ഇതിഹാസ നായക പദവിയിലേക്ക് ഉയരുന്നതിന് മുന്‍പുള്ള കാലം ധോണിക്കൊപ്പം ഒരുമിച്ച് കഴിഞ്ഞതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. 2004ലെ ഇന്ത്യ എയുടെ സിംബാബ്വെ, കെനിയ പര്യടനത്തിന് മുന്‍പായാണ് സംഭവം. വെജിറ്റേറിയനായ തനിക്ക് വേണ്ടി ധോണിയും ഒരു മാസം വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിച്ചിരുന്നു എന്നാണ് ആകാശ് ചോപ്ര പറയുന്നത്.
ഞാന്‍ ആ സമയം ഇന്ത്യക്ക് വേണ്ടി കളിച്ചിരുന്നു. പര്യടനത്തിന് മുന്‍പ് ബാംഗ്ലൂരില്‍ ക്യംപുണ്ടായിരുന്നു. ഞാന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ ധോണിയാണ് എന്റെ റൂംമേറ്റ് എന്ന് പറഞ്ഞു. എവിടെ നിന്നാണ് ധോണി വരുന്നത് എന്നെല്ലാം ഞാന്‍ ചോദിച്ചു. ധോണി ഏതാനും ഡൊമസ്റ്റിക് മത്സരങ്ങള്‍ കളിച്ചത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ നേരിട്ട് സംസാരിച്ചിട്ടില്ലായിരുന്നു. റൂംമേറ്റായി ഒരുമാസം ഞങ്ങള്‍ ഒരുമിച്ചുണ്ടായി, ആകാശ് ചോപ്ര പറയുന്നു.
ധോണിക്ക് തുടരെ ഫോണ്‍കോള്‍ വന്നുകൊണ്ടിരിക്കും. എന്നാല്‍ ഒന്നിനും ധോണി മറുപടി നല്‍കില്ല. ഏത് സമയത്താണ് നീ ഉറങ്ങുന്നത് എന്ന് ഞാന്‍ ധോണിയോട് ചോദിച്ചു, നിങ്ങള്‍ക്ക് ഇഷ്ടമുള്ള സമയത്ത് ലൈറ്റ് അണയ്ക്കാം എന്നായിരുന്നു ധോണിയുടെ മറുപടി. അത് മാത്രമല്ല. ഞാന്‍ വെജിറ്റേറിയനും ധോണി നോണ്‍ വെജിറ്റേറിയനും ആയിരുന്നു. അതുകൊണ്ട് ഞങ്ങള്‍ ഒരുമിച്ചുള്ള താമസം അത്ര സുഖകരമായിരുന്നില്ല. എന്നാല്‍ എന്താണ് കഴിക്കാന്‍ വേണ്ടത് എന്ന് ഞാന്‍ ധോണിയോട് ചോദിക്കുമ്പോള്‍, നിങ്ങള്‍ക്ക് കഴിക്കാന്‍ തോന്നുന്നത് ഞാനും കഴിക്കാം എന്നാണ് ധോണി പറഞ്ഞിരുന്നത്. ധോണി ഒരിക്കലും റൂം സര്‍വീസിലേക്ക് വിളിച്ചിരുന്നില്ല. വളരെ നാണമായിരുന്നു ആ സമയം ധോണിക്ക്. ആ മാസം മുഴുവന്‍ ധോണി വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ചു.