ഫോട്ടോ: പിടിഐ,

ദുലീപ് ട്രോഫിയിലെ നാല് ഇന്നിങ്സില്‍ നിന്ന് 104 റണ്‍സ്. റണ്‍സ് സ്കോര്‍ ചെയ്യാന്‍ സാധിക്കാത്തതിനൊപ്പം മോശം ഷോട്ട് സെലക്ഷനുകള്‍...മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യരുടെ ഇന്ത്യന്‍ റെഡ് ബോള്‍ ക്രിക്കറ്റ് ഭാവി അവസാനിച്ചോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് ഈ വര്‍ഷം മടങ്ങിയെത്താനുള്ള സാധ്യതകള്‍ ശ്രേയസിന് മുന്‍പില്‍ അവസാനിച്ചു എന്ന് വ്യക്തമാക്കുന്ന പ്രതികരണമാണ് ഇപ്പോള്‍ ബിസിസിഐ വൃത്തങ്ങളില്‍ നിന്നും വരുന്നത്. 

'നിലവില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ശ്രേയസിനെ ഉള്‍ക്കൊള്ളാനാവില്ല. ആരെ മാറ്റി പകരം ശ്രേയസിനെ ഉള്‍പ്പെടുത്തും? ദുലീപ് ട്രോഫിയിലെ ശ്രേയസ് അയ്യരുടെ ഷോട്ട് സെലക്ഷനുകളും ആശങ്കയുണ്ടാക്കുന്നതാണ്, ഞായറാഴ്ച സ്കോര്‍ ഉയര്‍ത്തും എന്ന നിലയില്‍ ബാറ്റ് ചെയ്യുകയായിരുന്നു ശ്രേയസ്. എന്നാല്‍ ഇടംകയ്യന്‍ സ്പിന്നര്‍ ഷംസ് മുലാനിക്കെതിരെ ശ്രേയസ് കളിച്ച മോശം ഷോട്ട്. ക്രീസില്‍ സെറ്റ് ആയി, അതുപോലൊരു ഫ്ലാറ്റ് പിച്ചില്‍ നിന്ന് കളിക്കുമ്പോള്‍, കിട്ടിയ അവസരം പ്രയോജനപ്പെടുത്താനാവണം', ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇറാനി ട്രോഫിയിലും ഫോമിലേക്ക് എത്താന്‍ ശ്രേയസിന് സാധിച്ചില്ലെങ്കില്‍ പിന്നെ ശ്രേയസിന് മുന്‍പില്‍ രഞ്ജി ട്രോഫിയുമുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഏകദിന ലോകകപ്പില്‍ ശ്രേയസ് മികവ് കാണിച്ചു. എന്നാല്‍ അതിന് ശേഷം ശ്രേയസിന് പരുക്കും നേരിട്ടു. അതും നമ്മള്‍ കാണാതെ പോകരുത്. ദുലീപ് ട്രോഫിയില്‍ ഒരു റൗണ്ട് മത്സരം കൂടി ബാക്കിയുണ്ട്. അതില്‍ ശ്രേയസ് സെഞ്ചറി നേടില്ല എന്ന് ആര്‍ക്കും പറയാനാവില്ല. ഷോര്‍ട്ട് ബോളുകള്‍ നേരിടുന്നതിലെ പ്രശ്നം കാരണം ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ശ്രേയസ് ടീമില്‍ ഉള്‍പ്പെടാന്‍ സാധ്യതയില്ല. എന്നാല്‍ ഇന്ത്യന്‍ മണ്ണില്‍ ശ്രേയസ് സ്കോര്‍ ചെയ്ത റണ്‍സ് അവഗണിക്കാനാവില്ല, ബിസിസിഐ വൃത്തങ്ങള്‍ പറയുന്നു. 

ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പര കഴിഞ്ഞാല്‍ ന്യൂസിലന്‍ഡിന് എതിരെയാണ് പിന്നെ ഇന്ത്യ ടെസ്റ്റ് കളിക്കുന്നത്. ന്യൂസിലന്‍ഡിന് എതിരായ ടീമിലും ശ്രേയസ് ടീമില്‍ ഇടം നേടാന്‍ സാധ്യതയില്ല. 9, 54, 0, 41 എന്നതാണ് ദുലീപ് ട്രോഫിയില്‍ നാല് ഇന്നിങ്സില്‍ നിന്ന് ശ്രേയസിന്റ സ്കോര്‍. 

ENGLISH SUMMARY:

Now comes the response from BCCI sources that Shreyas' chances of returning to the Indian Test team this year are over