വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 211 റണ്‍സിന്‍റെ കൂറ്റന്‍ ജയം. 29 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ രേണുക താക്കൂറും ട്വന്‍റി20യിലെ തകര്‍പ്പന്‍ ഫോം ഏകദിനത്തിലും തുടര്‍ന്ന സ്മൃതി മന്ഥന(102 പന്തില്‍ 91)യുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. രേണുകയുടെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. കൊടാംബി സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര മല്‍സരമായിരുന്നു ഇത്. വനിതകളുടെ ട്വന്‍റി20 പരമ്പരയില്‍ വിന്‍ഡീസിനെ 2–1ന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് മൂന്ന് മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ആദ്യ വിജയം നേടിയത്. സ്കോര്‍ ഇന്ത്യ: 50 ഓവറില്‍ 314/9, വിന്‍ഡീസ് 26.2 ഓവറില്‍ 103. നാട്ടില്‍ ഇന്ത്യയുടെ രണ്ടാമത്തെ ഉയര്‍ന്ന ഏകദിന ടോട്ടലാണിത്.
പെര്‍ത്തിലെ ഫോം നാട്ടിലും സ്മൃതി ആവര്‍ത്തിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ അനായാസം മുന്നേറി. കന്നി മല്‍സരത്തിനിറങ്ങിയ പ്രതിക റാവലുമായി ചേര്‍ന്ന് മികച്ച തുടക്കമാണ് സ്മൃതി ടീമിന് നല്‍കിയത്. കോടംബിയുടെ സ്വഭാവം മനസിലാക്കുന്നതിനായി ഓപ്പണര്‍മാര്‍ ശ്രദ്ധിച്ചതോടെ ഇന്ത്യന്‍ സ്കോര്‍ തുടക്കത്തില്‍ മെല്ലെയായി. 33 പന്തുകള്‍ നേരിട്ട ശേഷമാണ് പന്ത് ബൗണ്ടറി കടത്താന്‍ പ്രതികയ്ക്കായത്. മറുവശത്ത് സ്മൃതി തകര്‍ത്തടിക്കാന്‍ തുടങ്ങിയതോടെ പ്രതികയും ചുവടുറപ്പിച്ചു. തുടര്‍ച്ചയായ മല്‍സരങ്ങളില്‍ അര്‍ധസെഞ്ചറിയെന്ന റെക്കോര്‍ഡ് സ്മൃതി സ്വന്തം പേരിലാക്കി. ഷാര്‍പ് റിട്ടേണ്‍ ക്യാച്ചിലൂടെ വിന്‍ഡീസ് ക്യാപ്റ്റന്‍ ഹെയ്ലി, പ്രതികയെ മടക്കിയപ്പോഴും സ്മൃതി ഉറച്ച് നിന്നു. ഹര്‍ലീനൊപ്പം 50 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്തശേഷം സെഞ്ചറിക്ക് 9 റണ്‍സകലെയാണ് വിക്കറ്റ് വീണത്.
അവസാന 10 ഓവറിലാണ് ഇന്ത്യയുടെ ഏഴ് വിക്കറ്റും വീണത്. 50 പന്തില്‍ നിന്ന് 44 റണ്‍സെടുത്ത് ഹര്‍ലീനും 23 പന്തില്‍ നിന്നും 34 റണ്‍സെടുത്ത് ഹര്‍മനും സ്കോര്‍ ഉയര്‍ത്തി. മുട്ടിന് പരുക്കേറ്റതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ട്വന്‍റി20 മല്‍സരങ്ങള്‍ ഹര്‍മന് നഷ്ടമായിരുന്നു. പിന്നാലെയെത്തിയ ജെമീമ 19 പന്തില്‍ നിന്നും 31 റണ്‍സും റിച്ച 13 പന്തില്‍ നിന്ന് 26 റണ്‍സും അടിച്ച് കൂട്ടിയതോടെ ഇന്ത്യ മികച്ച സ്കോറിലെത്തുകയായിരുന്നു.
ഓപ്പണര്‍ ക്വിയാന ആദ്യ പന്തില്‍ തന്നെ റണ്‍ഔട്ട്. സിംഗിളെടുക്കാന്‍ പന്ത് ഹെയ്ലി അടിച്ചകറ്റിയതോടെ ജെമിമ ദ്രുതഗതിയില്‍ പന്ത് വിക്കറ്റ് കീപ്പര്‍ റിച്ചയുടെ കൈകളിലെത്തിച്ചു. ഹെയ്ലിയെ പൂജ്യത്തിന് പുറത്താക്കിയ രേണുക, ഡീനേന്ദ്ര ഡോട്ടിനെ 8 റണ്‍സിനും ആലിയയെ 13 റണ്‍സിന്നും ഷാബ്ദികയെ 3 റണ്‍സിനും മടക്കി. ഇതോടെ 13 ഓവറില്‍ 34/6 ലേക്ക് വിന്‍ഡീസ് തകര്‍ന്നു.