കാണ്‍പൂര്‍ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് കരുതലോടെയാണ് ബാറ്റിങ് തുടങ്ങിയത്. എന്നാല്‍ കാണ്‍പൂരിലെ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ ഒന്‍പത് ഓവര്‍ നീട്ടിക്കൊണ്ടുപോകാനെ ബംഗ്ലാദേശിനായുള്ളു. ആകാശ് ദീപാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. ബംഗ്ലാദേശ് ഓപ്പണര്‍ സക്കീര്‍ ഹസനെ പുറത്താക്കാന്‍ യശസ്വി ജയ്സ്വാളില്‍ നിന്ന് വന്നത് തകര്‍പ്പന്‍ ക്യാച്ചും.
ബംഗ്ലാദേശ് ഇന്നിങ്സിലെ 9ാമത്തെ ഓവറിലെ മൂന്നാമത്തെ പന്തിലാണ് ആകാശ് ദീപ് ബംഗ്ലാദേശിന് ആദ്യത്തെ പ്രഹരം ഏല്‍പ്പിക്കുന്നത്. 24 പന്തില്‍ നിന്ന് ഡക്കായാണ് സക്കീര്‍ ഹസന്‍ മടങ്ങിയത്. ആകാശ് ദീപിന്റെ ഗുഡ് ലെങ്ത് ഡെലിവറിയില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച സക്കീര്‍ ഹസന് പിഴച്ചു. ബാറ്റിലുരസി പന്ത് ഗള്ളിയില്‍ യശസ്വി ജയ്സ്വാളിന്റെ കൈകളിലേക്ക്. പല ആംഗിളില്‍ നിന്ന് തേര്‍ഡ് അംപയര്‍ യശ്വസിയുടെ ക്യാച്ച് പരിശോധിച്ചതിന് േശഷമാണ് ഔട്ട് വിധിച്ചത്.
തന്റെ മൂന്നാമത്തെ ഓവറിലെ ആദ്യ പന്തില്‍ തന്നെ ബംഗ്ലാദേശ് ഓപ്പണര്‍ ശദ്മന്‍ ഇസ്ലാമിനേയും ആകാശ് ദീപ് മടക്കി. 36 പന്തില്‍ നിന്ന് നാല് ബൗണ്ടറിയോടെ 24 റണ്‍സ് എടുത്ത് നില്‍ക്കുകയായിരുന്നു ശദ്മാന്‍. ശദ്മാന്‍ ഖാനെ വിക്കറ്റിന് മുന്‍പില്‍ കുടുക്കിയെങ്കിലും ഓണ്‍ഫീല്‍ഡ് അംപയര്‍ വിക്കറ്റ് അനുവദിച്ചില്ല. ഇതോടെ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തുമായി സംസാരിച്ച് രോഹിത് റിവ്യു എടുത്തു. റിവ്യുവില്‍ ബാറ്റില്‍ പന്ത് ഉരസുന്നില്ലെന്നും സ്റ്റംപിന് നേരെയെന്നും വ്യക്തമായി. ഇതോടെ 29-2 എന്ന നിലയിലേക്ക് ബംഗ്ലാദേശ് വീണു.
തന്റെ ആദ്യ 13 പന്തിനിടെ രണ്ട് വിക്കറ്റ് വീഴ്ത്തിയാണ് ആകാശ് ദീപ് ശ്രദ്ധ പിടിച്ചത്. ആകാശിന്റെ ആദ്യ ആദ്യ നാല് ഓവറില്‍ മൂന്നും മെയ്ഡനായിരുന്നു. ഈ നാല് ഓവറില്‍ ആകാശ് വഴങ്ങിയത് എട്ട് റണ്‍സ് മാത്രം. ഓസ്ട്രേലിയന്‍ പര്യടനത്തില്‍ തന്നെ ആശ്രയിക്കാന്‍ ടീമിനാവും എന്ന് വ്യക്തമാക്കുന്ന പ്രകടനമാണ് കാണ്‍പൂരില്‍ ആദ്യ ദിനം ആകാശ് ദീപില്‍ നിന്ന് വരുന്നത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് ആകാശ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്. ബുമ്രയുടെ അഭാവത്തില്‍ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് ടീമിലേക്ക് എത്തിയ ആകാശ് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് വീഴ്ത്തി കയ്യടി നേടിയിരുന്നു.