sanju-jitesh

ബംഗ്ലാദേശിന് എതിരായ ട്വന്‍റി 20 പരമ്പരയില്‍ പ്ലേയിങ് ഇലവനില്‍ ഇടം നേടാന്‍ മലയാളി താരം സഞ്ജു സാംസണിന് മത്സരിക്കേണ്ടത് ജിതേഷ് ശര്‍മയോട്. മൂന്ന് മല്‍സരങ്ങളുള്ള  ട്വന്‍റി 20  പരമ്പരയില്‍ സഞ്ജു സാംസണും ജിതേഷ് ശര്‍മയും വിക്കറ്റ് കീപ്പര്‍മാരായി ഉള്‍പ്പെട്ടതോടെ ഇവരില്‍ ആര് പ്ലേയിങ് ഇലവനിലേക്ക് എത്തും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

ദുലീപ് ട്രോഫിയില്‍ സെഞ്ചറി നേടിയാണ് സഞ്ജു ബംഗ്ലാദേശിനെതിരായ ട്വന്‍റി20 ടീമിലേക്ക് എത്തുന്നത്. 101 പന്തില്‍ നിന്ന് സഞ്ജു 106 റണ്‍സ് ആണ് കണ്ടെത്തിയത്. ഈ വര്‍ഷം ജൂലൈയില്‍ ശ്രീലങ്കക്കയ്ക്ക് എതിരെയാണ് സഞ്ജു സാംസണ്‍ ഇന്ത്യക്കായി കളിച്ചത്. ട്വന്‍റി20 ലോകകപ്പ് ടീമില്‍ സഞ്ജു ഉള്‍പ്പെട്ടെങ്കിലും ഒരു മത്സരം പോലും കളിക്കാനായിരുന്നില്ല. ട്വന്‍റി 20 ലോകകപ്പിന് മുന്‍പുള്ള സന്നാഹ മത്സരത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചെങ്കിലും നിരാശപ്പെടുത്തി. 

ജിതേഷ് ശര്‍മ 2023 ഏഷ്യന്‍ ഗെയിംസിലാണ് ഇന്ത്യക്കായി ട്വന്‍റി20യില്‍ അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം ഇന്ത്യക്കായി ഇതുവരെ കളിച്ചത് 9 ട്വന്‍റി 20 മല്‍സരങ്ങളില്‍. സഞ്ജുവിനെ പോലെ ജിതേഷ് ശര്‍മയും പ്ലേയിങ് ഇലവനില്‍ അവസരം കാത്ത് നില്‍ക്കുകയാണ്. ഇന്ത്യക്കായി ഒന്‍പത് ട്വന്‍റി 20യില്‍ നിന്ന് 100 റണ്‍സ് ആണ് ജിതേഷ് ശര്‍മ ഇതുവരെ സ്കോര്‍ ചെയ്തത്. ഐപിഎല്ലില്‍ നിന്ന് കണ്ടെത്തിയത് 730 റണ്‍സും. 

30 ട്വന്‍റി 20 മത്സരങ്ങളാണ് സഞ്ജു സാംസണ്‍ ഇന്ത്യക്കായി ഇതുവരെ കളിച്ചത്. നേടിയത് 444 റണ്‍സ്. ഐപിഎല്ലില്‍  4419 റണ്‍സ് ആണ് സഞ്ജുവിന്റെ സമ്പാദ്യം. ബംഗ്ലാദേശിന് എതിരായ ട്വന്റി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന് വിശ്രമം അനുവദിച്ചിരിക്കുന്ന സാഹചര്യത്തില്‍ പ്ലേയിങ് ഇലവനിലേക്ക് സഞ്ജുവിനാകുമോ ജിതേഷിനാകുമോ വിളിയെത്തുക എന്നതറിയണം.

ENGLISH SUMMARY:

Sanju Samson has to compete with Jitesh Sharma to get a place in the playing eleven for the Twenty20 series against Bangladesh. With the inclusion of Sanju Samson and Jitesh Sharma as wicketkeepers in the three Twenty20 series, the fans are anxious to see who among them will make it to the playing eleven