rohit-siraj

ഫോട്ടോ: എഎഫ്പി

കാണ്‍പൂര്‍ ടെസ്റ്റിന്‍റെ നാലാം ദിനം ബംഗ്ലാദേശ് ബാറ്റര്‍ മോമിനുല്‍ ഹഖിന് സെഞ്ചറി. മഴ കളി തടസപ്പെടുത്തിയ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നാലാം ദിനം കളി പുനരാരംഭിച്ചപ്പോള്‍ ആദ്യ സെഷനില്‍ തന്നെ ബംഗ്ലാദേശിന്‍റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്താന്‍ ഇന്ത്യക്കായി. ഇതോടെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എന്ന നിലയിലാണ് ബംഗ്ലാദേശ്. 

siraj-kohli

ഫോട്ടോ: പിടിഐ

95ല്‍ നില്‍ക്കെ മോമിനുല്‍ ഹഖിനെ പുറത്താക്കാനുള്ള അവസരം കോലി നഷ്ടപ്പെടുത്തിയത് ഇന്ത്യക്ക് തിരിച്ചടിയായി. സ്ലിപ്പില്‍ കോലി ക്യാച്ച് നഷ്ടപ്പെടുത്തുകയായിരുന്നു. പിന്നാലെ ആദ്യ സെഷന്‍ അവസാനിക്കുന്നതിന് മുന്‍പ് മോമിനുള്‍ ഹഖ് സെഞ്ചറി പൂര്‍ത്തിയാക്കി. 176 പന്തില്‍ നിന്ന് 16 ഫോറും ഒരു സിക്സും സഹിതം 102 റണ്‍സോടെയാണ് മോമിനുല്‍ ഹഖ് ഒരുവശത്ത് ഉറച്ചു നില്‍ക്കുന്നത്. 

നാലാം ദിനം കളി തുടങ്ങിയപ്പോള്‍ ബുമ്രയാണ് ഇന്ത്യക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. മുഷ്ഫിഖര്‍ റഹിമീനെ പതിനൊന്ന് റണ്‍സ് എടുത്ത് നില്‍ക്കെ ബൂമ്ര പുറത്താക്കി. ബുമ്രയുടെ പന്ത് മുഷ്ഫിഖറിന്റെ ഓഫ് സ്റ്റംപ് ഇളക്കുകയായിരുന്നു. ആകാശ് ദീപിനേയും ബുമ്രയേയും തുടരെ ഇറക്കിയുള്ള രോഹിത്തിന്‍റെ തന്ത്രം വിജയിക്കുകയായിരുന്നു ഇവിടെ. 

ബംഗ്ലാദേശ് ഇന്നിങ്സ് 46ാം ഓവറിലേക്ക് എത്തിയപ്പോഴാണ് രവീന്ദ്ര ജഡേജയുടെ കൈകളിലേക്ക് രോഹിത് ശര്‍മ പന്ത് നല്‍കിയത്. എന്നാല്‍ നാലാം ദിവസം തന്‍റെ ആദ്യ ഓവറില്‍ തന്നെ മൊമിനുല്‍ ഹഖ് രവീന്ദ്ര ജഡേജയെ തുടരെ രണ്ട് വട്ടം ബൗണ്ടറി കടത്തി. മുഹമ്മദ് സിറാജാണ് ബംഗ്ലാദേശിന്‍റെ അഞ്ചാം വിക്കറ്റ് പിഴുതത്. സിറാജിന്‍റെ ഫുള്‍ ലെങ്ത് ഡെലിവറിയില്‍ ബൗണ്ടറി ലക്ഷ്യമിട്ടായിരുന്നു ലിറ്റന്‍ ദാസിന്‍റെ ഷോട്ട്. എന്നാല്‍ മിഡ് ഓഫില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന രോഹിത് ഒറ്റക്കയ്യില്‍ ക്യാച്ചെടുത്ത് ലിറ്റനെ മടക്കി. 

നാലാം ദിനം തന്‍റെ ആദ്യ ഓവറില്‍ തന്നെ അശ്വിന്‍ വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ ആധിപത്യം ശക്തിപ്പെടുത്തി. 9 റണ്‍സ് എടുത്ത് നില്‍ക്കെ ഷക്കീബ് അല്‍ ഹസന്‍ സിക്സ് പറത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ മിഡ് ഓഫില്‍ ഒറ്റക്കയ്യില്‍ തകര്‍പ്പന്‍ ക്യാച്ചെടുത്ത് മുഹമ്മദ് സിറാജ് ഷക്കീബ് അല്‍ ഹസനെ മടക്കി.

ENGLISH SUMMARY:

Bangladesh batsman Mominul Haq scored a century on the fourth day of the Kanpur Test. India managed to take three wickets of Bangladesh in the first session when play resumed on the fourth day after two days of rain interrupted play