വിരമിക്കലിനെ കുറിച്ചുള്ള വിവാദങ്ങളും തുടര്‍ ചര്‍ച്ചകളും പുരോഗമിക്കവേ, ക്രിക്കറ്റില്‍ തനിക്ക് പിന്‍ഗാമിയെ പ്രഖ്യാപിച്ച് ആര്‍. അശ്വിന്‍. ഗാബയിലെ സമനിലയ്ക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച അശ്വിന് ഹൃദയം തൊട്ടുള്ള ആശംസയാണ് വാഷിങ്ടണ്‍ സുന്ദര്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ടീമംഗത്തിനും അപ്പുറം അശ്വിന്‍ പ്രചോദനമായിരുന്നുവെന്നും ഡ്രസിങ് റൂമിലും ഫീല്‍ഡിലുമെല്ലാം ഒന്നിച്ച് സമയം പങ്കിടാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണെന്നും വാഷിങ്ടണ്‍ സുന്ദര്‍ കുറിച്ചു.

കുറിപ്പിങ്ങനെ.. 'ആഷ് അണ്ണാ.. ടീം മേറ്റിനുമപ്പുറം നിങ്ങളെനിക്ക് വലിയ പ്രചോദനവും, വഴികാട്ടിയും യഥാര്‍ഥ്യ ചാംപ്യനുമായിരുന്നു. കളിക്കളത്തിലും ഡ്രസിങ് റൂമിലും ഒന്നിച്ച് സമയം ചെലവഴിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. തമിഴ്നാട്ടില്‍ നിന്നും വരുന്നവരെന്ന നിലയില്‍ ഒപ്പം കളിക്കുന്നതും എതിരെ കളിക്കുന്നതുമെല്ലാം സ്വപ്നം കണ്ടായിരുന്നു എന്‍റെ വളര്‍ച്ച. ഒപ്പമുണ്ടായിരുന്ന ഓരോ നിമിഷവും സൗഭാഗ്യമായിരുന്നു. കളിക്കളത്തിനകത്തും പുറത്തും നിങ്ങളില്‍ നിന്ന് പഠിച്ച കാര്യങ്ങള്‍ എക്കാലവും എനിക്കൊപ്പമുണ്ടാകും. എല്ലാവിധ സന്തോഷങ്ങളും വിജയവും മുന്നോട്ടും ഉണ്ടാവട്ടെ' എന്നായിരുന്നു കുറിപ്പ്. ഇതിന് മറുപടിയായി വിജയ് ചിത്രം ഗോട്ടിലെ ഹിറ്റ് ഡയലോഗ്   'തുപ്പാക്കിയെ പുടിങ്ക വാഷീ, ആ രാത്രിയില്‍ നീ സംസാരിച്ച നിമിഷങ്ങളാണ് ഏറ്റവും മികച്ചത്' എന്ന് അശ്വിനെഴുതി. സിനിമയില്‍ വിജയ് , ശിവകാര്‍ത്തികേയനോട് പറയുന്ന ഡയലോഗാണിത്.

തനിക്ക് ശേഷം  ഇന്ത്യന്‍ ടീമില്‍ സ്പിന്നില്‍ തിളങ്ങാന്‍ ഏറ്റവും മികച്ചയാള്‍ വാഷിങ്ടണ‍് സുന്ദറാണെന്ന് അശ്വിനും അറിയാമെന്നും അതുകൊണ്ട് തന്നെ ഇത് ബാറ്റണ്‍ കൈമാറല്‍ നിമിഷമാണെന്നും ആരാധകരും കുറിച്ചു. സ്പിന്നില്‍ പ്രത്യേക പരിശീലനം നേടുന്ന വാഷിങ്ടണിനെയാണ് പെര്‍ത്തില്‍ അശ്വിന് പകരം ടീമില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാം ഇന്നിങ്സില്‍ രണ്ട് വിക്കറ്റും 29 റണ്‍സുമായിരുന്നു വാഷിങ്ടണ്‍ സുന്ദര്‍ നേടിയത്.

പെര്‍ത്തില്‍ വാഷിങ്ടണ്‍ സുന്ദറിനെ തിരഞ്ഞെടുത്തതില്‍ അശ്വിന്‍ അസ്വസ്ഥനായിരുന്നുവെന്നും ടീമിലിടമില്ലെങ്കില്‍ താന്‍ കളി മതിയാക്കുകയാണെന്ന നിലയില്‍ സംസാരിച്ചിരുന്നുവെന്നും രോഹിത് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.  ഏഴ് ടെസ്റ്റുകളില്‍ നിന്നായി 387 റണ‍്സും 24 വിക്കറ്റുമാണ് വാഷിങ്ടണ്‍ സുന്ദര്‍ ഇതുവരെ നേടിയിട്ടുള്ളത്. മെല്‍ബണിലും സിഡ്നിയിലും സുന്ദറും ജഡേജയും തന്നെയാകും അശ്വിന്‍റെ അസാന്നിധ്യത്തില്‍ ഇറങ്ങുകയെന്നും സൂചനയുണ്ട്. 

ENGLISH SUMMARY:

R. Ashwin chooses his successor and passes the baton on social media after his retirement. He wished fellow off-spin all-rounder Washington Sundar in a way that seemed like a passing of the baton moment in Indian cricket.