത് മുന്‍നിര്‍ത്തിയാണ് യുവിക്കും മുന്‍പേ ഇറങ്ങാന്‍ ധോണി തീരുമാനിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നെറ്റ്സില്‍ മുരളീധരനേയും സുരജ് രണ്‍ദീവിനേയും നേരിട്ടിട്ടുണ്ടെന്ന ബലത്തിലായിരുന്നു ഈ തീരുമാനം. 79 പന്തില്‍ നിന്ന് 91 റണ്‍സ് എടുത്ത് ആ തീരുമാനം തെറ്റിയില്ലെന്ന് തെളിയിച്ചതിനൊപ്പം ലോക കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പും ധോണി അവസാനിപ്പിച്ചു.