വനിതാ ട്വന്റി20 ലോകകപ്പില്‍ ആഗ്രഹിച്ച തുടക്കമല്ല ഇന്ത്യക്ക് ലഭിച്ചത്. ഗ്രൂപ്പ് എയിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിന് മുന്‍പില്‍ ഇന്ത്യന്‍ താരങ്ങള്‍ ബാറ്റിങ് മറന്ന് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയപ്പോള്‍ വഴങ്ങേണ്ടി വന്നത് 58 റണ്‍സ് തോല്‍വി. 102 റണ്‍സിന് ഇന്ത്യ ഓള്‍ ഔട്ടായ മത്സരത്തില്‍ ഒരു റണ്‍ഔട്ടും ഇപ്പോള്‍ വിവാദമാകുന്നു. ന്യൂസിലന്‍ഡ് താരം അമേലിയ കേറിന്‍റെ റണ്‍ഔട്ട് ആണ് ചര്‍ച്ചയാവുന്നത്.
ന്യൂസിലന്‍ഡ് ഇന്നിങ്സിന്റെ 14ാം ഓവറിലാണ് വിവാദ റണ്‍ഔട്ട് വരുന്നത്. റണ്‍ഔട്ട് ആണെന്ന് കരുതി അമേലിയ ഗ്രൗണ്ട് വിട്ട് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങാന്‍ തുടങ്ങി എങ്കിലും ഡെഡ് ബോള്‍ വിധിച്ച് അംപയര്‍ താരത്തെ ക്രീസിലേക്ക് തിരികെ വിളിക്കുകയായിരുന്നു. അംപയറുടെ ഈ തീരുമാനത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ചോദ്യം ചെയ്തു. ഇന്ത്യന്‍ ടീം പരിശീലകന്‍ അമോല്‍ മസുംദാറും പ്രതിഷേധവുമായെത്തി.
ഓസ്ട്രേലിയന്‍ ഇന്നിങ്സിന്‍റെ 14ാം ഓവറിലെ അവസാന പന്തില്‍ സിംഗിള്‍ വഴങ്ങി ഓവര്‍ പൂര്‍ത്തിയാക്കി അംപയറുടെ കയ്യില്‍ നിന്ന് തന്‍റെ തൊപ്പിയും വാങ്ങി മടങ്ങാനൊരുങ്ങുകയായിരുന്നു ബോളര്‍ ദീപ്തി ശര്‍മ. എന്നാല്‍ ഈ സമയം ന്യൂസിലന്‍ഡ് ബാറ്റേഴ്സ് രണ്ടാം റണ്ണിനായി ഓടി. അടുത്ത ഓവര്‍ ആരെ എല്‍പ്പിക്കും എന്ന് ആലോചിച്ചിരുന്ന ഹര്‍മന്‍പ്രീത് കൗര്‍ അപകടം തിരിച്ചറിഞ്ഞ് പന്ത് വിക്കറ്റ് കീപ്പറിന് എറിഞ്ഞു നല്‍കി. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷ് മിന്നല്‍ വേഗത്തില്‍ സ്റ്റംപ് ഇളക്കുമ്പോള്‍ അമേലിയ കേര്‍ ക്രീസിന് പുറത്തായിരുന്നു. ഇതോടെ റണ്‍ഔട്ട് ആയെന്ന് കരുതി കീവിസ് താരം ഗ്രൗണ്ട് വിടാനൊരുങ്ങി. എന്നാല്‍ അംപയര്‍ ഡെഡ് ബോള്‍ വിധിച്ചു. ഇതിനെതിരെ ഇന്ത്യന്‍ താരങ്ങള്‍ തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല.