ട്വന്റി20 ലോകകപ്പ് ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യയുടെ കൈകളില്‍ നിന്ന് കളി നഷ്ടപ്പെടും എന്ന ഘട്ടത്തില്‍ നിര്‍ണായകമായ നീക്കം നടത്തിയത് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് എന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 30 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഋഷഭ് പന്തിന്റെ ബുദ്ധിയാണ് ബാറ്റ്സ്മാന്മാരുടെ താളം തെറ്റിച്ച് കളിയുടെ ഗതി തിരിച്ചതെന്ന് രോഹിത് ശര്‍മ പറയുന്നു.
'അവരുടെ വിക്കറ്റുകള്‍ അധികം നഷ്ടപ്പെട്ടിരുന്നില്ല. രണ്ട് ബാറ്റേഴ്സും താളം കണ്ടെത്തി ക്രീസില്‍ നിലയുറപ്പിച്ച് കഴിഞ്ഞിരുന്നു. ഈ സമയം ഞങ്ങള്‍ ആശങ്കയിലായിരുന്നു. ക്ലാസനും മില്ലറും ബാറ്റ് ചെയ്യുന്ന സമയം എങ്ങനേയും ഒരു വിക്കറ്റ് വീഴ്ത്തണം എന്ന ചിന്തയായിരുന്നു. എന്നാല്‍ ഈ ഒരു കാര്യം ആര്‍ക്കും അറിയില്ല. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 30 പന്തില്‍ 30 റണ്‍സ് വേണമെന്ന സാഹചര്യത്തില്‍ ഋഷഭ് പന്ത് ബുദ്ധി ഉപയോഗിക്കുകയായിരുന്നു. ഫിസിയോയെ ഗ്രൗണ്ടിലേക്ക് വരുത്തിച്ച് പന്ത് സമയം കളഞ്ഞു. ബാറ്റേഴ്സ് ആ സമയം എത്രയും പെട്ടെന്ന് ഡെലിവറി നേരിടണം എന്ന ചിന്തയിലാണ്. എന്നാല്‍ ഞങ്ങള്‍ക്ക് അവരുടെ താളം തെറ്റിക്കണമായിരുന്നു, രോഹിത് പറയുന്നു.
ഞാന്‍ ബോളറോട് സംസാരിച്ച് ഫീല്‍ഡ് സെറ്റ് ചെയ്യുന്ന സമയം പന്ത് അവിടെ വീഴുന്നത് കണ്ടു. ഫിസിയോ ഋഷഭ് പന്തിന്റെ അടുത്തേക്ക് വന്നു. ക്ലാസന്‍ എത്രയും പെട്ടെന്ന് കളി പുനരാരംഭിക്കാന്‍ വേണ്ടി കാത്ത് നില്‍ക്കുകയായിരുന്നു. എന്നാല്‍ പന്ത് കളി വൈകിപ്പിച്ച് കളിയുടെ ഗതി തിരിച്ചു. നമ്മള്‍ ജയിച്ചതിന് പന്തിന്റെ ഈ നീക്കവും കാരണമായിട്ടുണ്ട്, ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ട്വന്റി20 ലോകകപ്പില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യന്‍ ടീം ജയം പിടിച്ച് കിരീടം ചൂടിയത്. ക്ലാസനും ഡികോക്കും ചെയ്സ് ചെയ്തിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഹര്‍ദിക്–ബുമ്ര സഖ്യം അവരെ 169 റണ്‍സില്‍ ഒതുക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പവര്‍പ്ലേയില്‍ 34-3 എന്ന സ്കോറിലേക്ക് വീണെങ്കിലും 59 പന്തില്‍ 76 റണ്‍സ് എടുത്ത് കോലിയും 47 റണ്‍സുമായി അക്ഷര്‍ പട്ടേലും ഇന്ത്യയെ മുന്‍പോട്ട് കൊണ്ടുപോവുകയായിരുന്നു.