ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ക്യാപ്റ്റന്‍ കൂള്‍ ആണ് എം.എസ്. ധോണി. അത്യപൂര്‍വമായാണ് ധോണി നിലവിട്ട് പെരുമാറി ആരാധകര്‍ കണ്ടിട്ടുള്ളതും. എന്നാലിതാ ഐപിഎല്ലിനിടെ ദേഷ്യവും നിരാശയും താങ്ങാനാവാതെ ടിവി സ്ക്രീനില്‍ ഇടിച്ച ധോണിയെ കുറിച്ച് വെളിപ്പെടുത്തുകയാണ് ഹര്‍ഭജന്‍ സിങ്.
കഴിഞ്ഞ സീസണിലെ ഐപിഎല്‍ പ്ലേഓഫിനിടെയായിരുന്നു സംഭവം. ത്രില്ലര്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ തോല്‍പ്പിച്ചാണ് ആര്‍സിബി പ്ലേഓഫില്‍ കടന്നത്. റണ്‍റേറ്റ് കുറവായതിനാല്‍ പതിനെട്ടോ അതിലധികമോ റണ്‍സില്‍ ജയിച്ചാല്‍ മാത്രമേ ആര്‍സിബിക്ക് പ്ലേ ഓഫില്‍ കടക്കാനാകുമായിരുന്നുള്ളൂ. എതിരാളികളായ സിഎസ്കെ ആവട്ടെ അഞ്ച് തവണ ഐപിഎല്‍ ചാംപ്യന്‍മാരും. മല്‍സരത്തിന്‍റെ അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 17 റണ്‍സ്. ആര്‍സിബി ക്യാപ്റ്റനായ ഡുപ്ലസി പന്ത് യഷ് ദയാലിന് കൈമാറി. അവസാന ഓവറിലെ ആദ്യ പന്ത് ധോണി സിക്സര്‍ പറത്തി. പക്ഷേ അടുത്ത പന്തില്‍ ധോണിയെ പുറത്താക്കി ദയാല്‍ വിജയം ആര്‍സിബിക്കായി പിടിച്ചു വാങ്ങുകയായിരുന്നു.
ആര്‍സിബിയുടെ അന്നത്തെ വിജയാഘോഷം വന്‍ വിവാദമാവുകയും ചെയ്തു. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ വിജയാഘോഷത്തിന് ശേഷം ഹസ്തദാനം ചെയ്യാന്‍ പോലും ധോണി തയ്യാറായില്ല. തിരികെ ഡ്രസിങ് റൂമിലേക്ക് കയറുന്ന വഴി പുറത്ത് വച്ചിരുന്ന സ്ക്രീനില്‍ താരം നിയന്ത്രണം വിട്ട് ആഞ്ഞടിച്ചു. ഇക്കാര്യമാണ് ഹര്‍ഭജന്‍ വെളിപ്പെടുത്തുന്നത്. കമന്‍റേന്‍ററായി അന്ന് ഹര്‍ഭജന്‍ ഗ്രൗണ്ടിലുണ്ടായിരുന്നു. ധോണി നിയന്ത്രണം വിട്ട് പെരുമാറുന്നത് മുകളില്‍ നിന്ന് താന്‍ കണ്ടതാണെന്നും കളിക്കാര്‍ക്കും വികാരങ്ങളുണ്ടെന്നും ധോണിയുടെ അന്നത്തെ പെരുമാറ്റത്തില്‍ താന്‍ അസ്വാഭാവികത ഒന്നും കാണുന്നില്ലെന്നും താരം പറഞ്ഞു.
'കണ്‍മുന്നില്‍ കിരീടം കൈവിട്ടുപോകുന്ന കാഴ്ചയാണ് അന്ന് ധോണി കണ്ടത്. ചെന്നൈ വിജയിച്ചിരുന്നുവെങ്കില്‍ ഐപിഎല്‍ ട്രോഫിയോട് കൂടി ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചേനെ. ഇനിയെന്ത് വേണമെന്ന തീരുമാനം ധോണിയുടേത് മാത്രമാണ്'-എന്നായിരുന്നു ധോണി അടുത്ത സീസണിലും കളിച്ചേക്കുമെന്ന അഭ്യൂഹങ്ങളില്‍ ഹര്‍ഭജന്‍റെ പ്രതികരണം. ഒരുപക്ഷേ ധോണിയെ ഈ വര്‍ഷവും അടുത്തവര്‍ഷവും ക്രീസില്‍ കണ്ടേക്കാം. എന്ന് വിരമിക്കണമെന്ന് ധോണിയോട് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും ശാരീരികക്ഷമതയുണ്ടെങ്കില്‍ 10 വര്‍ഷം കൂടി ചെന്നൈയ്ക്ക് വേണ്ടി അദ്ദേഹം കളിക്കുന്നതില്‍ എന്താണ് കുഴപ്പമെന്നും ഹര്‍ഭജന്‍ ചോദിക്കുന്നു.