ബംഗ്ലാദേശിന് എതിരായ രണ്ടാം ടെസ്റ്റിനായി രോഹിത് ശര്‍മയും സംഘവും ഇറങ്ങുമ്പോള്‍ കോലി സ്കോര്‍ ഉയര്‍ത്തുമോ എന്നതിലേക്ക് ഉറ്റുനോക്കുകയാണ് ആരാധകര്‍. ചെന്നൈയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ ആറ് റണ്‍സിനും രണ്ടാം ഇന്നിങ്സില്‍ 17 റണ്‍സിനുമാണ് കോലി മടങ്ങിയത്. രണ്ടാം ടെസ്റ്റിന് മുന്‍പ് നെറ്റ്സിലെ പരിശീലനത്തിന് ഇറങ്ങിയ കോലി ലഖ്നൗവില്‍ നിന്നുള്ള ഒരു ഫാസ്റ്റ് ബോളറിന് മുന്‍പിലും വിറച്ചു.
ലഖ്നൗവില്‍ നിന്നുള്ള ഫാസ്റ്റ് ബോളര്‍ ജംഷദ് അലം രണ്ട് വട്ടമാണ് നെറ്റ്സില്‍ കോലിയെ പുറത്താക്കിയത്. കോലിക്കെതിരെ ജംഷദ് എറിഞ്ഞത് നാല് ഓവറും. 'കോലിക്കെതിരെ ഞാന്‍ 24 പന്തുകള്‍ എറിഞ്ഞു. മണിക്കൂറില്‍ 135 കിമീ എന്നതായിരുന്നു എന്‍റെ വേഗത. രണ്ട് വട്ടം എനിക്ക് കോലിയുടെ വിക്കറ്റെടുക്കാനായി. പരിശീലനത്തിനായി ഒരുക്കിയ പിച്ച് പേസര്‍മാരെ തുണയ്ക്കുന്നതായിരുന്നു. എന്നാല്‍ കാണ്‍പൂര്‍ പിച്ച് സ്പിന്നര്‍മാരെ തുണയ്ക്കുന്നതാണ്', ജംഷദ് പറയുന്നു.
എത്ര വയസായി എന്ന് കോലി എന്നോട് ചോദിച്ചു. 22 വയസായി എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. കഠിനാധ്വാനം തുടരൂ എന്നായിരുന്നു കോലിയുടെ മറുപടി. കോലിയുടെ വിക്കറ്റ് ലഭിച്ചതോടെ എന്‍റെ സന്തോഷത്തിന് അതിരുണ്ടായില്ല, ജംഷദ് പറയുന്നു. സെപ്തംബര്‍ 27നാണ് ബംഗ്ലാദേശിന് എതിരായ ടെസ്റ്റിലെ രണ്ടാമത്തെ മത്സരം.
ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിയോടെ കോലി ഫോമിലേക്ക് വരുമെന്ന് പാക്കിസ്ഥന്‍ മുന്‍ താരം ബസിത് അലി പറഞ്ഞു. ഓസ്ട്രേലിയയിലെ പേസിനെ തുണയ്ക്കുന്ന പിച്ചുകള്‍ കോലിക്ക് ഇഷ്ടമാണ്. ദുര്‍ബലരായ ടീമുകള്‍ക്കെതിരെ പലപ്പോഴും വമ്പന്‍ താരങ്ങള്‍ക്ക് ശ്രദ്ധ നഷ്ടപ്പെടാറുണ്ട്. എന്നാല്‍ കരുത്തരായ എതിരാളികള്‍ക്ക് എതിരെ അവര്‍ നന്നായി കളിക്കും, ബസിത് അലി പറയുന്നു.